മണ്ണാങ്കട്ടയും കരിയിലയും – 2 2

 

“പണ്ടത്തെ പോലെ തന്നെയാല്ലേ ഇപ്പഴും”?

 

“എന്ത്”?

 

“ഡ്രസ്സ്”

 

“ഓ… ഈ അമ്മ…. മനുഷ്യനെ നാണം കൊടുത്താനായിട്ട് അമ്മങ്ങനെ ഓരോന്ന് പറയും”

 

“അവിടെ ഏതാ പുതിയ കട? ഞാൻ കണ്ടില്ലല്ലോ”

 

“അതാ ചിറേൻ്റെ അങ്ങട്ട് പോണ റോട്ടിലാ. ഒരു ബൊട്ടീക്. ബീനാച്ചീലുള്ള ഒരു താത്തയാ ഓണറ്. ഗൾഫ്ന്ന് പോന്നപ്പോ ഭർത്താവ് ഇട്ട് കൊടുത്തതാ”

 

“ഓണറെ കുടുംബചരിത്രൊക്കെ അറിയണെങ്കില് അത്രേം കൂട്ടാവണല്ലോ? എപ്പഴും ആ ബൊട്ടീക്ക് തന്നെ ആവൂല്ലേ? അപ്പോ ടീച്ചറെ കുറ്റം പറയാൻ പറ്റൂല”

 

“കോളേജല്ലേ? കളർഡ്രെസ്സ് വേണ്ടേ? അമ്മക്ക് പറഞ്ഞാ മനസ്സിലാവൂല. എണ്ണൂറ് രൂപക്കൊക്കെ നല്ല ടോപ്പ് കിട്ടും. ഈ ടോപ്പ് അവിടന്ന് വാങ്ങിയതാ”

 

ഞാനാ ടോപ്പ് ശ്രദ്ധിച്ചു. ബാംഗ്ലൂരിൻ്റെ ഫാസ്റ്റ് ഫാഷൻ. ബാംഗ്ലൂരിൽ നിന്നാണ് അവർ സ്റ്റോക്കെടുക്കുന്നത് എന്ന് ആ ടോപ്പും അതിൻ്റെ സ്റ്റൈലും കണ്ടാലറിയാം. ബ്രിഗേറ്റ് റോഡിലും മാളുകളിലും അതുപോലെയുള്ള ടോപ്പുകളണിഞ്ഞ ശരീരങ്ങളൊരുപാട് ഞാൻ കണ്ടിട്ടുണ്ട്.

 

“നല്ല ടോപ്പല്ലേ കണ്ണാ”?

 

“ഞാനെന്താ പറയാ? നിനക്കങ്ങനത്തെ കുഴഞ്ഞ പഴഞ്ചൻ ടോപ്പൊന്നും ചേരില്ല. ടോപ്പല്ല ഈ ഡ്രെസ്സ് തന്നെ. നീ എൻ്റെ കൂടെ ഒരു ദിവസം ബാംഗ്ലൂരിലേക്ക് വാ. അവിടെ ഇങ്ങനെത്തെ ഡ്രസ്സ് ഇട്ട് നടക്കുന്ന ഒരുപാടെണ്ണമുണ്ട്. നിൻ്റെ ഈ ഇൻ്റലക്ച്വൽ പേർസണാലിറ്റിക്കും കണ്ടംപ്ലേറ്റീവ് ക്യാരക്ടറിനും ഒന്നും പറ്റിയ ഡ്രസ്സല്ല ഇത്. ഇത് നല്ല കാഷ്വൽ ഡ്രസ്സാ. ഇവിടെ കംപയറ് ചെയ്യാൻ ആരും ഇല്ലാത്തോണ്ടാ. ബാംഗ്ലൂരിലാവുമ്പോ നിനക്കത് മനസ്സിലാവും. യു നീഡ് സംതിങ് മോർ എലഗൻ്റ്. നല്ല ഭംഗിയുള്ള ചുരിദാറ്. ജീൻസും കുർത്തിയും. അല്ലെങ്കിൽ ജീൻസ് ജാക്കറ്റ്. അങ്ങനെ എന്തെങ്കിലും ഒക്കെ…. അതും പോരാഞ്ഞിട്ട് ചേരാത്ത ഒരു മാലേം. നിനക്ക് പണ്ടും ഡ്രസ്സ് സെൻസ് തീരെയില്ല. നിങ്ങൾക്ക് ആർക്കും ഇല്ല. പൊതുവേ ടീച്ചേർസൊക്കെ അങ്ങനെത്തന്നെയാ. ശമ്പളൊക്കെ ഇഷ്ടം പോലെണ്ട്. എന്നാലോ ഡ്രസ്സും അപ്പിയറൻസും ഒക്കെ ഏതോ കാലത്തേം. എന്നോ എടുത്ത് പോയ ഫാഷനാണ് അതൊക്കെ”

 

“ഈ മാല നിനക്ക് ഓർമ്മല്ലേ”?

 

ഞാൻ കഴുത്തിലെ മാലനോക്കി. കാർത്തിക മാല നീട്ടി പിടിച്ചു. മനസ്സ് പിടഞ്ഞു. അതവളുടെ കഴുത്തിൽ ഇപ്പോഴും ഉണ്ടാവുമെന്ന് ഞാൻ ചിന്തിച്ചതേയില്ല. ഞാൻ പഴയ ഒമ്പതാം ക്ലാസിലെത്തി.

 

കണ്ണാ നിനക്ക് ഇപ്പോള്ള ഈ ഇഷ്ടം എന്നും എന്നോടുണ്ടാവോ? ഓണാഘോഷം കഴിഞ്ഞ് ഉച്ചക്ക് മൈതാനത്തിൻ്റെ അങ്ങേയറ്റത്തെ ഉങ്ങു മരത്തിൻ്റെ തണലിൽ പായസവും കുടിച്ചിരിക്കുമ്പോഴായിരുന്നു കാർത്തികയുടെ ആ ചോദ്യം. ഉണ്ടാവും എന്നായിരുന്നു എൻ്റെ മറുപടി. ഉടനെ അവളുടെ അടുത്ത ചോദ്യമെത്തി. അപ്പോ നീയെന്നെ കല്യാണം കഴിക്കില്ലേ? മറുപടിക്കായി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കഴിക്കും എന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു. കുറച്ച് കഴിഞ്ഞ് അച്ഛൻ്റെ കൂടെ വീട്ടിലേക്ക് മടങ്ങിയപ്പോഴും കാർത്തികയുടെ മുഖം തെളിഞ്ഞിരുന്നില്ല. അവളങ്ങനെ പെട്ടെന്ന് ചോദിക്കാൻ കാരണമെന്താണ് എന്ന് മനസ്സിലായില്ല. ഒരു പക്ഷേ അലീനയായിരിക്കും. അത്തപ്പൂക്കളം ഞാനായിരുന്നു വരച്ചത്. പൂക്കളമിടാൻ അലീനക്കായിരുന്നു ഉത്സാഹം. അപ്പോൾ ഒട്ടൊന്ന് അടുത്തിടപഴകിയിരിക്കാം. ഖിന്നയായ കാർത്തികയുടെ ആ സങ്കടം തുളുമ്പുന്ന മുഖം. അന്ന് അതെന്നെ തീരാത്ത ദുഃഖത്തിലാഴ്ത്തി.

 

“അലീന അമേരിക്കേലാ. പപ്പക്ക് ന്യൂയോർക്കിലേക്ക് ട്രാൻസ്ഫറായി. കമ്പനീടെ വൈസ് പ്രസിഡൻ്റോ എന്തോ ആയിട്ട്. അപ്പോ കുടുമ്പടക്കി അമേരിക്കേക്ക് പോയി”

 

“എന്താ”?

 

“അലീന. നീ അവളെയല്ലേ ഓർത്തത്”?

 

“അല്ല. ഞാൻ നിന്നെ താലി കെട്ടിയത് ഓർത്തതാ”

 

കാർത്തിക അൽപ്പനേരം വിദൂരതയിൽ മിഴികളൂന്നി നിശബ്ദയായിരുന്നു. അവളുടെ മനസ്സിനെ മഥിക്കുന്ന ചിന്തകൾ കവിളിൽ പരന്ന കൺമഷിയിൽ പ്രതിഫലിച്ചു. ഗ്ലോവ് ബോക്സിൽ നിന്ന് ബ്ലോട്ടിങ് പേപ്പെറെടുത്ത് ഞാനവളുടെ നിറഞ്ഞ കണ്ണുകളൊപ്പി.

Leave a Reply

Your email address will not be published. Required fields are marked *