രണ്ട് ട്രാവലറുകളിലായി കലോത്സവം നടക്കുന്ന സ്കൂളിലേക്കുള്ള യാത്ര ആഘോഷങ്ങളുടെ ആരംഭമായിരുന്നു.
“കണ്ണാ… ടാ… എന്താ ആലോചിക്ക്ണെ”?
ഓർമ്മകളിൽ ജീവിതത്തിലെ ഒരു മഹാദശക്ക് വിരാമമായി. അമ്മ എൻ്റെ ഹൃദയത്തിനുള്ളിൽ സ്വർഗ്ഗത്തോളം വളർന്നു. കാർത്തികയും. ആരാണിവൾ? രേണുവിനെ എനിക്കറിയാം. ജുമൈലത്തിൻ്റെ വിധിയും അറിയാം. ഇവളെ മാത്രം മനസ്സിലാവുന്നില്ല. എല്ലാം എനിക്കറിയാം. എന്നിട്ടും ഒന്നും എനിക്കറിയില്ല. പുരാവൃത്തങ്ങൾ മാറാല കെട്ടിയ ഇരുണ്ട മഷി പരപ്പിൽ തെളിമയോടെ ചന്ദന നിറമുള്ള പട്ടുപാവാടയണിഞ്ഞ് മഞ്ഞ് മൂടിയ നീല ശൈലങ്ങൾക്ക് മുകളിലൂടെ ഒഴുകി നീങ്ങുന്ന മേഘക്കെട്ടിലിരുന്ന് കാർത്തിക അഷ്ടപദി ചൊല്ലി.
“നത്തിങ്. ഞാൻ വെറുതെ ഇങ്ങനെ….. ഇറ്റ്സ് നൊസ്റ്റാൾജിക് മെലങ്കോളിയ. ലോങ്ങിങ് ഫോർ സംതിങ് അൺനോൺ. സംതിങ് ദാറ്റ് നെവർ എക്സിസ്റ്റെഡ്. സിംപ്ലി നൊസ്റ്റാൾജിക് ഫോർ ദ ടൈംസ് ഐ ലിവ്ഡ് ആൻഡ് ഐ നെവർ ഹാഡ്”
“കോണൈസ്ക്രീം കണ്ടതോണ്ടാ? അതോ താലിമാല കണ്ടിട്ടോ”?
“രണ്ടും”
“കലോത്സവം എന്ത് രസേന്നൂല്ലേ? രാവിലെത്തെ ഉപന്യാസ രചന കഴിഞ്ഞാല് ഫ്രീയായി നടക്കാം. ഐസ് ക്രീം കോരി കഴിച്ച് …. ഉപ്പുമാങ്ങേം കടിച്ച്.. അതിനൊരു പ്രത്യേക ടേസ്റ്റേന്നൂല്ലേ കണ്ണാ”?
“ശരിയാ. ചിലപ്പോ അന്നത്തെ സമയത്തിൻ്റെ പ്രത്യേകതോണ്ടാവും. സത്യം പറഞ്ഞാല് വയനാട്ടിലെ ഉപ്പിലിട്ടതിനാ ടേസ്റ്റ്. കോഴിക്കോട് പോയപ്പഴാ അങ്ങനെ ചിലതൊക്കെ മനസ്സിലായത്”
അന്നായിരുന്നു ആദ്യത്തെ കണ്ടുമുട്ടൽ. കാർത്തികയെ ഞാനാദ്യമായി കാണുന്നത് … കാർത്തിക എന്നെ കണ്ടത് …. അഞ്ചാം ക്ലാസിലെ ആദ്യ കലോത്സവം. ആളും ആരവങ്ങളുമെല്ലാം ഒഴിഞ്ഞ വൈകുന്നേരം. സമയം അഞ്ചര കഴിഞ്ഞു. അവസാനത്തെ ഐറ്റങ്ങൾക്കുള്ള കുട്ടികളും വളരെ കുറച്ച് അദ്ധ്യാപകരും അങ്ങിങ്ങായി നടക്കുന്നുണ്ട്. ഞാൻ അറബിക് പദ്യം ചൊല്ലൽ വേദിയിൽ ആയിരുന്നു. മത്സരം അപ്പോളാണ് തുടങ്ങുന്നത്. ഒരു കുട്ടി പദ്യം ചൊല്ലി ഇറങ്ങി. ഇരുപത്തി മൂന്ന് കുട്ടികൾ കൂടിയുണ്ട്. സംസ്കൃതവും അറബിയും ഉറുദുവും മലയാളവുമായി ഞങ്ങൾ അഞ്ചാറ് കുട്ടികളും ഉറുദുവിൻ്റെ ശിഹാബുദ്ധീൻ മാഷും ഒഴികെ രാവിലെ വന്നവരെല്ലാം മടങ്ങി പോയിരുന്നു. സമസ്യാ പൂരണത്തിന് സമയമായപ്പോൾ മാഷിനോട് പറഞ്ഞ് ഞാൻ സമസ്യാപൂരണം നടക്കുന്ന ഹാളിലേക്ക് നടന്നു. കവിതാ രചന കഴിഞ്ഞിട്ടില്ല. അവിടെ തന്നെ കാത്തു നിന്നു. ആ നീണ്ട ഇടനാഴിയിൽ അസ്തമയ സൂര്യൻ്റെ ഇളം വെയിലിൽ ഒരു പെൺകുട്ടി നടന്നെൻ്റെ അരികിൽ വന്നു. എന്താ പേര് എന്നായിരുന്നു അവളുടെ ചോദ്യം. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു. അന്നാണ് ഞാനവളെ ആദ്യമായി കാണുന്നത്. രാവിലെ ഉപന്യാസ രചനക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു. മത്സരം കഴിഞ്ഞ് മടങ്ങിയപ്പോൾ ഏഴരയായി. മാഷിൻ്റെ ഒപ്പം ബസ്സിൽ കയറിയപ്പോൾ അതേ ബസ്സിൽ അവളും ഉണ്ടായിരുന്നു. അവർ വെറും മൂന്ന് കുട്ടികൾ മാത്രം. അവരുടെ ഒപ്പം ഉണ്ടായിരുന്നതും ഒരു മാഷായിരുന്നു. ആ മാഷും ശിഹാബുദ്ധീൻ മാഷും ഒരുമിച്ചിരുന്ന് വഴി നീളെ സംഘാടകരുടെ പിടിപ്പു കേടിനെ കുറിച്ച് സംസാരിച്ചിരുന്നു.
“കണ്ണാ… ഞാൻ പറഞ്ഞത് കേട്ടോ? ആ മാല കണ്ടപ്പോ തൊട്ട് തുടങ്ങീതാണല്ലോ. എന്തേ”?
“മാല കണ്ടിട്ടിപ്പോ എന്താ? നീ പറയാതെ തന്നെ എനിക്കറിയാലോ. ഞാനേ… നമ്മളാദ്യം കണ്ടില്ലേ.. ആ യു പി സ്കൂളില് വെച്ച്… അതിങ്ങനെ ആലോചിച്ചതാ. അന്നത്തെ ആ ബസ്സ് യാത്ര കുറേ ദൂരം കൂടെണ്ടേന്നേങ്കിലൂന്നാ അപ്പോ തോന്നിയത്. ഒന്നും മിണ്ടിയില്ലെങ്കിലും എൻ്റെ തൊട്ടടുത്ത് ആ കമ്പിയില് ചാരി നിക്കണത് കണ്ടപ്പോ അങ്ങനെ തോന്നി അന്ന്”
“അന്ന് കണ്ടു. പിന്നെ അടുത്ത കലോത്സവത്തിന്. അതിൻ്റെ അടുത്ത കലോത്സവത്തിന്. ഹൈസ്കൂളില് ഒരേ ക്ലാസിലായി….”
“…. നമ്മളൊന്നായി. പിന്നെ പറയാനാണെങ്കില് നീ എനിക്ക് വേണ്ടി കവിതാ രചനയിലേക്കും മാറി. അതോണ്ടാ കലോത്സവം ഡേയ്സ് അത്രേം സ്പെഷലാവണത്. നമ്മളാദ്യം കണ്ടതും പ്രേമിച്ചതും ഒക്കെ കലോത്സവത്തിൻ്റെടേലാ”
