കാർത്തിക ആദ്യ ദിവസത്തെ രചനാ മത്സരങ്ങൾക്കും രണ്ടാം ദിവസത്തെ അക്ഷരശ്ലോകത്തിനുമായിരുന്നു മത്സരിച്ചിരുന്നത്. ഞാൻ രചനാ മത്സരങ്ങൾക്കും നാടകത്തിനും പ്രസംഗത്തിനും. അവളാദ്യത്തെ രണ്ട് ദിവസം ഉണ്ടാവും. ഞാൻ മൂന്നാം ദിവസം പോവാറില്ല.
ഹൈസ്കൂളിലെത്തിയതോടെ ഉപന്യാസ രചനയും സമസ്യാ പൂരണവും ഞാൻ കുത്തകയാക്കി. കാർത്തിക കവിതാ രചനയിലേക്ക് മാറി. പ്രസംഗം ഞാൻ നിർത്തി. അക്ഷരശ്ലോകവും പ്രശ്നോത്തരിയും ഞങ്ങൾ ഒരുമിച്ചായി. ഓരോ സ്കൂളിൽ നിന്നും രണ്ട് കുട്ടികളുള്ള ടീമുകളായാണ് മത്സരം. ആകെ ചോദിക്കുന്ന ഇരുപത്തിയഞ്ച് ചോദ്യങ്ങളും ശരിയാക്കി പതിമൂന്നെണ്ണത്തിന് ഒക്കെ ശരിയുത്തരമെഴുതി സെക്കൻ്റ് അടിക്കുന്നവരെയൊക്കെ ബഹുദൂരം പിന്നിലാക്കി പ്രശ്നോത്തരിയൊക്കെ ഞങ്ങൾ വർഷാവർഷവും തൂത്തുവാരിയിട്ടുണ്ട്. അക്ഷര ശ്ലോകത്തിന് മൂന്നു കൊല്ലം അടുപ്പിച്ച് സംസ്ഥാന തലത്തിൽ എ ഗ്രേഡ് വിത്ത് ഫസ്റ്റ് ഞങ്ങൾക്കായിരുന്നു. ജില്ലാ തലത്തിൽ അവസാനിക്കുന്ന യു പി കാലത്ത് നടക്കാതെ പോയത് ഹൈസ്കൂൾ കാലഘട്ടത്തിൽ ഞങ്ങൾ ആഘോഷമാക്കി.
“അതിപ്പോ തേഡ് ഡേ എൻ്റെ കൂടെ വരാൻ സംഘ ഗാനം പഠിച്ചില്ലേ? ഫസ്റ്റ് ഡേയിലെ രചനാ മത്സരോം ലാസ്റ്റ് ഡേയിലെ നാടകോം ഒന്നും അല്ല സെക്കൻ്റ് ഡേയിലെ അക്ഷരശ്ലോകോം പ്രശ്നോത്തരീം. അതേന്നു നമ്മളെ ബെസ്റ്റെസ്റ്റ്”
രചനാ മത്സരങ്ങൾക്കും പ്രസംഗത്തിനും അവസാന ദിവസത്തെ നാടകത്തിനും പോയി കൊണ്ടിരുന്ന ഞാൻ എട്ടിലെത്തിയപ്പോൾ അവൾക്ക് വേണ്ടിയാണ് സംഘ ഗാനം പഠിച്ചത്.
രാവിലെ മുപ്പതോ നാൽപ്പതോ കുട്ടികളുള്ള സംഘമായാണ് കലോത്സവ വേദിയിലേക്കുള്ള യാത്ര. ആ തിരക്കും ബഹളവും ഒച്ചപ്പാടുകളും…. അത് മറ്റൊരു അനുഭവമാണ്. മൂന്നര ആവുമ്പോഴേക്കും പ്രധാന ഇനങ്ങളെല്ലാം കഴിഞ്ഞിട്ടുണ്ടാവും. അവസാനത്തെ ഒന്നോ രണ്ടോ ഐറ്റങ്ങൾക്കുള്ള അഞ്ചോ ആറോ കുട്ടികളും ഒന്നോ രണ്ടോ ടീച്ചേർസും ഒഴികെ മറ്റുള്ളവരെല്ലാം നാല് മണിക്ക് മുൻപ് മടങ്ങും. പിന്നെ ഏഴെട്ട് മണി വരെ എനിക്കും കാർത്തികക്കും അത് മറ്റൊരു ലോകമാവും. തിരക്കൊഴിഞ്ഞ് കൂട്ടുകാരൊന്നും ഇല്ലാതെ ഞങ്ങളുടേത് മാത്രമായ പ്രശാന്തതയുടെ മണിക്കൂറുകൾ. മൂന്നാം ദിനം രാത്രി വരെ അവളോടൊപ്പം ഉണ്ടാവാൻ പതിനൊന്ന് മണിക്ക് മുൻപ് കഴിയുന്ന സംഘഗാനം പോരാ എന്ന് തോന്നിയപ്പോൾ ഒമ്പതിലും പത്തിലും വെച്ച് വൈകുന്നേരം ആരംഭിക്കുന്ന പെൻസിൽ ഡ്രോയിംഗിനും ഓയിൽ പെയിൻ്റിങ്ങിനും കൂടി ഞാൻ മത്സരിച്ചു.
“പക്ഷേ എനിക്കേ പ്രശ്നോത്തരി കഴിഞ്ഞുള്ള നിൻ്റെ അഷ്ടപദിണ്ടല്ലോ. അതേന്നു ഏറ്റവും ഇഷ്ടം”
ഉടുക്ക് കൊട്ടി മനോഹരമായി അവൾ അഷ്ടപദി ചൊല്ലുമ്പോൾ ഞാൻ വേദിയുടെ മുന്നിൽ തന്നെയുണ്ടാവും. തൊട്ട് മുൻപ് കഴിച്ച ഐസ്ക്രീമിൻ്റെ മധുരം ഗീതത്തിനുമുണ്ടാവും. ഒരു പുഞ്ചിരിയോടെയല്ലാതെ അതൊന്നും ഓർമ്മിക്കാനാവില്ല.
“എന്താ”?
“എന്ത്”?
“ചിരിക്കണത് ”
“ഓ… അതോ … അഷ്ടപദി തുടങ്ങുന്നേന് മുന്നേ നിനക്ക് ഐസ്ക്രീം വേണം. സാധാരണ പാടുന്നോര് പാട്ടിന് മുന്നേ ഒന്നും കഴിക്കില്ല. തണുപ്പ് പ്രത്യേകിച്ചും. ഞാനതോർത്തതാ. ബട്ട് യൂ ആർ എ റെയർ സോൾ”
“സോ ഈസ് യൂ”
കാർത്തിക കുടുകുടെ ചിരിച്ചു. ഞാനും. ചിരിച്ചു മറിഞ്ഞ് എൻ്റെ ദേഹത്തേക്ക് വീണ അവളെ ഞാൻ കെട്ടി പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടു. കറുത്ത കോലൻ മുടി എൻ്റെ നെഞ്ചിൽ പരന്ന് വീണു. താഴമ്പൂവിട്ട് കാച്ചിയ എണ്ണയുടെ ഗന്ധം പൂർവ്വ സ്മരണകളെയുണർത്തി. അടുക്കളപ്പുറത്തെ തിണ്ടിലിരുന്ന് അച്ഛമ്മ രേണുവിൻ്റെ മുടി കെട്ടറുത്ത് എണ്ണ തേച്ച് കൊടുക്കുന്നതാണ് ഓർമ്മ വന്നത്. കൊൽക്കത്തക്കാരിക്ക് മുടിയൊന്നും ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു.
കാർത്തികയോടൊപ്പം അന്ന് താലികെട്ട് കഴിഞ്ഞ് കൊല്ലിയുടെ ചെരിവിലുള്ള ചെമ്പകത്തിൻ്റെ ചുവട്ടിൽ… ഇന്ന് ഈ വണ്ടിയുടെ ബെഡ്ഡിൽ… ഉജ്വലമായ പ്രണയത്തിൻ്റെ പരിശുദ്ധിയിൽ ഞാനവളെ എന്നിലേക്കണച്ചു.
