മണ്ണാങ്കട്ടയും കരിയിലയും – 2 2

 

“ഇതെന്താ ഇതിൻ്റുള്ളില് മേക്കപ്പ് സാധനങ്ങള്”?

 

കാർത്തിക ഗ്ലോവ് ബോക്സിനുള്ളിൽ പരതി.

 

“അതോ… അത് ഞങ്ങള് ഷൂട്ട് ചെയ്യാൻ ഓരോ സ്ഥലത്ത് പോവുമ്പോ മേക്കപ്പ് ചെയ്യാൻ നീഹ എടുത്ത് വെച്ചതാ. നീ കാണലില്ലേ ഇൻസ്റ്റഗ്രാമില്”?

 

“ചിലപ്പഴൊക്കെ. അതാല്ലേ നീഹ”?

 

“അത് തന്നെ”

 

“ആ അമ്പലണ്ടല്ലോ കണ്ണാ… അത്… അന്നത്തെ പോലെ അല്ല ഇപ്പോ അവിടെ. അമ്പലൊക്കെ ആകെ മാറി. മുഴുവൻ ലൈറ്റായി. മുറ്റത്തും കടവിലും ആ സ്റ്റെപ്പിലും ഒക്കെ ഇപ്പോ നല്ല വെളിച്ചള്ള ബൾബുണ്ട്. ശ്രീകോവിലും ചുറ്റമ്പലോം പുതുക്കി പണിഞ്ഞു. മുറ്റത്തൊക്കെ കല്ല് പതിച്ചു. കോൺക്രീറ്റ് പാലം ഒക്കെണ്ട്. ഞാനെടക്കൊക്കെ പോവും. അന്നത്തെ പോലെ നിർമ്മാല്യം തൊഴാൻ”

 

“സത്യം പറഞ്ഞാല് അതേന്നു ഉള്ളതിൽ വെച്ചേറ്റവും നല്ല മുഹൂർത്തം. ബെസ്റ്റ് മാര്യേജും. ഗാന്ധർവ വിവാഹാണ്. പുലർച്ചെയാണ്. അങ്ങനത്തെ ഒരു കല്യാണം ഇനി ഉണ്ടാവില്ല. സാധാരണ എൻ്റെ ഒക്കെ കല്യാണത്തിന് നൂറു കൂട്ടം ചടങ്ങുകളുണ്ടാവും. അന്നേത്ത ആ അതിൻ്റെ ഒരു പെർഫെക്ഷനും ഉണ്ടാവില്ല. അന്ന് നീ സങ്കടപ്പെട്ട് പോയത് കണ്ടപ്പോ എനിക്ക് വല്യ വിഷമമായി. ഓണത്തിന് ഇല്ലത്ത് പോയപ്പോ വല്യച്ഛനോട് തഞ്ചത്തില് ചോദിച്ച് മനസ്സിലാക്കിയതാ അത്. അങ്ങനെത്തെ ഒരു അവസരം ഉണ്ടാവുമ്പോ നിന്നെയല്ലാതെ ആരെയാ കല്യാണം കഴിക്കാ? നീയല്ലേ നിന്നെ കല്യാണം കഴിക്കോന്ന് ചോദിച്ചത്? ഭാഗ്യത്തിന് ആ വഴിപാടിൻ്റെ കാര്യോം വീണു കിട്ടി. അതാ പറഞ്ഞത്. എല്ലാം ഒത്തു വന്നില്ലേ? അത് സമയായതോണ്ടാ”

 

വീണ്ടും എൻ്റെ മനസ്സ് ഒമ്പതാം ക്ലാസ്സിലെത്തി. അന്ന് ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്ന് അവളെ വീണ്ടും കണ്ടപ്പോൾ എനിക്കെന്തോ തിരിച്ചു കിട്ടിയതു പോലെയായിരുന്നു. അക്ഷരോത്സവത്തിൻ്റെ ഭാഗമായി ആലപ്പുഴയിൽ വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ ഞങ്ങൾക്ക് രണ്ടാൾക്കും ഒന്നാം സ്ഥാനം കിട്ടിയതിനുള്ള വഴിപാടായി വനദുർഗ്ഗ ക്ഷേത്രത്തിലേക്ക് നേർന്ന നിർമ്മാല്യം തൊഴാനും പട്ടും കിഴിപ്പണവും വെക്കാനും ഞങ്ങളൊരുമിച്ച് ഞായറാഴ്ച രാവിലെ അമ്പലത്തിൽ പോകണമെന്ന് അച്ഛമ്മ പറഞ്ഞിരുന്നു. ശനിയാഴ്ച തന്നെ അച്ഛമ്മയെ സോപ്പിട്ട് സ്കോളർഷിപ്പ് കിട്ടിയ പൈസ എടുത്ത് ഞാൻ ഒരു മാല വാങ്ങി. അച്ഛച്ഛനൊന്നും പറഞ്ഞില്ല. ഒരു പക്ഷേ ഞാൻ ചെയ്യാൻ പോകുന്നത് അറിയുന്നത് കൊണ്ടായിരിക്കാം. ആരും ഒന്നും പറയാതെ തന്നെ അച്ഛച്ഛന് എല്ലാം അറിയാൻ കഴിയും. പല സിദ്ധികളുമുള്ള മനുഷ്യനായിരുന്നു.

 

അച്ഛച്ഛനോടും അച്ഛമ്മയോടും ഒപ്പമായിരുന്നു ഞാൻ അമ്പലത്തിലെത്തിയത്. കാർത്തിക അച്ഛൻ്റെ കൂടെ ബൈക്കിലും. കാടിനോട് ചേർന്ന് ഒരമ്പലം. ശിവനും പാർവതിയുമാണ് പ്രതിഷ്ഠ. പ്രധാനമായും ദേവി തന്നെ. വനദുർഗ്ഗാ ക്ഷേത്രമാണ്. പാറപ്പുറത്താണ് അമ്പലം. കിഴക്കോട്ടാണ് ദർശനം. മുന്നിൽ ഒരു പുഴയാണ്. കൽപ്പടിക്കെട്ടുകൾ പുഴവരെയുണ്ട്. മുള കൊണ്ടുള്ള ഒരു ചെറിയ പാലത്തിലൂടെ വേണം അക്കരെ എത്താൻ. അവിടെയൊക്കെ നല്ല ഇരുട്ടായിരുന്നു അന്ന്. ഞങ്ങൾ തൊഴുത് കുറച്ച് കഴിഞ്ഞാണ് കാർത്തിക എത്തിയത്. വന്ന ഉടനെ അവർ നേരെ തൊഴുകാൻ പോയി. കുറച്ചപ്പുറത്തെ ഓഫീസിൻ്റെ വരാന്തയിലേക്ക് മാറി ഇരുന്ന ഞങ്ങളെ അവർ കണ്ടില്ല. താഴെ കടവിനടുത്താണ് ബ്രഹ്മരക്ഷസ്സും അയ്യപ്പനും നാഗങ്ങളുമുള്ളത്. അതിനടുത്ത് ഒരു ചെറിയ ഓടിട്ട കെട്ടിടമുണ്ട്. അതാണ് ഓഫീസ്. പടികൾ കയറി ക്ഷീണിച്ച അച്ഛമ്മ ഓഫീസിൻ്റെ മുന്നിലെ വരാന്തയിലിരുന്നു. അച്ഛമ്മക്ക് മുട്ടു വേദന കലശലായ സമയമായിരുന്നു അത്. അച്ഛച്ഛൻ ഓഫീസിലുണ്ടായിരുന്ന അമ്പലത്തിൻ്റെ സെക്രട്ടറിയുമായി സംസാരിച്ചിരുന്നു.

 

പുലർച്ചെ മൂന്നരക്ക് നട തുറക്കുന്ന അമ്പലത്തിൽ സാധാരണ നമ്പൂതിരിയും മാല കെട്ടുന്ന വാര്യരും ഒരു വാരസ്യാരും മാത്രമേ ഉണ്ടാകാറുള്ളൂ. പക്ഷേ ആ ഇടക്ക് എവിടുന്നോ ഒരു സ്വാമിയാരവിടെ വന്ന് കൂടി. ഇന്ന് സ്വാമിയാർക്ക് പുഴത്തീരത്ത് ഒരാശ്രമം ഉണ്ട്. അന്ന് സ്വാമിയാർ ആ ഓഫീസിലായിരുന്നു താമസിച്ചത്. അത് കൊണ്ട് സെക്രട്ടറി ഒന്നരാടം അവിടെ വന്ന് കാര്യങ്ങന്വേഷിക്കണ്ട അവസ്ഥയുണ്ടായി. തൊഴുത് ഇറങ്ങിയ കാർത്തികയും അച്ഛനും ഞങ്ങളുടെ അടുത്തെത്തി. അച്ഛമ്മ കിഴിപ്പണവും പട്ടും ഞങ്ങളെ ഒരുമിച്ച് ഏഴ് പ്രാവശ്യം ഉഴിഞ്ഞ് കാർത്തികയുടെ കയ്യിൽ കൊടുത്തു. പട്ട് നടക്കൽ വെക്കാൻ ഞാനും അവളും വീണ്ടും പടികൾ കയറി ശ്രീകോവിലിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *