“നിക്ക് അമ്മൂ… ഒരു സാധനം കൂടെ വാങ്ങീട്ട് വീട്ടില് പോവാം”
കാർത്തികയുടെ പാദസരമില്ലാത്ത ഒഴിഞ്ഞ കാലുകൾ കണ്ടിട്ട് എന്തോ പോലെ തോന്നുന്നു. എൻ്റെ കണ്ണുകൾ അവിടെ എവിടെയെങ്കിലും ജ്വല്ലറികളുണ്ടോ എന്ന് പരതാൻ തുടങ്ങി. ജംങ്ഷന് അപ്പുറത്തുള്ള സ്കൂളിന് എതിർ വശത്തായി വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിയടിച്ച് മങ്ങിയ ഒരു ഫ്ലെക്സ് ബോർഡിൽ എൻ്റെ കണ്ണുകൾ പതിഞ്ഞു. വലിയ ഒരു ഹോൾഡിംഗിൽ ഒരു സ്വർണ്ണകടയുടെ പരസ്യം. നക്ഷത്ര ജ്വല്ലറി. ഞങ്ങളങ്ങോട്ട് നടന്നു. സാമാന്യം തരക്കേടില്ലാത്ത ഒരു ജ്വല്ലറി. നീല കുഷ്യൻ പിടിപ്പിച്ച കസേരകളും ചുവരുകളിലെ ഇരുണ്ട ചുവന്ന നിറത്തിലുള്ള അപ്ഹോൾസ്ട്രി വർക്കുകളും പരമ്പരാഗത രീതിയിലുള്ള ക്രമീകരണങ്ങളും ഉള്ളിലേക്ക് കടന്നപ്പോൾ നല്ല പഴമ തോന്നിപ്പിച്ചു. ഔപചാരികതക്കും ഒട്ടും കുറവുണ്ടായിരുന്നില്ല.
“വരൂ സാർ”
ഒരു പെൺകുട്ടി വന്ന് ഞങ്ങളെ മുകളിലെത്തെ നിലയിലേക്ക് കൂട്ടി കൊണ്ട് പോയി. രണ്ട് നിലകളുള്ള കാര്യം അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഒരു സെയിൽസ്മാൻ ഞങ്ങളുടെ അരികിലെത്തി.
“പാദസരം നോക്കാനാണ്. പിന്നെ താലിമാലയും”
സെയിൽസ്മാൻ സ്വർണ്ണ പാദസരങ്ങളെടുക്കാൻ തിരിഞ്ഞു.
“എന്തിനാ താലിമാല”?
ആരും കേൾക്കാതിരിക്കാൻ പതിഞ്ഞ ശബ്ദത്തിലായിരുന്നു കാർത്തികയുടെ ചോദ്യം.
“വെറുതെ. അതന്ന് ഒരു തോന്നലിനങ്ങട്ട് കെട്ടിയതല്ലേ? പോരാത്തേന് സാധാരണ ഒരു മാലേം. പുതിയ മോഡല് മാലയല്ലേ കഴുത്തില് ഭംഗി”?
“ഇത്രേം പൈസക്ക് മാല വാങ്ങീട്ട് അറിയുന്നോരാരേലും അച്ഛനോട് പറഞ്ഞാലോ?
“ഇവിടെ ആരേലും അച്ഛനെ അറിയുന്നോരുണ്ടോ? അച്ഛൻ ചോദിച്ചാല് കണ്ണി പൊട്ടിയ പാദസരം മാറ്റി വാങ്ങാൻ പറ്റ്വോന്ന് നോക്കാൻ കയറിയതാന്ന് പറഞ്ഞാ മതി”
സ്വർണ്ണ പാദസരങ്ങളുള്ള ഒരു ഡസൻ ബോക്സുകൾ ഞങ്ങളുടെ മുന്നിൽ നിരന്നു.
“സാധാരണ പാദസരം പോരേ കണ്ണാ”?
“മുത്താണോ അതോ പട്ടയോ”?
“പട്ട”
മറ്റൊരു സെയിൽസ്മാൻ ജ്യൂസുമായി വന്നു. ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാൻ വരുന്നവർക്ക് ജ്യൂസു കൊടുക്കുന്ന ഏർപ്പാട് കാലം മാറിയിട്ടും ഇപ്പോഴും തുടരുന്ന പഴഞ്ചന്മാരായിരുന്നു അവർ. താഴെ നിന്ന ഒരു ചേച്ചി മുകളിലേക്ക് ഇടത് വശത്തുള്ള മറ്റൊരു ഗോവണി കയറി വന്നു. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സെയിൽസ്മാൻ താഴേക്ക് പോയി. മോഡൽ കാണിക്കാൻ ആറേഴ് വെള്ളി പാദസരങ്ങൾ ആ ചേച്ചി ഞങ്ങളുടെ മുന്നിൽ നിരത്തി.
“കുറേ മുത്തുകളുള്ളത് വേണ്ട. സാധാരണ പോലത്തെ വർക്കൊന്നൂല്ലാത്ത ഏഴ് മുത്തുകളുള്ള പാദസരണ്ടോ”?
കാർത്തികയുടെ ചോദ്യത്തിനുത്തരമായി ആ ചേച്ചി ചിലങ്ക പാദസരമെടുത്തു. ഭംഗിയുള്ള ഒരു പാദസരം. പട്ടയിലുടനീളം മുത്തുകൾ പിടിപ്പിച്ച പാദസരമല്ല. രണ്ടറ്റത്തും മാത്രം ഒരു കുടുന്ന മുത്തുകൾ. എന്തോ ഒരു പ്രത്യേകത തോന്നി അതിന്. ഞാനവളെ തോണ്ടി വിളിച്ച് അതെടുത്താൽ മതിയെന്ന് പറഞ്ഞു. കാർത്തിക കാലുകളെൻ്റെ മടിയിലേക്ക് നീട്ടി വെച്ചു. ഞാനാ പാദസരം അവളുടെ കാലുകളിൽ അണിയിച്ചു. കണ്ടു നിന്ന പലരും ഊറിയൂറി ചിരിക്കുന്നുണ്ടായിരുന്നു. കാർത്തിക അത് ശ്രദ്ധിച്ചില്ല. ഞാനത് ശ്രദ്ധിച്ചെങ്കിലും കാര്യമാക്കിയില്ല.
“ഒരു താലിമാല കൂടി വേണം”
ഒരു ഞെട്ടലോടെ ആ ചേച്ചി എന്നെ സൂക്ഷിച്ച് നോക്കി. വല്ല ഒളിച്ചോട്ടവുമാണെന്ന് കരുതിയിട്ടുണ്ടാവും. ജ്വല്ലറിയുടെ അകത്തേക്ക് കയറിയതിന് ശേഷമുള്ള കാർത്തികയുടെ പ്രണയ ചേഷ്ടകൾ കണ്ട ആർക്കും അങ്ങനെയൊരു സംശയമുണ്ടാകാതിരിക്കാൻ ഒരു ന്യായവുമുണ്ടായിരുന്നില്ല.
“അതേ… നീ ഒരു ലക്ഷത്തിൻ്റെ ഉള്ളിലൊതുങ്ങുന്ന മാല വാങ്ങിക്കോ. ഫിഫ്റ്റി തൗസൻ്റാണ് ലിമിറ്റ്. ഒരു ഫിഫ്റ്റി തൗസൻഡ് വണ്ടിയിലൂണ്ട്. ഞാനതെടുത്തിട്ട് ഇപ്പോ വരാം”
കാർത്തികയുടെ ചെവിയിൽ അടക്കംപറഞ്ഞ് ഞാൻ പൈസയെടുക്കാൻ പുറത്തേക്കിറങ്ങി.
“ഭാര്യയാവൂല്ലേ അത്”
