മണ്ണാങ്കട്ടയും കരിയിലയും – 2 2

 

“അപ്പോന്നാ അങ്ങനെ. ഒരു ദിവസം ഞാനും രേണുവും കൂടെ വരണ്ട്”

ഞാൻ യാത്ര പറഞ്ഞിറങ്ങിയപ്പോൾ കാർത്തികയും അമ്മയും മുറ്റത്തുണ്ടായിരുന്നു. കാർത്തിക എങ്ങോട്ടോ പോവാൻ ഇറങ്ങിയതാണ്.

 

“ഇഞ്ഞി എന്തായാലും ഓൻ വരും”

 

കാർത്തികയെ നോക്കി ആരോടെന്നില്ലാത്ത ആയിഷയുടെ ആത്മഗതം കേട്ടപ്പോൾ ഞാൻ അജ്മലിനെ നോക്കിയ നോട്ടത്തിൽ അവൻ ദഹിച്ചു പോവാഞ്ഞത് ഞാൻ ശിവനല്ലാത്തത് കൊണ്ട് മാത്രമായിരുന്നു. ആ പന്നൻ ഒന്നും വിടാതെ എല്ലാം ഭാര്യയോട് പറഞ്ഞിട്ടുണ്ട്. എന്തൊരു ഗതികേടാന്ന് നോക്കണേ. ഈ പ്രേമത്തിനൊരു കുഴപ്പമുണ്ട്. അത് വരെ ഇല്ലാത്ത പ്രേമം പോലും പൊട്ടി മുളക്കാൻ ഇത് പോലെ മൂന്നാല് പേര് കളിയാക്കിയാൽ മതി. ഞാനും കാർത്തികയും പക്ഷേ അങ്ങനെയല്ല. അത് പോലെ എന്തെങ്കിലും ഉണ്ടായാൽ ഞങ്ങൾ തമ്മിൽ ഇപ്പോഴുള്ള അകൽച്ച ഇനിയും കൂടാനാണ് സാധ്യത കൂടുതൽ.

 

എന്നെ കണ്ട് കാർത്തികയുടെ അമ്മ മതിലിനരികിലേക്ക് വന്നു. പണ്ട് ഒരുമിച്ച് പഠിക്കുന്ന കാലത്തേ അവളുടെ അമ്മക്ക് എന്നെയറിയാം. അവളുടെ അമ്മ അഞ്ചാം ക്ലാസ്സിലെ എൻ്റെ ഗണിതാധ്യാപികയായിരുന്നു. അവസാനത്തെ പിരീഡിൽ ലാസാഗുവും ഉസാഘയും വെച്ച് ഫാക്ടറൈസേഷൻ ചെയ്ത് ഒരുപാട് ചോദ്യങ്ങൾക്ക് ബോർഡിൽ ഉത്തരമെഴുതിയതും പാലിൻഡ്രോമു കൊണ്ടുള്ള കളികളുമെല്ലാം വെറുതേ ഒന്നോർത്തു പോയി.

 

ഓടി മറയുന്ന ചിന്തകളെ അനുധാവനം ചെയ്ത് തളർന്ന ബുദ്ധിയെ പുനരുജ്ജീവിപ്പിക്കാൻ സ്മൃതിയുടെ നീർചുഴിയിൽ മുങ്ങി നിവർന്ന എന്നെ നോക്കി മനസ്സിൻ്റെ കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റ കഴിഞ്ഞ കാലത്തിൻ്റെ പ്രേതം പല്ലിളിച്ചു. കയത്തിൻ്റെ അഗാധതയിൽ വേരുകളൂന്നി ജലപരപ്പിനു മുകളിൽ വിരിഞ്ഞ് സൂര്യന് നേരെ പുഞ്ചിരി തൂകുന്ന കടുത്ത നീല നിറത്തിലുള്ള ഒരുപിടി ഓർമ്മ പൂക്കൾ ഇറുത്തെടുത്ത് ഞാൻ ആ ഒഴിഞ്ഞ കല്ലറയിലർപ്പിച്ചു. അസ്തിത്വം കൽപ്പിച്ചു നൽകപ്പെട്ട സംതൃപ്തിയിൽ പൂക്കളുടെ നീലയിൽ ഒന്നായി ലയിച്ചു ചേർന്ന പ്രേതത്തിന് സ്വസ്ഥി ചൊല്ലി തെളിഞ്ഞ ബുദ്ധിയിൽ സ്ഥായിയായി ഉറപ്പിച്ച മനസ്സുമായി ഞാൻ വീണ്ടും കാലത്തിലൂടെ യാത്ര തുടർന്നു.

 

“കണ്ണനോ…. കണ്ടിട്ട് കുറേ ആയല്ലോ”

 

“അതങ്ങനെ ഒന്നൂല്ല. അങ്ങനെ അങ്ങനെ ഓരോ തിരക്കായപ്പോ… ടീച്ചറ് പിന്നെ ഇവിടെയാന്നറിയല്ലേന്നു. ഇവിടെയാന്നല്ല. അജ്മല് വീട് വെച്ചത്… നിങ്ങളെ അയലൊക്കത്താന്ന് ഇവൻ പറഞ്ഞേയില്ല. ഞാൻ അജ്മല് വിളിച്ചപ്പോ വെറുതേ വന്നതാ. പുതിയ വീടും കാണാം. വൈഫും പ്രഗ്നൻ്റാണല്ലോ. അപ്പോ അങ്ങനെ പോന്നതാ”

 

പിന്നീടെല്ലാം പതിവ് സംഭാഷണങ്ങളായിരുന്നു. പഴയ കാര്യങ്ങൾ… എൻ്റെ പഠിത്തം…. ബി ടെക് കോഴ്സ്…. രേണു… മാതൃനിർസവിശേഷമായ വാത്സല്യത്തോടെ ടീച്ചർ എല്ലാം ചോദിച്ചറിഞ്ഞു. കാർത്തിക ഒക്കെ കേട്ട് അടുത്തു തന്നെയുണ്ടായിരുന്നു.

 

“ഇവളെന്താ മിണ്ടാതെ നിക്കണേ”?

 

“അവളോ… ചെരിപ്പോ ഡ്രെസ്സോ എന്തൊക്കെയോ വാങ്ങാനാന്നും പറഞ്ഞ് ഇറങ്ങിയതാ. ഇവിടെ ആ ജംങ്ഷനില് പുതിയൊരു കട തുടങ്ങീട്ടുണ്ടല്ലോ. ഇപ്പോ തന്നെ എത്ര ടോപ്പായീന്നറിയോ ഈ വാങ്ങി കൂട്ടണത്”

 

“മീനങ്ങാടീക്കല്ലേ? എന്നാ എൻ്റെ കൂടെ പോരേ. വെറുതേ അത്രേം ദൂരം നടക്കണ്ടല്ലോ. ഞാനവിടെ ഇറക്കാം”

 

കാർത്തിക അമ്മയെ ഒന്ന് നോക്കി വണ്ടിയിൽ കയറി. ഞാൻ വണ്ടി സ്റ്റാർട്ടാക്കി. കാർത്തിക കൂടെയുള്ളതിൽ ചെറുതല്ലാത്ത ആനന്ദത്തോടെ ഞാനെൻ്റെ ആ പഴയ ഗണിതാധ്യാപികയുടെ സമക്ഷത്തിൽ നിന്നും വിടകൊണ്ടു.

 

“അതെന്താ ആ ഒച്ച? ഈ തെർമോ കോളൊക്കെ ഉരക്കുമ്പോണ്ടാവില്ലേ ഒരു… ഒരു ഇത്. അത് പോലെത്തെ സഹിക്കാൻ പറ്റാത്ത ഒരു കിരുകിരുപ്പ് തോന്നണില്ലേ”?

 

“അത് സീറ്റ് ബെൽറ്റിടാഞ്ഞിട്ടാ”

 

ചെവിയിൽ തുളഞ്ഞ് കയറുന്ന ആ ചെറിയ ശബ്ദത്തിൻ്റെ അസഹ്യതയിൽ കാർത്തികയുണ്ട് കോച്ചിപ്പിടിക്കുന്നതു പോലെ നെറ്റിയൊക്കെ ചുളിച്ച് വക്രിച്ച മുഖത്തോടെ ഇരിക്കുന്നു. ഞാൻ സീറ്റ് ബെൽറ്റ് വലിച്ചിട്ടു.

Leave a Reply

Your email address will not be published. Required fields are marked *