“പാലൊക്കെ രാവിലെ ലിജോ കൊണ്ട് പോയി. ഇവിടെ ഞങ്ങള് രണ്ടാൾക്കും പാലും പഞ്ചാരയൊന്നും പിടിക്കത്തില്ല. മോൻ വരുന്നത് അറിയുകേലായിരുന്നല്ലോ”
ശരിയാണ്. ഭാര്യക്കും ഭർത്താവിനും പ്രായമേറിയിരിക്കുന്നു. ജോലിക്കാരും ഒരു ഹോം നേഴ്സും അല്ലാതെ സ്വന്തക്കാരായിട്ട് ആരും നാട്ടിലില്ലാത്തതിൻ്റെ നഷ്ടബോധം വർഗ്ഗീസ് ചേട്ടനെ അസ്വസ്ഥനാക്കുന്നത് ഞാനറിഞ്ഞു.
“അതൊന്നും സാരല്ല വർഗീസ് ചേട്ടാ. കൂടെയെന്താ ചേട്ടത്തീ? കള്ളപ്പല്ലേ ഇത്”?
അന്നാമ്മ ചേട്ടത്തി അടുത്ത് വന്നിരുന്നു. സെറ്റിയിലേക്ക് വന്ന് വീണു എന്ന് പറയുന്നതാവും ശരി. ചായയും കള്ളപ്പവും തട്ടിപ്പോവാതെ അന്നാമ്മ ചേടത്തിയുടെ കയ്യിൽ നിന്നും വാങ്ങി തൊട്ടപ്പുറത്തെ മേശപ്പുറത്തേക്ക് ഞാൻ നീക്കിവെച്ചു. അന്നമ്മ ചേടത്തി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ശ്വാസം തിങ്ങുന്നുണ്ടാവും. “അടുക്കളേല്…. ഇൻഹേലർ….” മുറിഞ്ഞു പോകുന്ന ശ്വാസത്തോടൊപ്പം ചിതറി വീണ വാക്കുകൾ കേട്ട പാതി കേൾക്കാത്ത പാതി ഞാൻ അടുക്കളയിലേക്ക് പാഞ്ഞു.
“ആ പെണ്ണെവിടെ? ഒരുത്തി ഹോം നേഴ്സാന്ന് പറഞ്ഞിവിടെ ഉണ്ടായിരുന്നതാ. ഒരാവശ്യത്തിന് ആരും ഇല്ല” ഭാര്യയുടെ അവസ്ഥ കണ്ട് വർഗ്ഗീസ് ചേട്ടൻ അക്ഷമനായി. ഇൻഹേലർ അന്നാമ്മ ചേടത്തിയുടെ പാരവശ്യം മാറ്റി. വർഗ്ഗീസ് ചേട്ടൻ്റെ ദേഷ്യം ഭാര്യയോടായി. “എത്ര പറഞ്ഞാലും മനസ്സിലാവില്ല. അതെവിടേലും വെക്കാനാണേൽ സദാസമയവും കയ്യിലുണ്ടാവണന്നാ ഡോക്ടറ് പ്രത്യേകം പറഞ്ഞത് പിന്നെ എന്നാത്തിനാ? അവനോൻ്റെ ആരോഗ്യത്തെപ്പറ്റി കുറച്ചെങ്കിലും ഒരു ബോധം വേണ്ടേ”? ആ സ്വരത്തിലെ രോഷം ദൈന്യതയായി മാറി.
ഇൻഹേലറിൻ്റെ സഹായത്തോടെ അന്നാമ്മ ചേടത്തി സാധാരണ നിലയിലെത്തി. ഞാൻ കള്ളപ്പം ഒരു കഷ്ണം കുത്തിയെടുത്ത് വായിലേക്ക് വെച്ചു. ഏകദേശം കൂവ വിരകിയത് കഴിക്കുന്നത് പോലെയുണ്ട്. നല്ല തണുപ്പാണ്.
“പള്ളി പെരുന്നാളിനുണ്ടാക്കിയതാ കണ്ണാ. ഇതൊക്കെ കഴിച്ചു തീർക്കാൻ ഇവിടെ ആരാ ഉള്ളത് ”
അന്നാമ്മ ചേടത്തിയുടെ പരാതിയിൽ നിരാശക്കൊപ്പം നേരിയ ദുഃഖം നിഴലിച്ചു നിന്നു.
“എന്നാലും ആ ഹോം നേഴ്സെവിടെ? ഉച്ചയായി സമയം. തോന്നും പോലെ വരാനാണേൽ അവൾക്ക് പൈസ കൊടുക്കുന്നതെന്നാത്തിനാ”?
“അവളെന്നും ഇവിടെ തന്നെയല്ലേ? അനിയത്തിയേം കൊണ്ട് എങ്ങാണ്ട് പോയിട്ട് ഉച്ചക്ക് വരാന്ന് പറഞ്ഞതാ. ഞാനാ പറഞ്ഞത് ഇനി നാളെയെങ്ങാനും വന്നാ മതിയെന്ന്”
“അത് നന്നായി” ഭാര്യയുടെ മറുപടിയിൽ വർഗ്ഗീസ് ചേട്ടൻ സ്വസ്ഥനായി ശാന്തമായ മനസ്സോടെ കസേരയിൽ വന്നിരുന്നു. ആളാരാണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ വർഗ്ഗീസ് ചേട്ടനെ നോക്കി. “അത് നമ്മുടെ സോണിയുടെ മോളാ കണ്ണാ. ബെറ്റി”
“പിന്നെ… ഇപ്രാവശ്യം അവരാരും വന്നില്ലേ ചേടത്തീ? ഓസ്ട്രേലിയക്കാരി വരുന്നുണ്ടെന്ന് രേണു പറഞ്ഞല്ലോ”
“ആര്? എലിസബത്തോ? അവളെന്നാ ഭാവിച്ചാന്നാർക്കറിയാം? അപ്പനേം അമ്മയേം ഒന്നും കാണണ്ടായിരിക്കും. അവിടെ ഒറ്റക്കാന്നാ ഇന്നാള് വിളിച്ചപ്പോ പറഞ്ഞത്. കല്യാണത്തിനൊന്നും താൽപര്യമില്ലാത്ത മട്ടാ. അനീറ്റക്കും സെബാസ്റ്റ്യനും അയർലണ്ടിലെ സിറ്റിസൺഷിപ്പ് കിട്ടി. ഇനി അവരും ഇങ്ങോട്ടുണ്ടാവില്ല”
“അത് അന്നാമ്മ ചേടത്തി കാണുമ്പോഴൊക്കെ കല്യാണത്തിന് നിർബന്ധിക്കുന്നോണ്ടാവും. രേണുവിനെ ഇടക്ക് വിളിക്കാറുണ്ട്”
മകളുടെ ഓർമ്മയിൽ വർഗ്ഗീസ് ചേട്ടൻ കസേരയിലിരുന്ന് എരിപിരി കൊണ്ടു.
“ഞങ്ങളല്ലാതെ പിന്നെ ആരാ അവളോട് ഇതൊക്കെ പറയാനുള്ളത്? എനിക്കാണേൽ രാത്രി കണ്ണു കാണാതായിട്ട് കുറച്ചായി. ഇവൾക്കും വയ്യ. ഇനി എത്ര കാലം എന്ന് വെച്ചാ. അവസാന കാലത്ത് മക്കളാരും അടുത്ത് ഇല്ലാതെ പോയി. ഞാനെന്നാ കൃഷി ഓഫീസിലൊന്ന് പോയി നോക്കട്ടെ. ജയകൃഷ്ണനെ കാണണം”
വർഗ്ഗീസ് ചേട്ടൻ എഴുന്നേറ്റു. മുറ്റത്ത് ഒരു മൂലയിൽ നിർത്തിയിട്ട പുരാവസ്തുവിനേക്കാളും പഴക്കം തോന്നിക്കുന്ന ഒരു ആക്ടീവ ചവിട്ടി സ്റ്റാർട്ടാക്കി പുറത്തേക്ക് ഓടിച്ച് പോയി.
