മണ്ണാങ്കട്ടയും കരിയിലയും – 2 2

പഴയ ഫോറസ്റ്റ് ഓഫീസിലേക്കുള്ള ഞെരുങ്ങിയ റോഡിൻ്റെ ഇടത് വശത്ത് പടിപ്പുര പോലെ വലിയൊരു ഗേറ്റും ഗേറ്റിനു മുകളിൽ കമ്പിക്കൂടു കൊണ്ടുണ്ടാക്കിയ ഒരു കമാനവും കണ്ട് ഞാൻ വണ്ടി നിർത്തി. വലത് വശത്ത് ഒരാൾ താഴ്ചയിൽ ഒരു പതിയാണ്. ഇടത് വശത്ത് ചെറിയ ഒരു കുന്നും. കമാനത്തിനടിയിൽ നിന്ന് വീതി കുറഞ്ഞ ഒരു ചെമ്മൺ പാത കുന്ന് കയറി മുകളിലേക്ക് പോകുന്നു. ആ വഴിയുടെ ആരംഭത്തിൽ പാതിയിലേറെ മാഞ്ഞ് പോയ അക്ഷരങ്ങളിൽ മഠത്ത് വീട്ടിൽ ഗീവർഗ്ഗീസ് അഡ്വക്കേറ്റ് എന്ന് ഗ്രാനൈറ്റിൽ ആലേഖനം ചെയ്ത മങ്ങിയ ഒരു നീല ഫലകം രണ്ടാഴ്ച മുമ്പ് പെയ്ത വേനൽ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽപ്പെട്ട് കടപുഴകി വീണ മഹാഗണിയോടൊപ്പം ചരിഞ്ഞ് ഇടിഞ്ഞ് താഴ്ന്ന് പോയ കൽമതിൽക്കെട്ടിൽ ഉപേക്ഷിക്കപ്പെട്ട സ്മാരകശിലപോലെ നിലകൊണ്ടു. കമാനത്തിനു മീതെ ഇരുമ്പുകമ്പികൾ വളച്ച് അക്ഷരങ്ങളാക്കി മഠത്ത് വീട്ടിൽ എന്നെഴുതിയിട്ടുണ്ട്. തുരുമ്പ് പിടിച്ച് ദ്രവിച്ച് കാലപ്പഴക്കം കൊണ്ട് ദുർബലമായ ഇരുമ്പ് കമ്പികളിൽ താങ്ങി നിർത്തിയ വലിയ അക്ഷരങ്ങൾ ആ പുരാതനമായ തറവാടിൻ്റെ ഭാരം പേറി. രാവിലെ എത്തിയ സ്ഥിതിക്ക് വർഗ്ഗീസ് ചേട്ടനെ ഒന്ന് കാണാം എന്ന വിചാരത്തോടെ ഞാൻ ആ ചെറിയ ചെമ്മൺ പാതയിലേക്ക് വണ്ടി തിരിച്ചു.

മഠത്ത് വീട്ടിൽ. ബത്തേരിയിലെ പഴയ ക്രിസ്ത്യൻ തറവാടാണ്. ഇന്നിവിടെ വർഗ്ഗീസ് ചേട്ടനും ഭാര്യ അന്നാമ്മ ചേടത്തിയും മാത്രമുണ്ട്. തറവാടിൻ്റെ അനന്തരാവകാശികൾ ലോകത്തിൻ്റെ പല കോണുകളിലേക്കുമായി ചേക്കേറിയതിൻ്റെ സ്വഭാവികമായ പരിണാമം. ജർമ്മനിയിലും അമേരിക്കയിലും ഓസ്ട്രേലിയയിലും ആയി പലരും സ്ഥിര താമസമുറപ്പിച്ചിരിക്കുന്നു. മറ്റു പലരും പൗരത്വത്തിനും സ്ഥിരതാമസത്തിനുമായി ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്തായാലും നാട്ടിലേക്ക് തിരിച്ച് വരാൻ താത്പര്യമുള്ള ആരുമില്ല.

ചെറിയ കുന്നിൻ്റെ പള്ള പറ്റി ഇരുവശത്തും പരന്നു കിടക്കുന്ന കാപ്പിച്ചെടികൾക്കിടയിലൂടെ ഗാട്ട് റോഡ് പോലെ നീണ്ടു പോയ പാത കുന്നിൻ്റെ മുകളിൽ മഠത്ത് വീട്ടിൽ തറവാടിൻ്റെ മുറ്റത്ത് അവസാനിച്ചു. കാപ്പി ചെടികളും കുരുമുളകും കുടംപുളി മരങ്ങളും കാച്ചിലും വളർന്ന് പടർന്ന പറമ്പിൻ്റെ ഒരറ്റത്ത് വലിയൊരു വീട്. പുറത്തെ പറമ്പിൽ ആറേഴ് തെങ്ങുകൾ വെട്ടിയിട്ടിട്ടുണ്ട്. നല്ല ഉയരമുള്ള തെങ്ങുകൾ മഴക്കാലത്ത് ഒരു ഭീഷണിയായിരുന്നു. അത് മുറിച്ചത് നന്നായി എന്ന് തോന്നി. വിശേഷിച്ചും ചെറിയ തെങ്ങുകൾ ഉള്ളപ്പോൾ. പഴയ ഒരു മഹീന്ദ്ര മേജർ മുറ്റത്തുണ്ട്. ഉണക്കാനിട്ട തേങ്ങ ഉമ്മറത്ത് തന്നെ കുന്നു കൂട്ടിയിട്ടിട്ടുണ്ട്. പുറത്തെ പറമ്പിൽ വല വിരിച്ച് ഉണക്കിയ കപ്പ ചാക്കിലാക്കുകയായിരുന്നു വർഗ്ഗീസ് ചേട്ടൻ.

“ആരാത്…കണ്ണനോ”

വർഗ്ഗീസ് ചേട്ടൻ ചാക്കവിടെതന്നെയിട്ട് മുറ്റത്തെത്തി. പൂമുഖത്തേക്കുള്ള പടിക്കെട്ടുകൾ കയറാൻ ഞാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ വർഗ്ഗീസ് ചേട്ടൻ എന്നെ താങ്ങിപ്പിടിച്ച് ഉമ്മറത്തേക്ക് കയറ്റി. എന്തൊരു വിരോധാഭാസം. അച്ഛച്ഛൻ്റെ പ്രായമുള്ള മനുഷ്യൻ കൈ പിടിച്ച് എന്നെ പടികൾ കയറാൻ സഹായിക്കുന്നു. ഞങ്ങൾ അകത്തേക്കിരുന്നു.

“കാലിനെന്നാ പറ്റി”?

“ഓ … അതോ” ഞാൻ കാലൊന്ന് നീട്ടി പിടിച്ചു. “കരാട്ടെ ടെസ്റ്റിൻ്റെ ഇടക്ക് പറ്റീതാ. ഫൈറ്റിനെടേല് കിക്കെടുത്ത് കാല് വലിച്ചപ്പോ സൈഡിലെ തൂണില് തട്ടി. നടുവിരലിന് ചതവുണ്ട്”

വർഗ്ഗീസ് ചേട്ടൻ കാൽ വിരലിന് ചുറ്റും അമർത്തി നോക്കി.

“ബെൽറ്റൊക്കെ കിട്ടി. പക്ഷേ വേദനയാണ് സഹിക്കാൻ പറ്റാത്തത്”

“നല്ല നീരുണ്ടല്ലോ. പോവുന്ന വഴിക്ക് കൽപ്പറ്റിയിലെ മർമ്മാണി വൈദ്യനെ കാണണം. അയാളൊരു ഗുളിക തരും. അത് മുട്ടയുടെ വെള്ളയിൽ ചാലിച്ച് കോഴിത്തൂവല് കൊണ്ട് തേച്ച് പിടിപ്പിക്കണം. ഈ നീരൊക്കെ പോവും. ചതവിനും നല്ലതാ ”

മടങ്ങുമ്പോൾ കൽപ്പറ്റ വഴി പോകാമെന്നു തീർച്ചപ്പെടുത്തി. നാട്ടുകാര്യങ്ങളും ലോകകാര്യങ്ങളുമായി ഞങ്ങളങ്ങനെ പലതിനെ കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അന്നാമ്മ ചേട്ടത്തി ഒരു പാത്രത്തിൽ കള്ളപ്പവും കട്ടൻ ചായയുമായി അങ്ങോട്ട് വന്നു.

Leave a Reply

Your email address will not be published. Required fields are marked *