മണ്ണാങ്കട്ടയും കരിയിലയും – 2 2

 

 

വീട്ടിലെത്തിയപ്പോൾ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. രേണുവിൻ്റെ കാർ മുറ്റത്തുണ്ടായിരുന്നു. ഞാൻ ധൃതിയിൽ ഒന്ന് കുളിച്ച് ഭക്ഷണം കഴിക്കാനിരുന്നു.

 

“കാറ് പോയി കൊണ്ടന്നൂല്ലേ? ഞാൻ നേരത്തേ വരണന്ന് വിചാരിച്ചതാ… പിന്നെ… പറ്റിയില്ല”

 

ഞാൻ വർഗ്ഗീസ് ചേട്ടൻ്റെയും അന്നാമ്മ ചേടത്തിയുടെയും അവസ്ഥ രേണുവിന് വിവരിച്ച് കൊടുത്തു. എലിസബത്തിൻ്റെ കാര്യം രേണുവും പറഞ്ഞു.

 

രേണുവിൻ്റെ മുറിയോട് ചേർന്നുള്ള ബാൽക്കണിക്ക് മുൻപിൽ ഒരു മുല്ല പന്തലുണ്ട്. രാത്രിയേറെ വൈകിയിട്ടും യാത്രാക്ഷീണം കൊണ്ട് തളർന്നവശനായിട്ടും ബാൽക്കണിയിൽ ജുമൈലത്തിൻ്റെ ഫോൺ കോളിനായി ഞാൻ കാത്തുനിന്നു. മുല്ല ബാൽക്കണിയുടെ കൈവരിയിലൂടെ പടർന്നു കയറിയിരിക്കുന്നു. കുറ്റിമുല്ല മതിയായിരുന്നു. മുല്ല പൂത്താൽ മൂർഖൻ പാമ്പിനെ കരുതണം എന്നാണ്. രേണുവിൻ്റെ മുറി അടുത്താണ്. ബാൽക്കണി മുഴുവൻ വിശദമായി പരിശോധിച്ചു. ഒന്നും ഇല്ല. എന്നിട്ടും എന്തെന്നറിയാത്ത ഒരാശങ്ക പതുക്കെ മനസ്സിനുള്ളിൽ അരിച്ചു കയറുന്നു.

 

പാദസരത്തിൻ്റെ കിലുക്കം ചെവിയിൽ മുഴങ്ങി. കാർത്തിക. ദിവസം മുഴുവൻ ഞാനൊന്നോർത്തെടുത്തു. തഴുകി കടന്നു പോയ ഇളം തെന്നലിനൊപ്പം നേർത്ത ചിലമ്പൊലിയുടെ മർമ്മരങ്ങൾ ഉൾക്കാതിൽ അലയടിക്കുന്നു. വനത്തിനുള്ളിലെ കാട്ടുവാസികളുടെ അമ്പലവും നിത്യ കന്യകയായ ദേവിയും മനസ്സിൽ തെളിഞ്ഞു. ഐ പാഡെടുത്തു. എന്താണെന്നറിയില്ല… പേപ്പറിൽ വരക്കാൻ തോന്നുന്നു. ഐ പാഡ് ഞാൻ മാറ്റി വെച്ചു.

 

“കണ്ണാ… നാളെ രോഹിണീടെ അവിടെ ഒന്ന് പോണം”

 

രേണു ബാൽക്കണിയിലേക്ക് കയറി വന്നു. സമ്മർ പ്രോഗ്രാം കഴിഞ്ഞിട്ടുണ്ടാവും. ഇനി സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കണം. അത് വരെയുള്ള ദിവസങ്ങൾ ആഘോഷമാക്കണം. ഞാൻ തീരുമാനിച്ചു. രേണു ഞാൻ വരച്ചു കൊണ്ടിരുന്ന ചിത്രം എടുത്തു നോക്കി.

 

“അതങ്ങനെ ഒന്നൂല്ല രേണൂ. സിമ്പിൾ ഐറ്റം. ഇറ്റ്സ് എ മോത്ത്. നിശാശലഭം. രാത്രിയിലെ ജോലി കഴിഞ്ഞ് പ്രഭാതത്തിലെ മൂടൽ മഞ്ഞിലൂടെ മടങ്ങുന്നതാ. മൊറാലിറ്റി ഓഫ് ഈസ്‌തെറ്റിക്സ്. ഇതിപ്പോ ചന്തമേറിയ പൂവിലും ശബളഭമാം ശലഭത്തിലും എന്നൊക്കെയാണേൽ ആൾക്കാർക്ക് പറ്റിയേനെ. നിശാശലഭങ്ങളും രാത്രിയിൽ പൂക്കുന്ന നിറമില്ലാത്ത പൂക്കളും ഒന്നും അങ്ങനെ ആർക്കും ഇഷ്ടമുണ്ടാവാൻ സാധ്യതയില്ല. ബട്ട് ഐ ലൗവ് ദെം.”

 

മുല്ലവള്ളിയിൽ കുളിർ കാറ്റ് വീശി. അഖിലവും നിഖിലമായി മാറിയ നിത്യമായ പൂർണതയിൽ പ്രാണൻ കലകളിൽ നിന്നും വേർപെട്ട് മൂർദ്ധാവിലെത്തി. ആഴത്തിലെടുത്ത ശ്വാസത്തിൽ അലിഞ്ഞു ചേർന്ന സൗരഭ്യം പ്രാണനിൽ ലയിച്ച് കലകളിലേക്ക് തന്നെ പ്രവഹിച്ചു. ചുറ്റിലും വ്യാപിച്ച മത്തു പിടിപ്പിക്കുന്ന പരിമളം ഹൃദയത്തിൽ നിറയുന്നു. അത് ഓർമ്മകളെ സുഗന്ധപൂരിതമാക്കുന്നു.

 

“രേണൂ… ഞാനിന്ന് കാർത്തികയെ കണ്ടു”

 

“അവളെ കാണാനായി നീ മീനങ്ങാടീല് പോയോ? കണ്ണാ…. നിൻ്റെ മിന്നുവിൻ്റെ ഉപ്പയല്ലാട്ടോ ആ ഹെഡ്മാഷ്”

 

“അങ്ങോട്ടായിട്ട് പോയതല്ല. അജ്മലിൻ്റെ പുതിയ വീട് കാണാൻ പോയതാ. അവളെ വീടിൻ്റെ മുന്നിലെ ഒഴിഞ്ഞ ഒരു പ്ലോട്ടുണ്ടേന്നു… ഒരു അമേരിക്കക്കാരൻ്റെ.. അത് അജ്മല് വാങ്ങി. വല്യ ഒരു രണ്ട് നില വീടും വെച്ചു. അവൻ വിളിച്ചപ്പോ ഞാനവിടെ പോയി. പോയപ്പോ കാർത്തികയേം കണ്ടു”

 

“ഇനീപ്പോ എപ്പോ വേണേലും അവളെ കാണാൻ പോവാലോ. കൂട്ടുകാരൻ്റെ വീട്ടിലേക്കാന്ന് പറഞ്ഞാ പോരേ? എന്നാലും അവനെവിടുന്നാ ഇതിനു മാത്രം പൈസ”?

 

“അജ്മലാ ഇപ്പോ ഫാമിലെ ലോജിസ്റ്റിക്സ് ഒക്കെ നോക്കുന്നത്”

 

“ലോജിസ്റ്റിക്സോ? അതിനു മാത്രൊക്കെ ഉണ്ടോ”?

 

“പിന്നെ… വൻ സെറ്റപ്പല്ലേ. അവിടെ കൃഷി ഓഫീസില് പുതിയ ആരോ വന്നിണ്ട്. വർഗീസ് ചേട്ടൻ്റെ പരിചയക്കാരനാരോ ആണ്. ഫാമൊക്കെ ആണേല് ഹൈടെക്കാക്കി. ഇംപോർട്ടഡ് പശുക്കളൊക്കെണ്ട്. ന്യൂസിലൻ്റീന്ന് കൊണ്ട് വന്നതാന്നാ വർഗ്ഗീസ് ചേട്ടൻ പറഞ്ഞത്. അജ്മലിന് കൊറിയർ സർവീസ് പോലത്തെ പരിപാടിയൊക്കെണ്ട് ഇപ്പോ. ഫാം പ്രൊഡക്ടിസിൻ്റെ ഡെലിവെറി. എട്ട് പത്ത് ലോറിയൊക്കെണ്ട് രേണൂ. എന്താല്ലേ? പിന്നെ മാനന്തവാടീല്… എന്താപ്പോ പറയാ… ഈ അഗ്രികൾച്ചറൽ റിലേറ്റഡ് സാധനങ്ങളും ഫേർട്ടിലൈസറും ഒക്കെ ഹോൾസെയിലായും റീട്ടെയിലായും വിൽക്കുന്ന ഒരു ബിസിനസ്…ഷോപ്പ്ന്ന് പറയാൻ പറ്റില്ല. പക്ഷേ സംതിങ് ലൈക് ദാറ്റ്.. ഗോഡൗൺ ഒക്കെ പോലെ… അങ്ങനെത്തെ ഒരു ഏർപ്പാടൂണ്ട്….. പാർട്ണർഷിപ്പില് ”

Leave a Reply

Your email address will not be published. Required fields are marked *