നിധിയുടെ കാവൽക്കാരൻ – 26 24

 

“എന്തൊക്കെ സംഭവിച്ചാലും ശരി, ഇതിനി ഇങ്ങനെ വിടാൻ ഞങ്ങളെക്കൊണ്ട് പറ്റില്ല ബാലേട്ടാ… നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും ആ നരിമാടന്റെ വായിലേക്ക് ഇട്ടുകൊടുത്ത്, വാതിലുമടച്ച് ഭയന്ന് ജീവിക്കാൻ ഇനി ഞങ്ങൾക്കില്ല! നമ്മുടെ വീടിന്റെ പടിവാതിലിൽ വരെ മരണം വന്ന് നിൽക്കുമ്പോൾ, അവൻ ഏത് വലിയ ദുഷ്ടശക്തിയായാലും ഞങ്ങൾക്കിനി നോക്കിനിൽക്കാൻ പറ്റില്ല. നമ്മുടെ കുടുംബത്തിനുവേണ്ടി, നമ്മുടെ മക്കളുടെ ജീവനുവേണ്ടി ഞങ്ങൾ ആണുങ്ങളും പെണ്ണുങ്ങളും കൂടെ ഇന്ന് ഇറങ്ങുകയാ… അതിനിടയിൽ അവനോട് പൊരുതി സ്വന്തം ജീവൻ പോയാലും ഞങ്ങൾക്കൊരു ചുക്കുമില്ല!”

 

ജനക്കൂട്ടത്തിന്റെ ഈ അലർച്ചകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ ബാലു അങ്കിൾ ശരിക്കും പകച്ചുനിൽക്കുകയായിരുന്നു.

 

ദിവസങ്ങളായി അടക്കിപ്പിടിച്ചിരുന്ന ഭയം ഇപ്പോൾ അതിജീവനത്തിനായുള്ള വല്ലാത്തൊരു ദേഷ്യമായി മാറിയിരിക്കുന്നു. ഇത്രയും കാലം അന്ധവിശ്വാസമെന്നും കെട്ടുകഥയെന്നും കരുതിയിരുന്ന നരിമാടൻ യാഥാർത്ഥ്യമായി തങ്ങളുടെ മുന്നിലെത്തിയെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആ നാട്ടുകാർ.

 

മനുഷ്യർ അവരുടെ ഏറ്റവും അവസാനത്തെ നിലനിൽപ്പിനായി, ഏത് ഇരുട്ടിന്റെ ശക്തിയോടും പൊരുതാൻ തീരുമാനിച്ചുറപ്പിച്ച ഒരു നിമിഷമായിരുന്നു അത്….

 

നാട്ടുകാരുടെ ഈ വാക്കുകൾ കേട്ടപ്പോൾ ബാലു അങ്കിളിന്റെ മുഖത്ത് പെട്ടെന്ന് വലിയൊരു മാറ്റം വന്നു.

 

കുറെ നേരത്തെ ആ പകപ്പും നിസ്സഹായതയും മാറി, അവിടെ വല്ലാത്തൊരു ദൃഢനിശ്ചയം നിറയുന്നത് ഞാൻ കണ്ടു. എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അദ്ദേഹം ആരുടേയും മുഖത്തേക്ക് നോക്കാതെ വേഗം വീടിനുള്ളിലേക്ക് നടന്നു.

 

നിമിഷങ്ങൾക്കകം അദ്ദേഹം തിരികെ ഉമ്മറത്തേക്ക് വന്നത് കയ്യിലൊരു തോക്കുമായാണ്… പഴയകാലത്തെ ഒരു ഡബിൾ ബാരൽ ഗൺ! അപ്പോഴേക്കും മുറ്റത്ത് ഇരുട്ട് പൂർണ്ണമായും വീണു കഴിഞ്ഞിരുന്നു.

 

തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ ആ തോക്കിന്റെ തിളക്കം എനിക്ക് വ്യക്തമായി കാണാമായിരുന്നു.

 

“നിങ്ങൾ എല്ലാവരും വേഗം അകത്ത് കയറി കതകടച്ചു കുറ്റിയിട്. ഇനി എന്ത് സംഭവിച്ചാലും ആരും പുറത്തിറങ്ങരുത്!”

 

അങ്കിൾ ഞങ്ങളെല്ലാവരെയും നോക്കി വളരെ കർശനമായ സ്വരത്തിൽ പറഞ്ഞു,

 

നിധി പെട്ടെന്ന് മുന്നോട്ട് വന്ന് അങ്കിളിന്റെ കയ്യിൽ പിടിച്ചു തടയാൻ ശ്രമിചെങ്കിലും

 

ഈ വലിയ ജനക്കൂട്ടത്തിന്റെ വികാരങ്ങൾക്ക് മുന്നിൽ, സ്വന്തം നാടിന്റെ അതിജീവനത്തിന് മുന്നിൽ അങ്കിൾ അവളുടെ വാക്കുകൾ കേൾക്കാൻ തയ്യാറല്ലായിരുന്നു. അദ്ദേഹം നിധിയുടെ കൈ പതുക്കെ വിടുവിച്ചു. ശേഷം ആ ജനക്കൂട്ടത്തിന് നടുവിലേക്ക്, അവരെ നയിക്കുന്ന ഒരു നേതാവിനെപ്പോലെ ആ തോക്കും പിടിച്ച് അദ്ദേഹം ഗാംഭീര്യത്തോടെ നടന്നിറങ്ങി.

 

അത് കണ്ടതും നാട്ടുകാരുടെ ആവേശവും ധൈര്യവും ഇരട്ടിച്ചു. അവർ വലിയൊരു പോരാട്ടത്തിന് തയ്യാറെടുത്ത് മുറ്റത്തുനിന്നും പടിയിറങ്ങാൻ തുടങ്ങി.

 

അവർ ഗേറ്റിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് ദൂരെ നിന്നും ആ ശബ്ദം കേട്ടത്. രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട്, കാതടപ്പിക്കുന്ന സൈറൺ മുഴക്കി കുറച്ചു വാഹനങ്ങൾ അങ്ങോട്ട് പാഞ്ഞുവരികയായിരുന്നു.

 

മുറ്റത്തുനിന്ന എല്ലാവരും ആ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി നിന്നുപോയി. നിമിഷങ്ങൾക്കകം വീടിന്റെ ഗേറ്റിന് മുന്നിലായി വലിയ ശബ്ദത്തിൽ ബ്രേക്കിട്ട് ആ വാഹനങ്ങൾ നിന്നു. ചുറ്റും കറങ്ങുന്ന ചുവപ്പും നീലയും ലൈറ്റുകളുടെ വെളിച്ചത്തിൽ ഞാൻ ആ വാഹനങ്ങളെ വ്യക്തമായി കണ്ടു. മൂന്ന് പോലീസ് ജീപ്പുകളും, അതിന് പിന്നിലായി പോലീസുകാരെ കുത്തിനിറച്ച ഒരു വലിയ ബസ്സും! ഗേറ്റിന് പുറത്ത് വലിയൊരു പോലീസ് പട തന്നെയായിരുന്നു ഉണ്ടായിരുന്നത്…..

 

ജീപ്പുകളിൽ നിന്നും ബസ്സിൽ നിന്നുമൊക്കെയായി പോലീസുകാർ ധൃതിയിൽ പുറത്തേക്കിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *