നിധിക്ക് തന്റെ മോതിരത്തിന്റെ അപാരമായ ശക്തിക്കൊണ്ട് സ്വന്തം അച്ഛന്റെയും അമ്മയുടെയും മനസ്സിലെ ഈ അസ്വസ്ഥതകളെയും ചോദ്യങ്ങളെയും തൽക്ഷണം നിയന്ത്രിക്കാമായിരുന്നു. പക്ഷേ, അവിടെ അവൾക്ക് സ്നേഹമെന്ന വലിയൊരു ചരട് വിലങ്ങുതടിയായി നിന്നു.
അവർ തന്റെ അച്ഛനും അമ്മയുമാണ്; അവരോട് തന്റെ മാന്ത്രികശക്തി പ്രയോഗിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
“നിധി, എന്താ ഇതൊക്കെ? ആ ചെക്കൻ എങ്ങോട്ടാ ഓടിയത്? അതും ഇത്ര വേഗത്തിൽ. ഇവിടെ എന്താ നടക്കുന്നത്?”
ബാലുവിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. ഗീതയും വല്ലാത്തൊരവസ്ഥയിൽ മകളെ മുറുകെ പിടിച്ചു.
നിധി അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു,
“അച്ഛാ, അമ്മേ… നിങ്ങൾ വിഷമിക്കണ്ട, ഞാൻ… ഞാൻ എല്ലാം പറയാം…പക്ഷെ ഞങ്ങൾക്കതികം സമയമില്ല. അവരുടെ കൂടെ ഞങ്ങൾക്കും പോണം…”
എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞതും അവർ വീണ്ടും അവളെ പിടിച്ചു നിർത്തി. അവർക്ക് കൃത്യമായ ഉത്തരങ്ങൾ വേണമായിരുന്നു.
അങ്ങനെ അവർക്കിടയിൽ വാക്കുതർക്കങ്ങൾ നടക്കുന്നതിനിടയിലാണ്, പെട്ടെന്ന് ആ ഭയാനകമായ മനുഷ്യനിലവിളി ഉയർന്നത്!
അതൊരു സാധാരണ നിലവിളിയായിരുന്നില്ല….തൊണ്ട പൊട്ടുമാറുണ്ടായ, ജീവൻ ആർത്തിയോടെ പിടിച്ചുവാങ്ങുമ്പോൾ ഉണ്ടാകുന്ന കരളലിയിക്കുന്ന ഒരു വിലാപം.
അവിടെയുണ്ടായിരുന്ന എല്ലാവരും ഒരേസമയം ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അവിടെ, പോലീസുകാരുടെ ജീപ്പുകൾക്കും അപ്പുറത്തുള്ള ഇരുളിൽ, ഒരു വലിയ കുളം പോലെ ചോര ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു. അതിനടുത്തായി വലിയൊരു കറുത്ത രൂപം കുനിഞ്ഞു നിൽപ്പുണ്ട്.
നിലാ വെളിച്ചത്തിൽ അത് തെളിഞ്ഞു കണ്ടു.
അതൊരു മനുഷ്യനായിരുന്നില്ല. അതേ…സാക്ഷാൽ നരിമാടൻ! തറയിൽ നിന്ന് ഏഴടിയിലേറെ ഉയരം, കൂറ്റൻ മരത്തടികൾ പോലെയുള്ള കൈകാലുകൾ, പേശികൾ വരിഞ്ഞുമുറുകിയ ഭയാനകമായ കറുത്ത ശരീരം. അതിന്റെ കണ്ണുകൾ കത്തുന്ന കനൽ പോലെ ഇരുട്ടിൽ ചുവന്നു തിളങ്ങുന്നുണ്ടായിരുന്നു.
വായ തുറന്നപ്പോൾ കൂർത്ത വലിയ പല്ലുകളിൽ നിന്ന് അപ്പോൾ കൊന്ന ഇരയുടെ രക്തം ഇറ്റിറ്റ് വീഴുന്നുണ്ട്. വലിയ കുന്തം പോലെയുള്ള നഖങ്ങൾ കൊണ്ട് അത് ആ മനുഷ്യശരീരത്തെ പൂർണ്ണമായും പിച്ചിചീന്തിയിട്ടുണ്ടായിരുന്നു. ഒരു മനുഷ്യനായിരുന്നു അതെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം അതൊരു വെറും മാംസപ്പിണ്ഡമായി മാറിയിരിക്കുന്നു.
നരിമാടൻ പതുക്കെ തലയുയർത്തി അവിടെ ഭയന്നുവിറച്ചു നിൽക്കുന്ന ആൾക്കൂട്ടത്തെ നോക്കി. അതിന്റെ നോട്ടത്തിൽ ഒരു വേട്ടക്കാരന്റെ ക്രൂരതയും രക്തദാഹവും വഴിഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ ഭീമാകാരമായ രൂപം കണ്ടുനിന്ന പോലീസുകാരുടെയും നാട്ടുകാരുടെയും നെഞ്ചിടിപ്പ് നിലച്ചുപോയി.
പോലീസുകാരുടെ കയ്യിലെ ആയുധങ്ങൾ പോലും താഴെ വീണു. ഗീതയും മറ്റ് സ്ത്രീകളും വിറങ്ങലിച്ച് പുറകോട്ട് മാറി.
ആ വലിയ കറുത്ത ശരീരം അവിടെ നിൽക്കുന്ന മനുഷ്യർക്ക് നേരെ പതുക്കെ ഒരടി വെച്ചു. അതിന്റെ ഓരോ ചുവടിലും ആ മണ്ണ് വിറയ്ക്കുന്നതുപോലെ തോന്നി. ഇന്ദ്രനീലത്തിലെ മണ്ണിൽ വേട്ടയാടൽ തുടങ്ങിക്കഴിഞ്ഞിരുന്നു…..
_____________________________________________
ആമിയുടെ മുറിയിലെ അന്തരീക്ഷം ഭയാനകമാംവിധം തണുത്തുറഞ്ഞു.
മുന്നിൽ നിൽക്കുന്ന ആ കറുത്ത വസ്ത്രധാരിണിയെ കണ്ടതും ആമി തന്റെ സർവ്വ ശക്തിയുമെടുത്ത് വിരലിലെ മോതിരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
തന്നിലെ ഇരുളും ശക്തിയും പുറത്തുവരണമെന്ന് അവൾ മനസ്സുകൊണ്ട് ആഞ്ഞു പ്രാർത്ഥിച്ചു.
പക്ഷേ, മോതിരത്തിൽ നിന്നും ഒരു ചെറിയ മിന്നൽ പോലും പുറത്തുവന്നില്ല. അത് തികച്ചും നിർജീവമായൊരു ലോഹം പോലെ അവളുടെ വിരലിൽ കിടന്നു.
ആമി പരിഭ്രമത്തോടെ വീണ്ടും ശ്രമിച്ചു. ഇത്തവണ കൂടുതൽ ശക്തിയോടെ, തന്നിലുള്ള ഇരുട്ടിനെ പുറത്തുകൊണ്ടുവരാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു.
