നിധിയുടെ കാവൽക്കാരൻ – 26 24

 

അവളൊന്ന് നിർത്തി, ഉമ്മറത്തെ ആ വലിയ നിശ്ശബ്ദതയിലേക്ക് നോക്കിയിട്ട് വീണ്ടും ചോദിച്ചു:

 

“എന്തൊക്കെയാ ഈ നാട്ടിൽ സംഭവിക്കുന്നത്

പുറത്ത് ജീപ്പും പോലീസും, എല്ലാവരും വാതിലടച്ച് ഉള്ളിൽ ഇരിക്കുന്നു… ഞങ്ങൾ വരുന്ന വഴിക്ക് ആരുടെയോ മുറ്റത്ത് ചോരയിൽ കുളിച്ചൊരു ശരീരം… എന്താ ഇതൊക്കെ?”

 

ആ ചോദ്യങ്ങൾ കേട്ടതും ഗീതാന്റിയുടെ മുഖത്തെ ചോരയോട്ടം ഒന്നുകൂടി നിലച്ചു. അവർ വലിയൊരു നിസ്സഹായതയോടെ ബാലു അങ്കിളിന്റെ മുഖത്തേക്ക് നോക്കി.

 

പെട്ടെന്നുണ്ടായ ആ ചോദ്യങ്ങളെ എങ്ങനെ നേരിടണം എന്നറിയാതെ അങ്കിൾ നോട്ടം മാറ്റുന്നത് ഞാൻ കണ്ടു.

 

ഗീതാന്റി വല്ലാതെ പരുങ്ങിക്കൊണ്ട് പറഞ്ഞു തുടങ്ങി, “അത്… അത് പിന്നെ മോളെ… നാട്ടിൽ ചെറിയൊരു രാഷ്ട്രീയ പ്രശ്നം… രണ്ട് പാർട്ടിക്കാർ തമ്മിൽ വലിയൊരു അടി നടന്നു… അതാ പോലീസ്. പിന്നെ… പിന്നെ ഇവിടെ അടുത്തൊരു പുതിയ പകർച്ചവ്യാധി പടരുന്നുണ്ടെന്ന് കേട്ടു, അതുകൊണ്ടാ എല്ലാവരും വാതിലടച്ച് ഇരിക്കുന്നത്…”

 

അവരത് പറഞ്ഞു നിർത്തുമ്പോഴേക്കും അത് പച്ചക്കള്ളമാണെന്ന് അവിടെ നിന്ന ഞങ്ങൾക്കെല്ലാവർക്കും മനസ്സിലായിരുന്നു. ആ നുണ വിശ്വസിപ്പിക്കാൻ മാത്രം നല്ലൊരു അഭിനയത്രിയൊന്നുമായിരുന്നില്ല ഗീതാന്റി.

 

അവരുടെ കണ്ണുകളിലെ ആ വലിയ ഭയവും പതർച്ചയും ആ കള്ളത്തെ അപ്പടി പൊളിച്ചടുക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ സംഘർഷമോ പകർച്ചവ്യാധിയോ അല്ല ഇതിന് പിന്നിലെന്ന്, മാന്ത്രിക ലോകത്തെ നേരിട്ട് കണ്ട് വന്ന ഞങ്ങൾക്ക് വ്യക്തമായി അറിയാമായിരുന്നു.

 

ഇവർ എന്തോ വലിയൊരു കാര്യം ഞങ്ങളിൽ നിന്നും മറച്ചുവെക്കുകയാണ് പക്ഷെ അതിന്റെ ആയുസ്സ് എനിക്ക് നിധിയെ ഒറ്റക്ക് കിട്ടുന്നതുവരയെ ഉള്ളു…..

 

അവൾ കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപായി, ബാലു അങ്കിളിന്റെ കണ്ണുകൾ ഞങ്ങൾക്ക് പിന്നിലായി ഒട്ടും ശബ്ദമുണ്ടാക്കാതെ നിൽക്കുന്ന നാഗികയിലേക്കും തക്ഷകനിലേക്കും നീണ്ടു.

 

അപരിചിതരായ ആ രണ്ടുപേരെ കണ്ടതും അങ്കിളിന്റെ മുഖത്ത് വീണ്ടും വലിയൊരു സംശയം നിറഞ്ഞു.

 

“ഇതാരാ…? ഈ കൂടെ വന്നിരിക്കുന്നത്?”

 

അങ്കിൾ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.

 

ഗീതാന്റിയും ഐഷു ചേച്ചിയും സംശയത്തോടെ അവരെത്തന്നെ നോക്കി നിന്നു.

 

പെട്ടെന്ന് ഒരു പതർച്ചയുമില്ലാതെ നിധി പറഞ്ഞു,

 

“ഓ, ഞാൻ പറയാൻ മറന്നു അച്ഛാ… ഇവർ ഞങ്ങൾ പോയ സ്ഥലത്ത് വെച്ച് പരിചയപ്പെട്ടതാ…. ഇവര് റിസേർച്ചിന്റെ ഭാഗമായിട്ട് കാടും മലയുമൊക്കെ കാണാനും പഠിക്കാനും ഇറങ്ങിയതാ. ഇങ്ങോട്ട് വരാൻ അവിടെ വണ്ടിയൊന്നും കിട്ടിയില്ല, അപ്പൊ നമ്മുടെ കൂടെ ഇങ്ങ് പോന്നു. രണ്ടുമൂന്നു ദിവസം ഈ നാട്ടിലെ കാഴ്ചകളൊക്കെ കണ്ട് കഴിഞ്ഞേ ഇവർ തിരിച്ചുപോകൂ.”

 

വളരെ വിശ്വസനീയമായ ഒരു കള്ളം!

 

നാഗികയുടെയും തക്ഷകന്റെയും ഗാംഭീര്യമുള്ള ആ നിൽപ്പിനും, അവർ ഇട്ടിരിക്കുന്ന അല്പം വ്യത്യസ്തമായ വസ്ത്രങ്ങൾക്കുമൊക്കെ ചേരുന്ന ഒരു ഉഗ്രൻ കഥയായിരുന്നു നിധി പെട്ടെന്ന് ഉണ്ടാക്കി പറഞ്ഞത്. ഈ വലിയ ടെൻഷനിടയിൽ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ബാലു അങ്കിളും ഗീതാന്റിയും അത് വിശ്വസിച്ചതുപോലെ തലയാട്ടി.

 

“ശരി… എല്ലാവരും പോയി ഫ്രഷാവാൻ നോക്ക്. ഞങ്ങൾ കുറച്ചു ഭക്ഷണം എടുത്തു വെക്കാം,”

 

എന്ന് പറഞ്ഞ് ഗീതാന്റി വേഗം ഐഷു ചേച്ചിയെയും കൂട്ടി അടുക്കളയിലേക്ക് നടന്നു.

 

ആ പോക്കിലും അവരുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. വരാൻ പോകുന്ന വലിയൊരു കൊടുംകാറ്റിന്റെ ചെറിയൊരു സൂചന മാത്രമാണ് ഈ കാണുന്നതെന്ന് എന്റെയുള്ളിലെ ഏതോ ഒരു അദൃശ്യശബ്ദം എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു….

 

അങ്കിളും, ആന്റിയും അടുക്കളയിലേക്ക് പോയ തക്കത്തിന്, ഞങ്ങൾ വേഗം കോണിപ്പടികൾ കയറി മുകളിലത്തെ നിലയിലുള്ള നിധിയുടെ മുറിയിലേക്ക് പോയി.

 

വാതിലടച്ച് കുറ്റിയിട്ട പാടെ ഞാൻ വേഗം ചെന്ന് നിധിയുടെ കൈകളിൽ മുറുകെ പിടിച്ചു. എന്റെ നോട്ടം വളരെ കൂർത്തതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *