നിധിയുടെ കാവൽക്കാരൻ – 26 24

 

“അല്ലെങ്കിൽ വേണ്ട… നിങ്ങളായിട്ട് നടന്നുപോകണ്ട.”

 

അത്രയും പറഞ്ഞിട്ട് അയാൾ മുറ്റത്ത് ജീപ്പിനടുത്ത് നിന്നിരുന്ന മറ്റൊരു പോലീസുകാരനെ വിളിച്ചു.

 

“എടോ രമേശേ… താൻ ആ ജീപ്പ് ഒന്നൂടെ എടുത്തേ. ഈ പിള്ളേരെ അവരുടെ വീട്ടിൽ കൊണ്ടാക്കിയിട്ട് വേഗം തിരിച്ചു വാ.”

 

അതുകേട്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി. പകൽ വെളിച്ചത്തിൽ, സ്വന്തം നാട്ടിലെ റോഡിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത വിധം എന്താണ് ഇവിടെ സംഭവിച്ചത്? ആർക്കും ഒരു ഉപദ്രവവുമില്ലാത്ത സാധാരണക്കാരായ ഈ ഗ്രാമവാസികളെ സംരക്ഷിക്കാൻ പോലീസിന് പോലും വലിയൊരു പാടുപെടേണ്ടി വരുന്നുവെങ്കിൽ, ഇന്ദ്രനീലത്തിൽ ഇപ്പോഴുള്ള ആ വലിയ ഭീഷണി എന്താണെന്ന് ഓർത്ത് എന്റെ ഉള്ളൊന്ന് കാളി.

 

ഞങ്ങൾ യാതൊരു മറുചോദ്യവുമില്ലാതെ, രമേശൻ എന്ന് പേരുള്ള ആ പോലീസുകാരനൊപ്പം ജീപ്പിനടുത്തേക്ക് നടന്നു.

 

ഞങ്ങൾ എല്ലാവരും വേഗം തന്നെ ആ പോലീസ് ജീപ്പിലേക്ക് കയറി. ആദ്യം ജീപ്പ് നിർത്തിയത് റോസിന്റെ വീടിന് മുന്നിലായിരുന്നു. റോസും അവളോടൊപ്പം കൃതികയും അവിടെ ഇറങ്ങി.

 

കൂടെ പോലീസുകാരൻ ഉള്ളതുകൊണ്ട് കൂടുതൽ സംസാരിക്കാനൊന്നും ആരും നിന്നില്ല.

 

അടുത്തത് ആമിയുടെ വീടായിരുന്നു. വണ്ടി നിന്നതും ഇറങ്ങാൻ തുടങ്ങിയ അവളുടെ മുഖത്ത് വല്ലാത്തൊരു ഭയമുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിൽ അവളെ ഒറ്റയ്ക്ക് വിട്ടുപോകുന്നതിന്റെ ചെറിയൊരു ആശങ്ക എനിക്കുമുണ്ടായിരുന്നു.

 

ഞാൻ പതുക്കെ അവളുടെ കൈകളിൽ ബലമായി പിടിച്ചു.

 

“പേടിക്കണ്ട… ഒന്നും സംഭവിക്കില്ല. ഞാൻ വിളിക്കാം,”

 

എന്ന് പതുക്കെ പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു.

 

എന്റെ ആ വാക്കുകൾ അവൾക്കൊരു ധൈര്യം നൽകിയെന്ന് തോന്നി. അവൾ പതുക്കെ തലയാട്ടിയിട്ട് വണ്ടിയിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു.

 

പിന്നെ വണ്ടി നേരെ പോയത് നിധിയുടെ വീട്ടിലേക്കാണ്. വീടിന് മുന്നിൽ വണ്ടി നിന്നതും ഞാനും നിധിയും സച്ചിനും രാഹുലും പുറത്തേക്കിറങ്ങി. ഞങ്ങളോടൊപ്പം ഒട്ടും ശബ്ദമുണ്ടാക്കാതെ തക്ഷകനും നാഗികയും ഇറങ്ങിയിരുന്നു.

 

ഞങ്ങളെ ഇറക്കിവിട്ട് ആ പോലീസ് ജീപ്പ് തിരികെ പോകുന്നതും നോക്കി ഞങ്ങൾ കുറച്ചുനേരം ആ മുറ്റത്ത് നിന്നു.

 

ജീപ്പ് കണ്ണിൽനിന്നും മറഞ്ഞതും ഞങ്ങൾ പതുക്കെ ഉമ്മറത്തേക്ക് കയറി. നിധി ചെന്ന് മുൻവാതിലിൽ രണ്ടുതവണ തട്ടി വിളിച്ചു.

 

കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം വാതിൽ പതുക്കെ ഒന്ന് തുറന്നു. അടുത്ത നിമിഷം, വാതിലിനിടയിലൂടെ പുറത്തേക്ക് വന്ന ഒരു കൈ പെട്ടെന്ന് നിധിയെ പിടിച്ച് അകത്തേക്ക് വലിച്ചു!

 

ഒട്ടും സമയം കളയാതെ ഞങ്ങൾ എല്ലാവരും പിന്നാലെ അകത്തേക്ക് കയറി. ഉള്ളിൽ വല്ലാത്തൊരു ഭയത്തോടെ നിൽക്കുന്ന നിധിയുടെ അച്ഛനെയും അമ്മയെയും ഞാൻ കണ്ടു. അവർക്ക് പുറമെ അവിടെ ഐഷു ചേച്ചിയും ഉണ്ടായിരുന്നു.

 

എല്ലാവരുടെയും മുഖത്ത് ചോരയോട്ടം നിന്നതുപോലെയുള്ള ഒരു വിളർച്ചയുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും അകത്ത് കയറിയതും, നിധിയുടെ അച്ഛൻ വേഗത്തിൽ ആ വാതിൽ വലിച്ചടച്ച് ഭദ്രമായി കുറ്റിയിട്ടു. വാതിലടഞ്ഞതോടെ ആ വീടിനുള്ളിൽ ശ്വാസംമുട്ടിക്കുന്ന വലിയൊരു നിശ്ശബ്ദത നിറഞ്ഞുനിന്നു….

 

ഗീതാന്റി വേഗം വന്ന് നിധിയുടെ രണ്ടുകൈകളിലും മുറുകെ പിടിച്ചു. അവരുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നോ….?

 

“മോളെ… നീയെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ?അതും ഒരു വിവരവും തരാതെ പെട്ടെന്ന്… അവിടെ എവിടെയെങ്കിലും കുറച്ചു ദിവസം കൂടെ നിനക്ക് നിൽക്കാമായിരുന്നില്ലേ…?”

 

ആ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ ഉപരി, സ്വന്തം മകളെക്കുറിച്ചുള്ള വലിയൊരു ആധിയായിരുന്നു.

 

ഇതുകേട്ട് നിധിക്ക് വല്ലാത്തൊരു ഈർഷ്യ തോന്നി. അവൾ അമ്മയുടെ പിടിയിൽ നിന്നും കൈകൾ വിടുവിച്ചുകൊണ്ട് ചോദിച്ചു:

 

“എനിക്ക് ക്ലാസ്സുള്ളതല്ലേ അമ്മ.. അങ്ങനെ എത്ര ദിവസമാ ഞാൻ മാറിനിൽക്കുക? അല്ലെങ്കിൽ തന്നെ ഞാൻ ഇങ്ങോട്ട് വന്നാൽ എന്താ അമ്മേ ഇത്ര വലിയ പ്രശ്നം? ഇതെന്റെ വീടല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *