നിധിയുടെ കാവൽക്കാരൻ – 26 24

 

ബാലു അങ്കിളിന്റെ ആ വാക്കുകൾ ജനക്കൂട്ടത്തിൽ വലിയൊരു ആവേശമുണ്ടാക്കി. അവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നത് പോലെ അലറാൻ തുടങ്ങി. തോക്കിൻ മുനയിൽ നിർത്താൻ കഴിയുന്നതിനും അപ്പുറത്തേക്ക് ആ നാട്ടിൻപുറത്തുകാരുടെ വികാരങ്ങൾ മാറിയിരുന്നു.

 

എന്ത് മറുപടി പറയണമെന്നറിയാതെ, മുറിവേറ്റ തന്റെ പോലീസുകാരെയും നോക്കി ആ ഓഫീസർ ശരിക്കും പകച്ചുനിന്നുപോയി. പഴുതുകളില്ലാത്ത പോലീസിന്റെ ആ വലിയ കവർ അപ്പ് ഓപ്പറേഷൻ അവിടെ പൂർണ്ണമായും പൊളിഞ്ഞു വീഴുകയായിരുന്നു….

 

പോലീസ് ഓഫീസറുടെ മുഖം കടുത്തു.

 

ചർച്ചകൾ കൊണ്ട് കാര്യമില്ലെന്ന് മനസ്സിലായ അയാൾ, ചുറ്റും നിൽക്കുന്ന തന്റെ സേനാംഗങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകി.

 

“ഞാൻ അവസാനമായി പറയുകയാണ്, ആയുധങ്ങൾ താഴെ വെച്ച് എല്ലാവരും ഇവിടുന്ന് പിരിഞ്ഞുപോകണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ബലം പ്രയോഗിക്കേണ്ടി വരും. ആരെയും അറസ്റ്റ് ചെയ്യാൻ ഞങ്ങൾക്ക് മടിയില്ല!”

 

അയാളുടെ ശബ്ദത്തിൽ വെറുമൊരു ഭീഷണിയിലുപരി, കാര്യങ്ങൾ കൈവിട്ടുപോയതിന്റെ ഒരു കടുത്ത ജാള്യത ഉണ്ടായിരുന്നു.

 

എന്നാൽ ഈ ഭീഷണി ബാലു അങ്കിളിനെയും നാട്ടുകാരെയും ഒട്ടും സ്വാധീനിച്ചില്ല. മറിച്ച്, അങ്കിളിന്റെ കണ്ണുകളിൽ ഒരുതരം കത്തുന്ന പകയാണ് കണ്ടത്. അദ്ദേഹം മുന്നോട്ട് ഒരടി വെച്ച്, തോക്കിന്റെ കുഴൽ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് ഉറക്കെ പറഞ്ഞു,

 

“ബലം പ്രയോഗിക്കാനോ? ഞങ്ങളുടെ മുറ്റത്ത് വന്ന് ഞങ്ങൾക്കിട്ട് തന്നെ ബലം പ്രയോഗിക്കാനോ സാർ വന്നത്? ഈ നാട്ടിൽ സ്വന്തം വീട്ടിലിരുന്ന് സമാധാനമായി ഉറങ്ങാൻ പോലും കഴിയാത്തവരാണ് ഞങ്ങൾ. ഇനി ഞങ്ങളെ പേടിപ്പിക്കാൻ നോക്കണ്ട!”

 

അതൊരു തീപ്പൊരിയായിരുന്നു. ആ വാക്ക് അവസാനിച്ചതും മുറ്റത്ത് തടിച്ചുകൂടിയ നാട്ടുകാർ ഒന്നടങ്കം മുന്നോട്ട് ഇരമ്പിക്കയറി. പോലീസ് വട്ടം കൂടി നിന്ന് തടയാൻ ശ്രമിച്ചെങ്കിലും, ആവേശവും ദേഷ്യവും കൊണ്ട് ഉന്മത്തരായ ജനക്കൂട്ടത്തെ പിടിച്ചുനിർത്താൻ അവർ പാടുപെട്ടു.

 

ആദ്യത്തെ തള്ളലിൽ തന്നെ ഒരു പോലീസ് ജീപ്പിന്റെ മുകളിൽ വെച്ചിരുന്ന ലാത്തിക്കൂട്ടം നിലത്തുവീണു. അടുത്തുനിന്നൊരു യുവാവ് ആ ലാത്തിയെടുത്ത് വായുവിൽ വീശി. പിന്നെ ഒട്ടും കാത്തിരുന്നില്ല, ഇരുട്ടിന്റെ മറവിൽ ഒരു വലിയ അടിയും തള്ളലും തന്നെ അരങ്ങേറി.

 

ഒരാൾ പോലീസ് ഓഫീസറുടെ തോളിൽ പിടിച്ചു തള്ളിയതോടെ കാര്യങ്ങൾ കൈവിട്ടു.

 

പോലീസുകാർ അടിച്ചതിനും പിടിച്ചുതള്ളിയതിനും മറുപടിയായി നാട്ടുകാർ അവരുടെ കൈയ്യിലുണ്ടായിരുന്ന തീപ്പന്തങ്ങൾ വായുവിൽ ചുഴറ്റി.

 

“എടാ എടാ… പിള്ളേരേ, ഇവന്മാരെ വിടരുത്!”

 

ആരോ ഒരാൾ ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേട്ടു.

 

കലാപത്തിന്റെ രൂപത്തിലേക്ക് ആ മുറ്റം പെട്ടെന്ന് മാറി. പോലീസ് യൂണിഫോമുകളും നാട്ടുകാരുടെ മുഷിഞ്ഞ വസ്ത്രങ്ങളും അങ്ങോട്ടുമിങ്ങോട്ടും പിണഞ്ഞു കിടന്നു. പോലീസുകാരുടെ ലാത്തികൾ നാട്ടുകാരുടെ തോളിൽ വീഴുമ്പോൾ, തിരിച്ചുള്ള പ്രഹരങ്ങൾ പോലീസുകാരുടെ ഹെൽമറ്റുകളിലും മറ്റും പതിക്കുന്നുണ്ടായിരുന്നു. തള്ളലിലും വീഴ്ചയിലും ഉമ്മറത്തെ ചെടിച്ചട്ടികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.

 

ഞാനും നിധിയും രാഹുലും സച്ചിനും ബാക്കിയുള്ളവരും സിറ്റ്ഔട്ടിൽ നിന്നും അതെല്ലാം കണ്ട് പകച്ചുനിന്നുപോയി. ഇതൊരു സാധാരണ അടിപിടിയല്ല, മറിച്ച് മരണം മുന്നിൽ കണ്ട മനുഷ്യർ നടത്തുന്ന ഒരു ആത്മഹത്യാപരമായ പോരാട്ടമാണ്.

 

പോലീസുകാരുടെ വലിയ ബസ്സും ജീപ്പുകളുമൊക്കെ ആ അടിപിടിയുടെ നടുവിൽ പെട്ടുപോയി.

 

ആരെങ്കിലും ഒരാൾ തോക്ക് ഉയർത്തുമോ എന്ന് ഭയന്ന് എന്റെ നെഞ്ചിടിപ്പ് നിലച്ചുപോയി. ബാലു അങ്കിൾ ആ ജനക്കൂട്ടത്തിന് നടുവിൽ, പുകയുന്ന തീപ്പന്തങ്ങൾക്കിടയിൽ, എന്തോ വലിയൊരു പ്രളയത്തെ തടയാൻ ശ്രമിക്കുന്നതുപോലെ അവിടെ കിടന്ന് അലറുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *