അവനൊന്ന് നിർത്തി, പിന്നെ എന്റെ മുഖത്തേക്ക് തിരിഞ്ഞ് വളരെ ഗൗരവത്തിൽ പറഞ്ഞു:
“നമുക്കിനി അധികം സമയമില്ല ദേവാ!അവൾ കൂടുതൽ കാത്തുനിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സമയം അതിവേഗം നമ്മുടെ കൈകളിൽ നിന്നും വഴുതിമാറുകയാണ്.”
അവന്റെ ആ വാക്കുകൾ എന്റെ നെഞ്ചിൽ വലിയൊരു കൊള്ളിയാൻ പോലെയാണ് വന്ന് തറച്ചത്. വിചാരിക്കുന്നതിനും മുൻപേ എല്ലാം അവസാനിക്കുമോ? എന്റെ നെഞ്ചിടിപ്പ് വേഗത്തിലായി.
അപ്പോഴാണ് താഴെ നിന്നും ഗീതാന്റിയുടെ വിളി കേട്ടത്. “പിള്ളേരേ… താഴേക്ക് വാ, ഭക്ഷണം എടുത്തുവെച്ചിട്ടുണ്ട്!”
ആ വിളി ഞങ്ങളെ എല്ലാവരെയും യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു. താഴേക്ക് പോകുന്നതിന് മുൻപ് ഞാൻ ആ ജനാലയിലൂടെ നിധിമലയിലേക്ക് ഒന്നുകൂടി നോക്കി. ഉച്ചയുടെ ആ വെളിച്ചത്തിലും, ആ മലയുടെ മുകളിൽ മാത്രം കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നതുപോലെ എനിക്ക് തോന്നി. വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ വലിയൊരു മുന്നറിയിപ്പ്!
താഴെപ്പോയി ഡൈനിങ് ടേബിളിലിരുന്ന് യാതൊരു സ്വാദും അറിയാതെയാണ് ഞങ്ങൾ ഭക്ഷണം കഴിച്ചത്.
ഗീതാന്റിയും ബാലു അങ്കിളും അവിടെത്തന്നെ ഉള്ളതുകൊണ്ട് ആരും കൂടുതലൊന്നും സംസാരിച്ചില്ല. ഭക്ഷണം കഴിഞ്ഞതും അനാവശ്യമായ സംസാരങ്ങൾക്കൊന്നും നിൽക്കാതെ എല്ലാവരും അവരവരുടെ മുറികളിലേക്ക് തിരിച്ചു.
താഴത്തെ നിലയിലുള്ള ഒരു ഗസ്റ്റ് റൂം നിധി തക്ഷകനും നാഗികയ്ക്കും ശരിയാക്കിക്കൊടുത്തിരുന്നു. യാതൊരു ശബ്ദവുമില്ലാതെ അവർ അങ്ങോട്ട് മാറി.
ഞാൻ പതുക്കെ കോണിപ്പടികൾ കയറി മുകളിലുള്ള മുറിയിലേക്ക് നടന്നു.
മുറിയിൽ കയറി വാതിലടച്ച ശേഷം, വലിയൊരു ക്ഷീണത്തോടെ ബെഡിലേക്ക് ഞാൻ കിടന്നു. കണ്ണുകൾ അടച്ചിട്ടും ഉറക്കം വരുന്നില്ല. മനസ്സിൽ നിറയെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളായിരുന്നു. എവിടെയോ എന്തോ വലിയൊരു പിഴവ് സംഭവിച്ചിട്ടുണ്ട്… മുൻപ് കടന്നുപോയ ലൂപ്പുകളിലെ പറഞ്ഞു തന്ന അറിവ് വെച്ച് നോക്കുമ്പോൾ, ഇവിടെ കാര്യങ്ങൾ ഈയൊരു അവസ്ഥയിലേക്ക് എത്താൻ ഇനിയും സമയമുണ്ടാകേണ്ടതാണ്. അങ്ങനെയാണ് ഞാൻ കണക്കുകൂട്ടിയിരുന്നത്.
പക്ഷേ, ഇപ്പോൾ ഈ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ എന്റെ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റുകയാണോ എന്ന് തോന്നിപ്പോകുന്നു.
മനുഷ്യരെ വലിച്ചുകീറുന്ന ആ ദുഷ്ടശക്തികൾ, ജനലിലൂടെ നോക്കുമ്പോൾ ഇപ്പോഴും നിധിമലയ്ക്ക് മുകളിൽ തളംകെട്ടി നിൽക്കുന്ന ആ കറുത്ത മേഘങ്ങൾ… തക്ഷകൻ പറഞ്ഞതുപോലെ നീലാംബരിയെ ബന്ധിച്ചു നിർത്തിയിരിക്കുന്ന ആ അവസാനത്തെ അഗ്നിവലയം അത്രത്തോളം ദുർബലമായിക്കഴിഞ്ഞിട്ടുണ്ടോ?
എന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അതൊന്നുമല്ല… ഇന്നാണ് പൗർണ്ണമി!
രാത്രിയാകുമ്പോഴേക്കും പൂർണ്ണചന്ദ്രൻ ഉദിക്കും. മാന്ത്രിക ശക്തികൾക്ക് ഏറ്റവും കൂടുതൽ ഊർജ്ജം ലഭിക്കുന്ന ദിവസം. ഒരുപക്ഷേ ഇന്ന് രാത്രിയോടെ അവൾ ആ അവസാനത്തെ വിലക്കും പൊട്ടിച്ച് പൂർണ്ണമായും പുറത്തുവരുമോ? ഈ അവസാന ലൂപ്പിൽ കാലത്തിന്റെ ഗതിവിഗതികൾ ഞാൻ പ്രതീക്ഷിച്ചതിലും വേഗത്തിലാണോ നടക്കുന്നത്?
ഉത്തരങ്ങളില്ലാത്ത ആ ചോദ്യങ്ങൾ എന്റെ മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തി. എങ്കിലും, കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ഉറക്കമില്ലാത്ത യാത്രയും ഇന്നലെ രാത്രിയിലെ സംഭവങ്ങളും ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു.
ബെഡിൽ അങ്ങനെ കിടന്ന് ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതിനിടയിൽ, ജനലിലൂടെ വന്ന നേരിയ തണുത്ത കാറ്റിൽ, ആ വലിയ സംശയങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും നടുവിലും എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞുപോയി.
വരാൻ പോകുന്ന വലിയൊരു യുദ്ധത്തിന് മുൻപുള്ള ചെറിയൊരു മയക്കം… അതെനിക്ക് അത്യാവശ്യമായിരുന്നു…….
വാതിലിലെ തുടരെത്തുടരെയുള്ള മുട്ട് കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.
