ഇന്ദ്രനീലത്തിലെ ഈ അരാജകത്വം കണ്ട് അന്തരീക്ഷം പോലും ഭീതിദമായി മാറി.
അപ്പോഴാണ്, ആ അടിപിടിക്കിടയിൽ നിന്നും അതീവ ഭയാനകമായ മറ്റൊരൊച്ച കേട്ടത്… കാടിന്റെ ദിശയിൽ നിന്നും ഉയർന്നുവന്ന, ആരെയും മരവിപ്പിക്കുന്ന ഒരു ശബ്ദം!
ആകാശത്തേക്ക് കണ്ണുയർത്തിയ ഞാൻ കാണുന്നത് മേഘങ്ങളെ വകഞ്ഞുമാറ്റി, കറുത്ത ആകാശത്തിന്റെ നെറുകയിൽ പൂർണ്ണചന്ദ്രൻ അതിഭയാനകമായ പ്രഭയോടെ ഉദിച്ചു നിൽക്കുന്നു!
ഇത്രയും നേരം ഞാൻ എന്ത് ചെയ്യുകയായിരുന്നു? ഈ പൗർണ്ണമി രാത്രിയുടെ ഗൗരവം മറന്ന്, മനുഷ്യരുടെ ഈ ചെറിയ തർക്കങ്ങളിൽ ഞാൻ സമയം പാഴാക്കുകയായിരുന്നു.
അടുത്ത നിമിഷം, കാലുകൾക്കടിയിലെ ഭൂമി ഒന്ന് വിറച്ചു. ഒരു ചെറിയ ഭൂകമ്പം!
അതുകേട്ടതും തല്ലുപിടിച്ചുകൊണ്ടിരുന്ന പോലീസുകാരും നാട്ടുകാരും ഒരേസമയം നിന്നുപോയി. ഭീതിദമായ നിശ്ശബ്ദത ആ മുറ്റത്ത് തളംകെട്ടി നിന്നു. വീണ്ടും ഭൂമി കുലുങ്ങിയപ്പോൾ പല സ്ത്രീകളും നിലവിളിച്ചു. അപ്പോഴാണ്, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് തക്ഷകൻ സിറ്റ്ഔട്ടിൽ നിന്നും താഴേക്കിറങ്ങി വന്നത്.
അവൻ തന്റെ ഇരു കൈപ്പത്തികളും ആഞ്ഞു കൂട്ടിമുട്ടിച്ചു. വായുവിലെ തന്മാത്രകളെപ്പോലും വിറപ്പിച്ചുകൊണ്ട് ആ കൂട്ടിമുട്ടലിൽ നിന്നും വലിയൊരു ശബ്ദം പുറത്തുവന്നു. ആ ശബ്ദത്തിന്റെ തീവ്രതയിൽ അവിടെയുണ്ടായിരുന്നവരുടെയെല്ലാം ചെവിയിൽ മർദ്ദം അനുഭവപ്പെട്ടു.
എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു.
പോലീസുകാർ പോലും ആയുധം താഴ്ത്തി തക്ഷകന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ മനുഷ്യന്റേതല്ലാത്ത എന്തോ ഒന്ന് തിളങ്ങുന്നുണ്ടായിരുന്നു. തക്ഷകൻ സാവധാനം മുറ്റത്തേക്ക് നടന്നു. അവന്റെ ഓരോ ചുവടും ആ മണ്ണിൽ വലിയൊരു ഭാരത്തോടെ പതിഞ്ഞു.
അവന് മുന്നിൽ തടസമായി നിൽക്കാൻ ആരും ധൈര്യപ്പെട്ടില്ല
പോലീസുകാരും നാട്ടുകാരും താനേ വഴി മാറി കൊടുത്തു.
അവൻ മുറ്റത്തിന്റെ നടുവിലെത്തി നിന്നു. ശേഷം രണ്ട് കൈകളും കൊണ്ട് തന്റെ ചെവികൾ അമർത്തിപ്പിടിച്ചു. അവൻ എന്തോ കേൾക്കാൻ ശ്രമിക്കുകയാണ്.
അവിടെ ശ്വാസം പോലും ശബ്ദമുണ്ടാക്കാത്ത ഒരു ഭയാനകമായ നിശ്ശബ്ദത പടർന്നു പന്തലിച്ചു…. ആ നിശ്ശബ്ദതയുടെ കനം എത്രത്തോളമുണ്ടെന്നാൽ, അല്പം മുൻപ് നടന്ന അടിപിടിയുടെയും ബഹളത്തിന്റെയും ഒരു കണിക പോലും അവിടെ ബാക്കിയില്ലായിരുന്നു.
എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു ഭീതി നിറഞ്ഞു. തക്ഷകൻ കണ്ണുകൾ ഇറുക്കിയടച്ച് എന്തിനെയോ ശ്രദ്ധിക്കുന്ന ആ നിൽപ്പ് കണ്ട്, ഞാൻ ഉൾപ്പെടെയുള്ളവർ വിറച്ചുനിന്നുപോയി.
അവൻ കേൾക്കുന്നത് ഈ നാട്ടുകാർക്കോ പോലീസിനോ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത, ഇരുട്ടിന്റെ മറുപുറത്തുള്ള ഏതോ ശബ്ദമായിരുന്നു.
പെട്ടെന്നാണ് ആ ഭയാനകമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് കാടിന്റെ ദിശയിൽ നിന്നും വായുവിൽ വലിയൊരു പ്രകമ്പനമുണ്ടായത്.
കണ്ണുകൾക്ക് കാണാൻ കഴിയുന്നത്ര തീവ്രതയോടെ വലിയൊരു സൗണ്ട് വേവ് ആ മുറ്റത്തേക്ക് പാഞ്ഞെത്തി.
അതിനെ കൂട്ടുപിടിച്ചുകൊണ്ട് തന്നെ, ചുറ്റുമുള്ള മരച്ചില്ലകളെപ്പോലും വകഞ്ഞുമാറ്റിക്കൊണ്ട് അതിശക്തമായൊരു കാറ്റ് ഞങ്ങളുടെ നേർക്ക് ആഞ്ഞടിച്ചു….
ആ കാറ്റടിച്ചതും ഒരു നിമിഷം എല്ലാവരും ഭയന്ന് കണ്ണുകൾ ഇറുക്കിയടച്ചുപോയി.
കാറ്റിന്റെ ആ ശക്തി ഒന്ന് കുറഞ്ഞതും, ദൂരെ ഇരുട്ടിൽ തലയുയർത്തി നിൽക്കുന്ന നിധിമലയെ ലക്ഷ്യമാക്കി തക്ഷകൻ കുതിച്ചുപാഞ്ഞു! ഒരു സാധാരണ മനുഷ്യന്റെ ഓട്ടമായിരുന്നില്ല അത്.
ചുറ്റും നിൽക്കുന്ന പോലീസുകാരും നാട്ടുകാരും എന്താണ് സംഭവിക്കുന്നതെന്നറിയാതെ, ശ്വാസം നിലച്ചതുപോലെ അവിടെത്തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു.
അവരുടെ കണ്ണുകൾക്ക് മുന്നിലൂടെ, അടുത്ത നിമിഷം നാഗികയും അവന് പിന്നാലെ പാഞ്ഞു. മനുഷ്യർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള, തികച്ചും അമാനുഷികമായ വേഗതയിലായിരുന്നു അവളുടെ ഓട്ടം.
