“Shahid, while I’m gone, the weekly inventory and logistics reports go straight to the top floor—directly to Mr.
Rohith’s cabin. Don’t mess up a single decimal. He looks calm, but if he spots incompetence, he doesn’t give second chances.
Also he prefers direct meetings over emails.” (ഷാഹിദ്, ഞാൻ ഇല്ലാത്ത ദിവസങ്ങളിൽ ആഴ്ചതോറുമുള്ള ഇൻവെന്ററി റിപ്പോർട്ടുകൾ നേരെ മുകളിലത്തെ നിലയിലേക്ക്—രോഹിത് സാറിന്റെ ക്യാബിനിലേക്കാണ് പോകേണ്ടത്.
ഒരു സംഖ്യ പോലും തെറ്റരുത്. അയാൾ കാഴ്ചയിൽ വളരെ ശാന്തനായി തോന്നുമെങ്കിലും, ജോലിയിൽ ഒരു ചെറിയ പിഴവ് കണ്ടാൽ പോലും രണ്ടാമതൊരു അവസരം തരുന്ന ആളല്ല.
ആൾക്ക് ഇമെയിലിനെ കാൾ നേരിട്ടുള്ള കൂടിക്കാഴ്ച ആണ് ഇഷ്ടം).
ഡേവിഡിന്റെ ആ വാക്കുകൾ ഷാഹിദിൽ ചെറിയൊരു നെഞ്ചിടിപ്പുണ്ടാക്കിയിരുന്നു. കാരണം, കഴിഞ്ഞ ആറുമാസത്തിനിടയിൽ രോഹിത് കുമാർ എന്ന തങ്ങളുടെ സി.ഇ.ഒയെ അവൻ ദൂരെനിന്ന് കണ്ടിട്ടുണ്ടെന്നല്ലാതെ, അയാളുടെ ആ ഗ്ലാസ്സ് ക്യാബിനുള്ളിലെ ലോകം ഷാഹിദിന് തികച്ചും അന്യമായിരുന്നു.
ആർ.കെ ഗ്രൂപ്പിലെ ജീവനക്കാർക്കിടയിൽ രോഹിത് കുമാറിനെക്കുറിച്ച് എപ്പോഴും രണ്ട് തരത്തിലുള്ള കഥകളാണ് പ്രചരിച്ചിരുന്നത്. തന്നെ ബാധിക്കുന്നതല്ലാത്തിനാൽ ഷാഹിദ് അതിലിട്ട് ശ്രദ്ധ കൊടുത്തിരുന്നില്ല.
നാല്പത്തിയൊന്ന് വയസ്സുള്ള രോഹിത് കുമാർ സാധാരണ ഒരു സാധാരണ ബിസിനസ്സുകാരനായിരുന്നില്ല. ടൊറന്റോയിലും മിസ്സിസാഗയിലും ബ്രാംപ്ടണിലുമായി
പടർന്നുകിടക്കുന്ന കൂറ്റൻ വെയർഹൗസുകളും, ‘ആർ.കെ പ്രോപ്പർട്ടീസ്’ എന്ന പേരിലുള്ള നിരവധി ആഡംബര കോൺഡോമിനിയം കെട്ടിടങ്ങളും അടങ്ങുന്ന കോടികളുടെ സാമ്രാജ്യത്തിന്റെ ഒരേയൊരു അധിപൻ.
ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സോ നൂലാമാലകളോ അവിടെയുണ്ടായിരുന്നില്ല; ആ സാമ്രാജ്യത്തിലെ അവസാന വാക്ക് എപ്പോഴും രോഹിത്തിന്റേത് മാത്രമായിരുന്നു.
കാനഡയിലെ കോർപ്പറേറ്റ് വൃത്തങ്ങളിൽ പൂർണ്ണമായും ഒരു നോർത്ത് അമേരിക്കൻ ബിസിനസ്സ് ടൈക്കൂണിന്റെ പ്രൗഢിയോടെ മാത്രം കാണപ്പെട്ടിരുന്ന രോഹിത് കുമാറിന്റെ വേരുകൾ പച്ചയായ കേരളത്തിന്റെ മണ്ണിലായിരുന്നു.
ഓഫീസിനുള്ളിൽ വെച്ച് സ്വന്തം നാട്ടുകാരായ മലയാളികളോട് പോലും ഒട്ടും അയവില്ലാത്ത, കണിശതയാർന്ന ശുദ്ധമായ ഇംഗ്ലീഷിൽ മാത്രം സംസാരിച്ച് കൃത്യമായൊരു പ്രൊഫഷണൽ അകലം സൂക്ഷിച്ചിരുന്ന രോഹിത്, തന്റെ അധികാരപരിവേഷത്തിന് ഒരു തരി പോലും കോട്ടം തട്ടാതിരിക്കാൻ ബോധപൂർവ്വമാണ് ആ ശൈലി നിലനിർത്തിയിരുന്നത്.
എന്നാൽ ആ ഇറ്റാലിയൻ സ്യൂട്ടിനും ഗംഭീരമായ ഇംഗ്ലീഷ് സംസാരത്തിനും ഉള്ളിൽ കേരളത്തിന്റെ ഓരോ തുടിപ്പും, അവിടുത്തെ നാട്ടുനടപ്പുകളും, കുടുംബബന്ധങ്ങളുടെ ദൗർബല്യങ്ങളും മനഃപാഠമാക്കിയ ഒരു മലയാളി മനസ്സ് സദാ ജാഗരൂകമായി ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു.
അയാളുടെ വ്യക്തിജീവിതത്തെക്കുറിച്ചും പല കഥകളുണ്ടായിരുന്നു. കാനഡയിലെ ഇന്ത്യൻ ബിസിനസ്സ് സർക്കിളുകളിൽ പത്തുവർഷം മുൻപ് വരെ ഒരു പ്ലേബോയ് പരിവേഷമുണ്ടായിരുന്ന ആളായിരുന്നു രോഹിത് എന്നാണ് പഴയ സ്റ്റാഫുകൾ പറയാറുള്ളത്.
മുപ്പതുകളുടെ തുടക്കത്തിൽ തന്റെ ആദ്യത്തെ മില്യൺ ഡോളർ കമ്പനി കെട്ടിപ്പടുത്ത കാലത്ത്, ടൊറന്റോയിലെ ഹൈ-സൊസൈറ്റി ക്ലബ്ബുകളിലും പാർട്ടികളിലും വിദേശ മോഡലുകൾക്കൊപ്പം തിളങ്ങിനിന്നിരുന്ന ഒരു കാലം അയാൾക്കുണ്ടായിരുന്നു.
ആറടിയോളം ഉയരവും, ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ജിമ്മിൽ പോയി കാത്തുസൂക്ഷിക്കുന്ന ഉറച്ച ശരീരവും, നല്ല ട്രിമ്മിഡ് ആൻഡ് നീറ്റ് ആയി മെൻ്റൈൻ ചെയ്യുന്ന താടി, തുളച്ചുകയറുന്ന തീക്ഷ്ണമായ
കണ്ണുകളുമുള്ള രോഹിത്തിന് ഏതൊരു പെണ്ണിനെയും ഒറ്റനോട്ടത്തിൽ മയക്കാനുള്ള കാന്തികശക്തിയുണ്ടായിരുന്നു.
പക്ഷേ, കഴിഞ്ഞ അഞ്ചാറു വർഷമായി അയാൾ തികച്ചും വ്യത്യസ്തനായൊരു മനുഷ്യനായിരുന്നു. പാർട്ടികളിൽ നിന്നോ നിശാക്ലബ്ബുകളിൽ നിന്നോ എല്ലാം പൂർണ്ണമായും അകന്ന്, വളരെ അച്ചടക്കമുള്ള, നിശ്ശബ്ദമായ ഒരു ജീവിതത്തിലേക്ക് അയാൾ ഒതുങ്ങിക്കൂടി.
