ആ ഒരൊറ്റ നിമിഷം കൊണ്ട് തങ്ങൾക്കിടയിലുണ്ടായിരുന്ന ആ വലിയ മതിൽ അലിഞ്ഞുപോയതുപോലെ ഷാഹിദിന് തോന്നി. സ്വന്തം ഭാഷയിൽ സംസാരിക്കുമ്പോൾ കിട്ടുന്ന ആ അടുപ്പം അവനെ വല്ലാതെ കംഫർട്ടബിൾ ആക്കി.
“മഞ്ചേരിയാണ് സർ എന്റെ വീട്. ഇവിടെ സ്കാർബറോയിൽ കോളേജിലെ മൂന്ന് കൂട്ടുകാരുടെ കൂടെ ആണ് താമസം,” ഷാഹിദ് വിനയത്തോടെയും സന്തോഷത്തോടെയും പറഞ്ഞു.
“ആഹാ,
സ്കാർബറോ ലൈഫ്!” രോഹിത് കയ്യിലെ കോഫി കപ്പിലേക്ക് നോക്കി പതിയെ ചിരിച്ചു. അയാളുടെ ശബ്ദത്തിൽ ഒരു വിഷാദത്തിന്റെ അലയുണ്ടായിരുന്നു. “പതിനെട്ടു കൊല്ലം മുൻപ് ഞാൻ ആദ്യമായി ടൊറന്റോയിൽ വന്നിറങ്ങിയപ്പോൾ വിക്ടോറിയ പാർക്കിനടുത്തുള്ള ഒരു ബേസ്മെന്റിൽ നാല് പേരുടെ കൂടെയാണ് കിടന്നിരുന്നത്.
ഒരു ബസ് ടിക്കറ്റിന്റെ പൈസ ലാഭിക്കാൻ മൈനസ് ഇരുപത് ഡിഗ്രി മഞ്ഞിലൂടെ ഞാൻ രണ്ട് കിലോമീറ്റർ നടക്കുമായിരുന്നു. ഇവിടെ പൂജ്യത്തിൽ നിന്ന് ഒരു ജീവിതം കെട്ടിപ്പടുക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് നന്നായിട്ടറിയാം ഷാഹിദേ.”
രോഹിത്തിന്റെ ആ വാക്കുകൾ ഷാഹിദിന്റെ ഉള്ളിൽ അയാളോട് വല്ലാത്തൊരു ആത്മബന്ധം ഉണ്ടാക്കി. കോടീശ്വരനായ തന്റെ ബോസ് ഒരു വലിയേട്ടനെപ്പോലെ തന്നോട് മനസ്സ് തുറക്കുകയാണ്!
ആ സ്വാതന്ത്ര്യത്തിൽ, ഉള്ളിലുണ്ടായിരുന്ന ആ കൗതുകം വെച്ച് ഷാഹിദ് മടിച്ചുമടിച്ചു ചോദിച്ചു:
“സാറിന് ഒന്നും തോന്നില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… ഇത്രയും വലിയ നിലയിലെത്തിയിട്ടും, ഇവിടെയെല്ലാം സ്വന്തമായിട്ടുണ്ടായിട്ടും സർ എന്താ ഇപ്പോഴും കല്യാണം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നത്?
Sir മാരീഡ് അല്ല എന്നാണ് ഞാൻ കേട്ടിട്ട് ഉള്ളത്. ശരി ആണോ എന്നറിയില്ല.”
രോഹിത് ഒരു നിമിഷം നിശ്ശബ്ദനായി. അയാൾ കയ്യിലെ കാപ്പി ഒരിറക്ക് കുടിച്ച് ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി.
“കല്യാണം കഴിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഷാഹിദേ,” രോഹിത്തിന്റെ ശബ്ദം വളരെ ആർദ്രമായി. “പണ്ട്, കീശയിൽ അഞ്ചുപൈസയില്ലാതിരുന്ന കാലത്ത് ഒരാളെ ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചിരുന്നു.
പക്ഷേ അന്ന് എന്റെ കയ്യിൽ പണമില്ലാത്തതുകൊണ്ട് അവളുടെ വീട്ടുകാർക്കും എന്നെ വേണ്ടാതെയായി. അവൾക്ക് എൻ്റെ കൂടെ ഇറങ്ങി വരാനുള്ള ധൈര്യവും വിശ്വാസവും ഇല്ലായിരുന്നു.
പിന്നീട് പണവും പ്രതാപവുമൊക്കെ ഉണ്ടായപ്പോൾ ചുറ്റും കൂടിയ
പെണ്ണുങ്ങളെല്ലാം കണ്ടത് എന്റെ ബാങ്ക് ബാലൻസും ഈ കമ്പനിയും മാത്രമാണ്. പണമല്ലാതെ, കളങ്കമില്ലാതെ സ്നേഹിക്കാൻ കഴിയുന്ന, നാടൻ നിഷ്കളങ്കതയുള്ള ഒരു മുഖം പിന്നീട് എന്റെ കണ്ണിൽ പെട്ടില്ല…
അല്ലെങ്കിൽ അങ്ങനെയൊന്നിനെ എന്റെ വിധി എനിക്ക് മുന്നിൽ കൊണ്ടുവന്നില്ല എന്ന് പറയാം.”
അത് പറയുമ്പോൾ രോഹിത്തിന്റെ മനസ്സിൽ തെളിഞ്ഞത് അല്പം മുൻപ് ഫോണിൽ കണ്ട ജസ്നയുടെ ആ വിടർന്ന കണ്ണുകളായിരുന്നുവെങ്കിലും, അത് കേട്ടിരുന്ന ഷാഹിദിന്റെ ഉള്ളുലഞ്ഞുപോയി.
പുറമെ കർക്കശക്കാരനായി കാണപ്പെടുന്ന ഈ മനുഷ്യന്റെ ഉള്ളിൽ ഇത്രയും വലിയൊരു സങ്കടം ഒളിഞ്ഞുകിടക്കുന്നുണ്ടല്ലോ എന്നോർത്ത് ഷാഹിദിന് രോഹിത്തിനോട് വല്ലാത്തൊരു സ്നേഹവും ആദരവും തോന്നി.
“എന്റെ പഴയ പുരാണം അവിടെ നിൽക്കട്ടെ,” രോഹിത് പെട്ടെന്ന് ചിരിച്ചുകൊണ്ട് ഷാഹിദിന്റെ നേരെ തിരിഞ്ഞു. തികച്ചും ആത്മാർത്ഥമായി കാര്യങ്ങൾ തിരക്കുന്ന ഒരു ജ്യേഷ്ഠസഹോദരന്റെ വാത്സല്യമായിരുന്നു അയാളുടെ മുഖത്ത്.
“നിന്റെ കല്യാണക്കാര്യം എന്തായി? ആറുമാസം മുൻപ് ഇന്റർവ്യൂവിന് വന്നപ്പോൾ നീ നാട്ടിൽ പോയി എൻഗേജ്മെന്റ് നടത്താൻ ഒരു മാസം ലീവ് ചോദിച്ചതല്ലേ.
എന്താ പെൺകുട്ടിയുടെ പേര്? നാട്ടിൽ എവിടെയാ?”
“അവളുടെ പേര് ജസ്ന എന്നാണ് സർ… വീട്ടിൽ എല്ലാവരും പൊന്നു എന്ന് വിളിക്കും,” ഷാഹിദ് നാണത്തോടെ പറഞ്ഞു.
“മഞ്ചേരിയിൽ തന്നെയാണ് അവളുടെ വീടും. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു.”
“പൊന്നു… നല്ല പേര്,” രോഹിത് വളരെ സ്വാഭാവികമായി പുഞ്ചിരിച്ചു. “അല്ലെങ്കിലും നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ ആ ഒരു ഐശ്വര്യവും ഒതുക്കവും ഇവിടുത്തെ ഒരുത്തിക്കും വരില്ലെടാ.
