“വേണ്ട വേണ്ട കുളത്തിൽ പിന്നെ കുളിക്കാം. ഇപ്പോ അകത്ത് ബാത്‌റൂമിൽ പോയി കുളിച്ചാൽ മതി. അസുഖം മാറിയിട്ട് കുളത്തിൽ പോയി കുളിക്കാം ”
അമ്മ എന്റെ ആരോഗ്യത്തിൽ ആശങ്ക ഉള്ളതിഞ്ഞാൽ പറഞ്ഞു.
“ഇല്ല എനിക്ക് കുഴപ്പമൊന്നുമില്ല ഞാൻ വേഗം കുളിച്ച് വരാം ”
“വേണ്ട ഇപ്പോ കുളത്തിൽ കുളിക്കേണ്ട. കുറച്ച് ദിവസം കഴിയട്ടെ എന്നിട്ട് കുളത്തിൽ പോവാം ”
അമ്മ സമ്മതിക്കുന്നില്ല എന്ന് കണ്ട് ഞാൻ റൂമില്ലേക്ക് തിരികെ നടന്നു. അമ്മു
എന്റെ പിന്നാലെ റൂമില്ലേക്ക് ഓടി വന്നു.
“ഏട്ടന് വിഷമം ആയോ? അമ്മ അങ്ങനെ പറഞ്ഞതിൽ ”
അമ്മു എന്നോട് ചോദിച്ചു.
“ഇല്ല”
ഞാൻ പറഞ്ഞു.
“അസുഖം മാറിയിട്ട് കുളത്തിൽ കുളിക്കാട്ടോ ”
അമ്മു എന്നെ സമ്മാധാനിപ്പിക്കാനായി പറഞ്ഞു.
“അമ്മു എനിക്ക് ഇപ്പോ ഒരു കുഴപ്പമില്ല.എനിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല ”
“ഏട്ടനാണോ കുഴപ്പമില്ലെന്ന് തീരുമാനിക്കുന്നത്. ഡോക്ടർ പറഞ്ഞിട്ടുണ്ട് വിഷ്ണുവേട്ടനെ ഒറ്റക്കൊന്നും വിടരുത് എന്ന് അതുകൊണ്ടാ ”
അവരെ വിഷമിപ്പിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ആ കുളം അത്രേക്ക് അങ്ങ് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു അതിനാലാണ് അവിടെ കുളിക്കാം എന്ന് തീരുമാനിച്ചത്. ഒറ്റക്ക് പോവാനാലെ പ്രശ്നമുള്ളൂ നീയും കൂടി വാ എന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നു. ഒരു പെണിന്റെ മുന്നിൽ കുളിക്കണ്ട എന്ന് തോന്നി. അതുകൊണ്ട് ഞാൻ പറഞ്ഞില്ല.
അമ്മുവിൽ നിന്ന് ഒരു ടർക്കി വാങ്ങി ഞാൻ കുളിച്ചു. കുളി കഴിഞ്ഞ് വരുമ്പോൾ എനിക്ക് മാറാനായി അവൾ ഡ്രസ്സ് എടുത്ത് വെച്ചിരുന്നു. ഞാൻ അതും ധരിച്ച് ഭക്ഷണം കഴിക്കാൻ പോയി.
എന്നെ കണ്ടതും അവർ എനിക്ക് ഭക്ഷണം വിളമ്പി തന്നു.
“അച്ഛനെവിടെയാ കാണാൻ ഇല്ലല്ലോ?”
അച്ഛനെ അവിടെ കാണാത്തതിഞ്ഞാൽ ഞാൻ അമ്മയോട് ചോദിച്ചു.
“അച്ഛൻ രാവിലെ തന്നെ പാടത്തേക്ക് പോയി ”
അമ്മ പറഞ്ഞു.
“നാളെ അച്ഛൻ പോവുമ്പോൾ എന്നെ വിളിക്കോ. എന്നെയും കൂടെ കൊണ്ട് പോവാൻ പറയോ ”
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവരിൽ ഞെട്ടൽ ഉണ്ടായി. എന്ത് കൊണ്ടാണവോ അങ്ങനെ.
“ഹാ പറയാം മോനേംക്കൂടി കൊണ്ട് പോവാൻ ഞാൻ പറയാം ”
അമ്മ പറഞ്ഞു. എന്തോ എനിക്ക് അവിടം എല്ലാം കാണാൻ തോന്നി.
ഭക്ഷണം കഴിച്ച് ഞങ്ങൾ മൂന്ന് പേരും ഉമ്മറത്തിരുന്ന് വർത്തമാനം പറഞ്ഞ് ഇരിക്കുബോളാണ് ഒരു ബൈക്ക് അങ്ങോട്ട് കയറി വരുന്നത്.
“ചങ്കേ ”
ബൈക്കിൽ വന്ന ആൾ അതും പറഞ്ഞ് എന്നെ കെട്ടി പിടിച്ചു. അത് ആരെന്ന് അറിയാൻ ഞാൻ അവരെ നോക്കി. ഇരുവരുടെയും മുഖത്ത് പേടിയും ദേഷ്യവും ഞാൻ കണ്ടു.എന്തിനാവോ ഇപ്പോ ഇങ്ങനെ അവർ നോക്കുന്നേ ഞാൻ ചിന്തിച്ചു.
“അളിയാ.. ഇത് ഞാൻ ആടാ ജിതിൻ നിന്റെ ചങ്ക്. നിനക്ക് എന്നെ മനസ്സിലായില്ലേ ”
അവൻ എന്നോട് പറഞ്ഞു. ഞാൻ മനസ്സിലാവാത്ത രീതിയിൽ തലയാട്ടി.
“നിനക്ക് ഓർമ്മ ഇല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. ആരെ മറന്നാലും നീ എന്നെ ഓർക്കുമെന്ന് ഞാൻ കരുതി ”
അവൻ തന്നെ മനസ്സിലാക്കാത്ത വിഷമത്തിൽ പറഞ്ഞു.
“സോറി”
അവന്റെ വിഷമം കണ്ടപ്പോൾ ഞാൻ പറഞ്ഞു.
“സാരമില്ലെടാ എനിക്ക് പ്രശ്നമൊന്നുമില്ല. നീ എന്റെ ഒപ്പം വരാണെങ്കിൽ നിനക്ക് ഞാൻ ഓർമ്മ വരാനുള്ള വഴി പറഞ്ഞ് തരാം ”
അവനിൽ ഞാൻ ആത്മാർത്ഥയുള്ള കൂട്ടുകാരനെ ഞാൻ കണ്ടു. ഇവനിലൂടെ എന്നെ കുറിച്ച് എല്ലാം ചോദിച്ച് അറിയാം എന്ന് കരുതി.
“ഞാൻ വരാം ”
അവനോട് ഞാൻ പറഞ്ഞു. ഇത് കേട്ടതും അമ്മുവിലും അമ്മയിലും എന്തോ ഭയം നിറഞ്ഞു.
“വേണ്ട മരുന്ന് കഴിക്കുന്നതാ ഒറ്റക്കൊന്നും പോവണ്ട ”
അമ്മ പറഞ്ഞു.
“അതിന് അവൻ ഒറ്റക്ക് അല്ലല്ലോ ഞാനും കൂടിയിലെ ”
ജിതിൻ അതിന് മറുപടി നൽകി.
ഞാൻ അവനോടൊപ്പം പോവുന്നതിനാൽ അവരിൽ എന്തോ പേടി നിറഞ്ഞു. ഞാൻ പോവാതിരിക്കാൻ എന്തെല്ലാമോ കാരണങ്ങൾ അവർ പറഞ്ഞു. ജിതിൻ അവയെ എല്ലാം തള്ളി കളഞ്ഞ് എന്നെ കൂട്ടി കൊണ്ട് പോവാൻ ശക്തമായി നിന്നു.
അവൻ എന്റെ ചങ്ക് എന്നല്ലേ പറഞ്ഞേ. പിന്നെ അവരെന്തിനാ എതിർക്കുന്നേ അവൻ അത്രക്കും പ്രശ്നക്കാരനാണോ. എന്തായാലും അവനൊപ്പം പോവാം. ഞാൻ ആരെന്ന് അറിയാം. അതായിരുന്നു എന്റെ ഉദ്ദേശം.
