കാമ കാവടി – 4 2

“ഈ ദൃശ്യങ്ങള്‍ ഒരു പെന്‍ ഡ്രൈവില്‍ ആക്കി എനിക്ക് നല്‍കണം…ഒപ്പം എനിക്ക് നാലാം നില ഒന്ന് പരിശോധിക്കണം..ആ ഫ്ലോറില്‍ താമസിച്ചിരുന്നവരുടെ വിവരങ്ങള്‍ വേഗം എത്തിക്കൂ..”

മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ട് വസീം പുറത്തിറങ്ങി. അവിടെ കാത്ത് നിന്നിരുന്ന പോലീസുകാരുടെ ഒപ്പം അയാള്‍ നേരെ നാലാമത്തെ ഫ്ലോറില്‍ എത്തി ലിഫ്റ്റ്‌ പരിശോധിച്ചു. രാജീവ് കൊല്ലപ്പെട്ട ലിഫ്റ്റ്‌ പോലീസ് സീല്‍ ചെയ്തിരിക്കുകയായിരുന്നു. വസീം ലിഫ്റ്റില്‍ കയറി നോക്കിയ ശേഷം ഇടനാഴിയിലേക്ക് ഇറങ്ങി. താഴേക്കും മുകളിലേക്കും പോകാനുള്ള പടികള്‍ ഇടനാഴിയുടെ മറുഭാഗത്താണ്. അയാള്‍ നേരെ നടന്ന് ആ ഫ്ലോര്‍ മൊത്തത്തില്‍ പരിശോധിച്ചു.

“സര്‍..ഇതാണ് ഈ ഫ്ലോറില്‍ താമസിക്കുന്നവരുടെ ലിസ്റ്റ്” ഹോട്ടല്‍ മാനേജര്‍ ലിസ്റ്റുമായി വസീമിന്റെ അരികിലെത്തി.

“ഓക്കേ..ഗുഡ്..” അതു വാങ്ങി ഓടിച്ചു നോക്കിക്കൊണ്ട് വസീം പറഞ്ഞു.

“ലുക്ക്..ഇവിടെ ഇന്നലെ താമസിച്ചിരുന്ന എല്ലാ ആളുകളുടെയും ഐഡിയുടെ കോപ്പി വാങ്ങണം..ഐഡി ഇല്ലാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ പൂര്‍ണ്ണ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും വാങ്ങണം..ഒപ്പം ന്യൂ ഇയര്‍ ആഘോഷിക്കാനായി വന്ന എല്ലാവരുടെയും പേര് വിവരങ്ങള്‍ കൂടി എത്രയും വേഗം ഉണ്ടാക്കി എനിക്ക് നല്‍കണം…പ്രതിയെ പിടികൂടുന്നത് വരെ നിങ്ങളുടെ സഹകരണം ഞങ്ങള്‍ക്ക് ആവശ്യമാണ്..”

“ഉറപ്പായും സര്‍..ഞങ്ങള്‍ക്കും പ്രതിയെ കിട്ടേണ്ടത് അത്യാവശ്യമാണ് സര്‍..ഈ ഒരു സംഭവത്തോടെ ഹോട്ടലിന്റെ ഇമേജ് നഷ്ടമായിരിക്കുകയാണ്….”

“ഡോണ്ട് വറി..പ്രതിയെ എത്രയും വേഗം ഞങ്ങള്‍ പിടികൂടിയിരിക്കും”

“സര്‍..ഒന്നിങ്ങു വന്നെ” അഞ്ചാം നിലയിലെ പടികളില്‍ നിന്നും ഇറങ്ങി വന്ന ഒരു പോലീസുകാരന്‍ പറഞ്ഞു.

“എന്താ…” വസീം വേഗം അയാളുടെ ഒപ്പം ചെന്നു.

“വരൂ സര്‍…..” അയാള്‍ വരാന്തയുടെ ഒരു മൂലയ്ക്ക് പൊതുവായി ഉപയോഗിക്കാന്‍ ഉണ്ടാക്കിയിരുന്ന ബാത്ത് റൂമിന്റെ ഉള്ളിലേക്ക് വസീമിനെ നയിച്ചു.

“ഇത് കണ്ടോ സര്‍..” അയാള്‍ കണ്ണാടിയുടെ താഴെ വാഷ് ബേസിന്റെ അടിയില്‍ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ഒരു വസ്തുവിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു. വസീം അടുത്തേക്ക് ചെന്നു നോക്കി.

“അതെടുക്കൂ..” വസീം അയാളോട് പറഞ്ഞു. അയാള്‍ അത് എടുത്ത് വസീമിന് നല്‍കി. വസീം നോക്കി. ചുരുട്ടിക്കൂട്ടി വച്ചിരിക്കുന്ന കോട്ടും അതിന്റെ ഉള്ളില്‍ ഒരു തൊപ്പിയും. വസീമിന്റെ സിരകള്‍ തുടിച്ചു.

“യെസ്..ഇത് ആ കൊലയാളി ധരിച്ചിരുന്ന കോട്ടും തൊപ്പിയുമാണ്‌…നമുക്കുടന്‍ ഡോഗ് സ്ക്വാഡിനെ ഇവിടെ എത്തിക്കണം..ഉടന്‍…” അയാള്‍ പറഞ്ഞു.

പോലീസ് നായ സ്ഥലത്തെത്തി മണം പിടിച്ചു. അത് ആ വസ്ത്രത്തില്‍ നിന്നും ഗന്ധം പിടിച്ച ശേഷം നേരെ ചവിട്ടുപടികളിലൂടെ മുകളിലേക്ക് ഓടിക്കയറി; പിന്നാലെ പോലീസുകാരും മറ്റുള്ളവരും. അവിടെ, ആറാം നിലയില്‍ ലിഫ്റ്റിന്റെ അരികില്‍ എത്തിയിട്ട് നായ അതില്‍ മുഖം ഉരുമ്മി അല്‍പനേരം നിന്നു. പിന്നെ എങ്ങും പോകാതെ ചുറ്റിത്തിരിഞ്ഞു.

“സര്‍..പ്രതി പടികള്‍ കയറി വന്ന് ഈ ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോയിക്കാണും..അതായത് തിരികെ ഡാന്‍സ് ഫ്ലോറിലേക്ക്..അതല്ലെങ്കില്‍ അയാളുടെ മുറിയിലേക്ക്..” നായയുമായി വന്ന ടീമിന്റെ ലീഡര്‍ പറഞ്ഞു. വസീം മൂളി.

“ലിഫ്റ്റില്‍ പലര്‍ കയറിയതാണ്.അതുകൊണ്ട് അതിന്റെ ഉള്ളില്‍ ഇതിനെ കയറ്റിയത്കൊണ്ട് ഗുണമുണ്ടോ?”

“ഇല്ല സര്‍..ആ സമയത്ത് ഈ ലിഫ്റ്റില്‍ കയറിയത് ആരാണെന്ന് മനസിലാക്കാന്‍ സാധിച്ചാല്‍ മതി..സാറ് ഇതിന്റെ ക്യാമറ ഒന്നുകൂടി പരിശോധിച്ച് നോക്ക്..” അയാള്‍ പറഞ്ഞു.

“ഒകെ..നിങ്ങള്‍ വെയിറ്റ് ചെയ്യ്‌..ഞാന്‍ ക്യാമറാ ദൃശ്യം ഒന്ന് പരിശോധിച്ചിട്ട്‌ വരാം..”

വസീം വീണ്ടും ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. രാജീവിനെ അയാള്‍ താഴേക്ക് വിളിപ്പിച്ച സമയം മുതല്‍ രണ്ടു ലിഫ്റ്റുകളിലും കയറിയ ആളുകളെ അയാള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. രണ്ടോ മൂന്നോ തവണ മാത്രമാണ് ലിഫ്റ്റ്‌ ആ സമയത്ത് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് വസീം മനസിലാക്കി. രണ്ടാമത്തെ ലിഫ്റ്റ്‌ താഴെ നിന്നും ആറാം നിലയില്‍ എത്തി നില്‍ക്കുന്നതും തലമൂടിക്കൊണ്ട് ഒരാള്‍ അതില്‍ കയറുന്നതും വസീം കണ്ടു. ആളിന്റെ മുഖമോ ശരീരഘടനയോ മനസിലാക്കാന്‍ ആ വീഡിയോയില്‍ നിന്നും അയാള്‍ക്ക് കഴിഞ്ഞില്ല. ലിഫ്റ്റ്‌ ഏഴാം നിലയില്‍ എത്തിയപ്പോള്‍ അയാള്‍ അതില്‍ നിന്നും ഇറങ്ങിപ്പോകുന്നത് വസീം കണ്ടു. വെറും ഒരു നില കയറാന്‍ അയാള്‍ എന്തിനാണ് ലിഫ്റ്റ്‌ ഉപയോഗിച്ചത് എന്ന് വസീം ചിന്തിച്ചു. ഏഴാം നിലയിലെ കോറിഡോറിലെ ക്യാമറയില്‍ അയാളുടെ ചിത്രം വളരെ അവ്യക്തമായാണ് കിട്ടിയത്. തലയും ശരീരത്തിന്റെ പകുതിയും മൂടിയിരുന്ന കറുത്ത തുണി കാരണം ദൃശ്യം വ്യക്തത ഉള്ളതായിരുന്നില്ല. എങ്കിലും ഒരു ജീന്‍സ് ആണ് അയാള്‍ ധരിച്ചിരുന്നത് എന്ന് വസീമിന് തോന്നി. അയാള്‍ ലിഫ്റ്റില്‍ നിന്നും പടികളുടെ സമീപമെത്തി അപ്രത്യക്ഷനായി. പടികളുടെ ഭാഗത്ത് ക്യാമറ ഇല്ലാത്തതിനാല്‍ അയാള്‍ എവിടേക്കാണ് പോയതെന്ന് വ്യക്തമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *