“എന്റെ രേണു..എന്നെ സ്റ്റേഷനില്‍ വച്ചു മാത്രം സാറാക്കിയാല്‍ മതി..ഒന്നുകില്‍ വസീം..അല്ലെങ്കില്‍ ഇക്ക..അങ്ങനെ വല്ലോം വിളി..ഇതൊരുമാതിരി…” വസീം ചെറു ചിരിയോടെ പറഞ്ഞു.
“പേടിയാണ് സര്‍ എനിക്ക്..അറിയാതെ സ്റ്റേഷനില്‍ വച്ച് വായില്‍ ഇക്കയെന്നോ മറ്റോ വന്നാല്‍ കുടുങ്ങിയില്ലേ..ഒപ്പമുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്ക് അതുമതി കഥകള്‍ മെനയാന്‍..ഇപ്പോള്‍ത്തന്നെ സാറിനു എന്നോട് എന്തോ മമത കൂടുതലുണ്ട് എന്നൊരു കുശുകുശുപ്പ് സ്റ്റേഷനില്‍ ഉണ്ട്..” രേണു അയാളെ നോക്കി പറഞ്ഞു.
“അത് സാരമില്ല..രേണുവിനെപ്പോലെ അതിസുന്ദരിയായ ഒരു പെണ്ണിന്റെ എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ ഏതൊരു ആണും നിരീക്ഷിച്ചു പോകും..അത് കള..അപ്പൊ ഞാന്‍ പറഞ്ഞുവന്നത്…ഞാനിപ്പോള്‍ രേണുവിന്റെ കൂടെ വരുന്നത് ഒരു കമ്പനി തരാനല്ല..ഇത് അവന്മാരെ അനൌദ്യോകിമായി ഒന്ന് ചോദ്യം ചെയ്യാനാണ്. അവന്മാര്‍ക്ക് ഇതില്‍ പങ്കു കാണില്ല എന്നുറപ്പുണ്ടെങ്കിലും, നമ്മള്‍ ഒരു പഴുതും വിട്ടുകൂടാ..പ്രത്യേകിച്ച് എസ് പിയെ വിഡ്ഢിയാക്കിക്കൊണ്ട് നമ്മള്‍ കളിക്കുന്ന കളിയാണ് ഇത്..നാളെ ഒരു ശതമാനം ചാന്‍സ് എങ്കിലും ഇവര്‍ക്ക് എതിരെ വന്നാല്‍, അത് നമ്മുടെ ജോലിയേക്കാള്‍ സ്വമനസാക്ഷിയെ ബാധിക്കും”
“സാറ് അവരെ സംശയിക്കുന്നുണ്ടോ?”
“നെവര്‍..കാരണം പലതാണ്. അതില്‍ ഒന്നാമത്തേത് അതുപോലെ ഒരു ഹോട്ടലില്‍ ഒരു ദിവസം പോലും കയറാനുള്ള ശേഷി അവര്‍ക്കില്ല എന്നതാണ്. രണ്ട്, വാടകയ്ക്ക് ഒരു കൊലയാളിയെ നിയോഗിച്ച് രാജീവിനെപ്പോലെ സ്വാധീനമുള്ള ഒരു വമ്പനെ കൊല്ലാനുള്ള ശേഷിയോ കഴിവോ അവര്‍ക്കില്ല..എല്ലാറ്റിലും ഉപരി സമാധാനമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന നല്ല രണ്ടു ചെറുപ്പക്കാര്‍ ആണ് അവര്‍..അവന്മാര്‍ക്ക് രാഷ്ട്രീയം പോലുമില്ല..ഞാന്‍ അവരെക്കുറിച്ച് നന്നായി തിരക്കി അറിഞ്ഞിട്ടുള്ളതാണ്..”
“അതെ സര്‍..എന്നോട് ജോണേട്ടനും റോയിയുടെ കുടുംബത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്..വളരെ നല്ല ആളുകള്‍ ആണ് അവര്‍. ശിവന്റെ കുടുംബത്തെ കുറിച്ച് എനിക്ക് അറിയില്ല..പക്ഷെ അവന്‍ പാവമാണ്..”
“എനിവേ..നമ്മള്‍ ചെയ്യുന്നത് ഔദ്യോഗികമായി ശരിയല്ലെങ്കിലും മനുഷ്യത്വപരമായി ശരിയാണ് എന്ന ബോധ്യമാണ് അവന്മാരെ തല്ക്കാലം മാറ്റി നിര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ച ഘടകം..ഒരു കേസ് അവര്‍ക്കെതിരെ വന്നാല്‍, അത് അവരുടെ ഭാവിയെ ബാധിക്കും. അതുകൊണ്ട് ഈ കൊലപാതകത്തിലെ പ്രതിയെ ഏറ്റവും വേഗം തന്നെ കണ്ടു പിടിക്കേണ്ടതുണ്ട്..”
“അതെ സര്‍..”
വണ്ടി പ്രധാന നിരത്ത് കഴിഞ്ഞ് മീനച്ചിലാറിന്റെ തീരത്തുകൂടിയുള്ള റോഡിലൂടെ മുന്‍പോട്ടു നീങ്ങി. സൂര്യന്‍ മറഞ്ഞ് ഇരുള്‍ ഭൂമിയെ പൂര്‍ണ്ണമായി വിഴുങ്ങിക്കഴിഞ്ഞിരുന്നു. അവിടവിടെയുള്ള സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചം മാത്രമേ ആ ഗ്രാമീണ വഴിയില്‍ ഉണ്ടായിരുന്നുള്ളൂ. ഒപ്പം ഇടയ്ക്കിടെ കടന്നുപോകുന്ന വാഹങ്ങളുടെ പ്രകാശവും.
“ദാ..ആ വഴിയെ ഇടത്തോട്ടു പോകണം സര്‍..” അല്പം മുന്‍പിലേക്ക് വിരല്‍ ചൂണ്ടി രേണു പറഞ്ഞു. വസീം അവള്‍ പറഞ്ഞ വഴിയെ വണ്ടി തിരിച്ചു.
“ആഹാ..വെറുതെയല്ല രേണു അവിടെ വന്നു താമസിക്കുന്നത്..ഈ റോഡില്‍ ഒരു ഇലക്ട്രിക് പോസ്റ്റ് പോലും ഇല്ലല്ലോടോ?”
“ഉണ്ട് സര്‍..പക്ഷെ ലൈറ്റ് ഇല്ല..നമ്മുടെ നാടല്ലെ..അങ്ങനെയൊക്കെയാണ്..”
“എന്നാലും മനോഹരമായ സ്ഥലം..തന്നെപ്പോലെതന്നെ”
വസീം ചെറുചിരിയോടെ പറഞ്ഞു. രേണുവിന്റെ മുഖം തുടുത്തു. താന്‍ സുന്ദരിയാണ് എന്നവള്‍ക്ക് നന്നായി അറിയാമായിരുന്നു. അത് പക്ഷെ താന്‍ ഉള്ളിന്റെയുള്ളില്‍ പ്രണയിക്കുന്ന വസീം സാറിന്റെ നാവില്‍ നിന്നും കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖം. നാണിച്ച് തുടുത്ത് അവള്‍ വിരല്‍ കടിച്ചു.
“സര്‍..ഇനി കാണുന്ന വഴിയെ വലത്തോട്ടു തിരിയണം..അത് വീട്ടിലേക്കുള്ള വഴിയാണ്..”
അവള്‍ പറഞ്ഞു. വസീം ആ വഴിയിലൂടെ വണ്ടി തിരിച്ച് ആ വലിയ വീടിന്റെ കോമ്പൌണ്ടില്‍ എത്തി നിന്നു. പൂമുഖത്ത് ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നു. വണ്ടിയില്‍ നിന്നും വസീമും രേണുവും ഇറങ്ങി. പുറത്ത് വാഹനം വന്നു നില്‍ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ശിവനും റോയിയും വേഗം ചെന്നു വാതില്‍ തുറന്നു. രേണുവോ വസീമോ എത്തും എന്നവര്‍ക്ക് അറിയാമായിരുന്നു.
