ഒരു പഴയ മോഡലില്‍ ഉള്ള മൊബൈല്‍ അവര്‍ക്ക് നല്‍കി വസീം പറഞ്ഞു. വസീമിന്റെ നിര്‍ദ്ദേശങ്ങള്‍ ഭീതിയോടെയാണ് ശിവനും റോയിയും കേട്ടിരുന്നത്. തങ്ങള്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ വ്യാപ്തി ഇപ്പോഴാണ് അവര്‍ക്ക് ശരിക്ക് മനസിലായത്.
“അങ്ങനെ ചെയ്യാം സര്‍” ശിവന്‍ പറഞ്ഞു.
“നിങ്ങളുടെ ആഹാരകാര്യം ഒക്കെ എങ്ങനെയാണ്?” വസീം ചോദിച്ചു.
“ഇവിടെ അല്പം അരിയും സാധനങ്ങളും ഉണ്ട്..അത് വച്ചു തല്ക്കാലം കഴിഞ്ഞോളാം സര്‍..പുറത്ത് നിന്നും വാങ്ങാന്‍ ഞങ്ങള്‍ക്ക് പറ്റില്ലല്ലോ..”
റോയ് അത് പറഞ്ഞിട്ട് ശിവനെ ദൈന്യതയോടെ നോക്കി. വസീമിന് കാര്യം മനസിലായി. അയാളുടെ മനസ് നൊമ്പരപ്പെട്ടു. പാവങ്ങളുടെ കൈയില്‍ ഒട്ടും പണം കാണില്ല എന്നയാള്‍ക്ക് അറിയാമായിരുന്നു. അയാള്‍ പേഴ്സ് എടുത്ത് അയ്യായിരം രൂപ എണ്ണി റോയിയുടെ നേരെ നീട്ടി.
“ഇത് വച്ചോ..എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാനാണ്..” അയാള്‍ പറഞ്ഞു.
റോയിയുടെയും ശിവന്റെയും കണ്ണുകള്‍ നിറഞ്ഞുപോയി. അവര്‍ക്ക് കണ്ഠം ഇടറിയതിനാല്‍ അല്പനേരത്തേക്ക് സംസാരിക്കാന്‍ സാധിച്ചില്ല. രേണുവും കണ്ണുകള്‍ തുടച്ചു.
“വേണ്ട സര്‍..ഇപ്പോള്‍ത്തന്നെ സാറ് ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് റിസ്ക് എടുത്തു കഴിഞ്ഞു..സാറിനോടുള്ള കടപ്പാട് ഞങ്ങളുടെ തലയില്‍ കുമിഞ്ഞു കൂടുകയാണ്..വേണ്ട സര്‍..പണം വേണ്ട” റോയ് അവസാനം ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു.
“ഏയ്..ഇത് ദാനമല്ല..നിങ്ങള്‍ക്ക് ദുബായില്‍ ജോലി കിട്ടിക്കഴിഞ്ഞു പലിശ സഹിതം ഞാന്‍ തിരികെ വാങ്ങിക്കോളാം…തല്‍ക്കാലം ഇത് വാങ്ങ്..” വസീം നിര്‍ബന്ധിച്ചു.
“വാങ്ങിക്കോ റോയി..സാറ് സ്നേഹത്തോടെ തരുന്നതല്ലേ..പിന്നെ തിരികെ കൊടുത്താല്‍ മതി..” രേണു അവരുടെ നിസ്സഹായാവസ്ഥ കണ്ടു പ്രേരിപ്പിച്ചു. റോയ് മടിച്ചുമടിച്ച് കൈനീട്ടി.
വസീം എഴുന്നേറ്റു; ഒപ്പം രേണുവും.
“അപ്പോള്‍ ഞങ്ങള്‍ ഇറങ്ങുന്നു..പറഞ്ഞത് ഓര്‍മ്മ വേണം. ഒരു കാരണവശാലും പോലീസിന്റെ കൈയില്‍ അകപ്പെടരുത്..അപകടം മണത്താല്‍ ഉടന്‍ രക്ഷപെട്ടോണം..വളരെ അടിയന്തിര ഘട്ടങ്ങളില്‍ മാത്രമേ ഈ ഫോണ്‍ ഉപയോഗിക്കാവൂ..ഇതില്‍ നിന്നും വീട്ടുകാരെയോ സുഹൃത്തുക്കളെയോ ആരെയും തന്നെ വിളിക്കാന്‍ പാടില്ല..എന്നെ കഴിവതും സ്റ്റേഷനിലെ ലാന്‍ഡ് ലൈനില്‍ മാത്രമേ വിളിക്കാവൂ..രേണുവിനെയും വീട്ടിലെ ഫോണില്‍ വിളിച്ചു ബന്ധപ്പെടാന്‍ മാത്രമേ ശ്രമിക്കാവൂ..അതും വേണ്ടി വന്നാല്‍ മാത്രം…യഥാര്‍ത്ഥ പ്രതി പിടിയിലാകാന്‍ പ്രാര്‍ഥിക്കുക…എന്നെക്കാള്‍ അതിന്റെ ആവശ്യകത നിങ്ങള്‍ക്കാണ്” വസീം പറഞ്ഞു.
“സര്‍..ഞങ്ങളെ കിട്ടാതെ വന്നാല്‍ പോലീസ് വീട്ടുകാരെ ഉപദ്രവിക്കാന്‍ ഇടയുണ്ടോ?” ശിവന്‍ ചോദിച്ചു.
“എനിക്കാണ് ചുമതല എങ്കില്‍ നിങ്ങള്‍ പേടിക്കണ്ട. വേറെ ആര്‍ക്കെങ്കിലും ആണ് എസ് പി ചാര്‍ജ്ജ് നല്‍കുന്നതെങ്കില്‍, അവരെ ചോദ്യം ചെയ്യാന്‍ ചിലപ്പോള്‍ വിളിപ്പിച്ചേക്കും. എന്തായാലും നിങ്ങള്‍ പേടിക്കണ്ട. സി ഐ ശങ്കര്‍ സര്‍ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്..നിങ്ങളുടെ വീട്ടുകാര്‍ക്ക് കുഴപ്പം ഉണ്ടാകാതെ ഇരിക്കാനുള്ളത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞോളാം….അപ്പോള്‍ ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ് സര്‍..ഗുഡ് നൈറ്റ് മാഡം..” ശിവനും റോയിയും പറഞ്ഞു.
“ഗുഡ്നൈറ്റ്…പേടിക്കണ്ട ട്ടോ..” പുഞ്ചിരിയോടെ രേണു പറഞ്ഞു. അവര്‍ തലയാട്ടി.
വസീമും രേണുവും കാറില്‍ കയറി പോകുന്നത് ഇരുവരും നോക്കി നിന്നു. പിന്നെ മെല്ലെ വീട്ടിലേക്ക് കയറി കതകടച്ചു. അയല്‍വീട്ടില്‍ നിന്നും രണ്ടു കണ്ണുകള്‍ അവരെയും ഒപ്പം പുറത്തേക്ക് പോയ കാറിനെയും നോക്കുന്നുണ്ടായിരുന്നു.
രാവിലെ കൃത്യം എട്ടരയ്ക്ക് എസ് പി സുരേഷ് വര്‍മ്മ സി ഐ ഓഫീസില്‍ എത്തി. സി ഐയും എസ് ഐയും അദ്ദേഹത്തെ സല്യൂട്ട് നല്‍കി സ്വീകരിച്ചു. എസ് പി ഇരുന്ന ശേഷം അവരോട് ഇരിക്കാന്‍ ആംഗ്യം കാട്ടി.
“സൊ ഇറ്റ് ഈസ് ദ സെക്കന്റ് ഡേ…” എസ് പി ഇരുവരെയും നോക്കി പറഞ്ഞു.
“അതെ സര്‍” സി ഐ ആണ് അത് പറഞ്ഞത്.
