“മ്മ്…”
അയാളൊന്ന് മൂളി… അയാളിൽ നിന്ന് പിന്നെ പ്രതികരണം ഒന്നും ഇല്ലാതായപ്പോൾ അവൾ അയാളുടെ മാറിലേക്ക് തല ചായ്ച്ചു കിടന്നു…
“ഞാൻ പ്രതീക്ഷിച്ചിരുന്നു ആ തിരിച്ചു വരുന്ന ട്രെയിനിൽ കയറുന്ന ക്ലാരയെ….”
ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് അയാൾ സംസാരിച്ചത്….
“ഞാനുണ്ടായിരുന്നു മാഷേ…. നിങ്ങളുടെ തൊട്ടു പുറകിൽ…. നിശ്വാസങ്ങൾ കേൾക്കാവുന്ന അത്രയും അടുത്ത്…”
“വളരെ നല്ലത്….”
അവൾ മറുപടി പറയാതെ അയാളുടെ നെഞ്ചിൽ ചുണ്ടമർത്തി ചുംബിച്ചു….പതിയെ അവളുടെ കണ്ണുകൾ അയാളുടെ നെഞ്ചിനെ നനയ്ക്കാൻ തുടങ്ങി…. ഒന്നും പറഞ്ഞില്ലെങ്കിൽ കൂടി അയാളുടെ കൈകൾ അവളെ പൊതിഞ്ഞു….
“മാഷ്ക്ക് എങ്ങനാസാധിക്കണേ ഇപ്ളും എന്നെ വെറ്ക്കാതെ???”
“നീ.. ക്ലാരാ നീയാണ് എന്നെ പഠിപ്പിച്ചത്… ജയകൃഷ്ണനോടുള്ള നിൻ്റെ സ്നേഹം….”
അവൾ അൽപനേരം നിശബ്ദ ആയി കിടന്ന ശേഷം പറഞ്ഞു…..
“പക്ഷേ എനിക്ക് തോന്നണത്…. സ്നേഹത്തിന്റെ അളവ് കോലീ ഇങ്ങടെ തട്ട് തന്നാണ് താന്ന് നിക്കണേന്ന് ”
അയാൾ അല്പസമയം നിശബ്ദനായി എന്തോ ആലോചിക്കുന്നത് പോലെ ഇരുന്ന ശേഷം പറഞ്ഞു തുടങ്ങി….
“ഞാൻ നല്ലൊരു ബിസിനസ്കാരനായിരുന്നു…. സാറാമ്മ എപ്പളും പറയും ആഴ്ചേല് രണ്ടു ദിവസം എങ്കിലും അവൾക്കായി മാറ്റി വയ്ക്കണം എന്ന്…. ചുമ്മാ അധികം അകലേക്ക് അല്ലെങ്കിലും ചെറിയ ട്രിപ്പ് എന്നൊക്കെ പറയും…. പക്ഷേ ഞാനാണെ എന്നും മീറ്റിങ്ങും ഡിസ്‌കഷനും ഒക്കെ ആയിട്ട് ഫുൾ ബിസി….”
അയാൾ പറയുന്നത് ക്ലാര ശ്രദ്ധാപൂർവം കേട്ടെങ്കിലും ഇപ്പോൾ ഇതൊക്കെ പറയുന്നത് എന്തിനെന്നു അവൾക്ക് മനസിലാവുന്നുണ്ടായില്ല…
“തിരക്ക് ഒഴിഞ്ഞിട്ട് ട്രിപ്പ് ലോങ്ങ് തന്നെ ആക്കാം എന്ന് ഞാനും കരുതി…. പക്ഷേ… കാത്തിരിക്കാൻ ഇനിയും വയ്യെന്ന് പറഞ്ഞു അവൾ പോയി…. ഞായറാഴ്ച പള്ളീലേക്ക്ന്ന് പറഞ്ഞു ഇറങ്ങിയതാ… ഒരു ടാങ്കർ അവളെയും കൊണ്ടു പോയി….”
അയാളുടെ കണ്ണുകൾ ചെറുതായി നനഞ്ഞുതുടങ്ങി…. പക്ഷേ അവൾ അപ്പോളേക്കും ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ട് തന്നെ അയാളുടെ കണ്ണീരൊപ്പി….
“അന്നവൾക്ക് നൽകാൻ സാധിക്കാതെ പോയ സ്നേഹമാണ് ക്ലാരക്ക് ഞാൻ തരുന്നത്….”
ക്ലാര അയാൾക്കൊപ്പം ഏറെ നേരം കിടന്നു…. ആ നെഞ്ചിൽ തല ചേർത്ത്….
ഏതാനും ദിവസങ്ങൾ കടന്നുപോയി…. മക്കൾ ഇല്ലാത്ത മോണി മിക്കവാറും സമയങ്ങളിൽ കൊച്ചിനൊപ്പം കാണും….
പതിയെ കൊച്ചിനെ കുളിപ്പിക്കലും ഒക്കെ അയാൾ സ്വയം ഏറ്റെടുത്തു…. കിച്ചു വാവയും അയാൾ എടുക്കുമ്പോൾ കരച്ചിൽ നിറുത്തുന്ന അത്രയും അയാളോട് ഇണങ്ങി..,.
ഒരിക്കൽ ജോലി കഴിഞ്ഞു വരുമ്പോൾ അയാൾക്ക് ഒരു സന്തോഷ വർത്തമാനം കിട്ടി….
“കിച്ചൂസ് സ്വയം കമിഴ്ന്നു പോയി….”
ആ സന്തോഷത്തിൽ വാവയെയും എടുത്തു ക്ലാരയെ നന്ദിയോടെ നോക്കുമ്പോൾ അവൾ ഒരു ലിസ്റ്റ് തന്നെ അയാൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു….
“നാളെ വരുമ്പോ ഈ സാധനങ്ങള് വാങ്യോണ്ട് വര്വോ??? ഒപ്പം രണ്ടു ടിക്കറ്റും രണ്ടാഴ്ച കഴിഞ്ഞു മതി….. മൂവാറ്റ് പുഴയ്ക്ക്??? പകലെത്തണത് തന്നെ വേണംട്ടോ…”
അയാൾ ആ ലിസ്റ്റ് എടുത്തു നിവർത്തി….
കൊച്ചിന് വേണ്ട കരിവള, പൗഡർ തുടങ്ങി ഒട്ടനവധി സാധനങ്ങൾ…..
ഏറ്റവും അവസാനത്തെ രണ്ടു ഐറ്റംസ് കണ്ടു അയാളുടെ കണ്ണ് നിറഞ്ഞു….
ഒരു കൊച്ചു താലി….ഒരു ചെറിയ ഡപ്പി സിന്ദൂരം….
അയാളുടെ നോട്ടം കണ്ടു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു….
“കല്യാണങ്കഴ്ക്കാൻ ഒന്നും അല്ലെന്നേ…. ചുമ്മാ ഒരു കൊതി…. അതുമ്പോരാണ്ട് ഒര് ആവശ്യങ്കൂടി ഇണ്ടെന്ന് കൂട്ടിക്കോ….”
അടുത്ത ദിവസം ഒരു ശനിയാഴ്ച ആയിരുന്നു…. അയാൾ ആ ലിസ്റ്റിൽ ഒള്ള മൊത്തം സാധനങ്ങളും കൊണ്ടാണ് വന്നത്….
അതിനടുത്ത ദിവസം…. ഞായറാഴ്ച അവർ പള്ളിയിലേക്ക് പോയി…. ഒരുമിച്ച് കാണുന്ന ആദ്യത്തെ കുർബ്ബാന…..
വീട്ടിൽ വന്നു കയറിയപോൾ അവൾ ആ താലി അയാൾക്ക് നേരെ നീട്ടികൊണ്ട് ചോദിച്ചു…
“ഇതീ മാലയിൽ ഒന്ന് കോർത്തു തരാവോ???”
മറുപടി പറയാതെ കൊച്ചിനെ ക്ലാരയുടെ കയ്യിൽ ഏല്പിച്ചു അയാളാ താലി ക്ലാരയുടെ മാലയുടെ കൊളുത്തിൽ കുരുക്കിയ ശേഷം അവളെ നോക്കി….
