അത്രയും കേട്ടപ്പോൾ അയാൾക്ക് അല്പം സമാധാനമായി….
“പിന്നെ എന്തിനാ പോവുന്നെ???? അയാൾ സ്വസ്ഥമായി കല്യാണം കഴിച്ചു ജീവിച്ചോട്ടെ….”
പറ്റൂന്ന് തോന്നണില്യ മാഷേ അയാൾക്ക്…. അയാള്ടെ മനസീ ഇപ്ലും ഞാനുണ്ട്…. ഒരുപക്ഷേ രാധയേക്കാളും കൂടുതലായിട്ട്….
“അത് കൂടല്ലേ ചെയ്യാ?? ഇനിയും ക്ലാരയെ കാണുമ്പോൾ????”
“പറയട്ടെ മാഷേ…. ഞാൻ കൺട്രാക്റ്ററോട് വാക്ക് പറഞ്ഞട്ട്ണ്ട്…. രാധേനെ കെട്ടും വരേയ്ക്കെ ക്ലാരെനെ കാണൂന്ന്….”
അവൾ അയാളുടെ മുഖം പിടിച്ചു തന്റെ മുഖത്തിനെ നേരേ മുൻപിൽ കൊണ്ടു വന്നു പറഞ്ഞു….
“ഈ അവസാന കൂടികാഴ്ചേല് ഇയ്‌ക്ക് മാഷിന്റെ ഭാര്യ ആയ്ട്ട് വേണമ്പോവാൻ അങ്ങേരുടെ മുമ്പീക്ക്…. മറ്റൊരാള്ടെ ഭാര്യ ആയ എന്നെ മറന്ന് പൂർണ മനസോടെ വേണം ജയകൃഷ്ണൻ രാധേനെ കല്യാണം കഴ്ക്കാൻ….. അതിനെന്നെ അനുവദിക്കില്ലേ മാഷേ???”
ഒരു നിമിഷം മറുപടി നൽകാതെ അയാൾ അവളെ കണ്ണിലേക്കു നോക്കി ഇരുന്നു.. പിന്നെ പതിയെ ഇരുകൈകൾ കൊണ്ടും അവളുടെ മുഖം കയ്യിലെടുത്തു രാവിലെ താൻ തൊട്ടു നൽകിയ സിന്ദൂരത്തിനു മുകളിൽ ചുണ്ടമർത്തി….
പിന്നെ മെല്ലെ പറഞ്ഞു…
“ഞാനും വരാം ഇങ്ങടെ കോൺട്രാക്റ്ററെ… സോറി ജയകൃഷ്ണനെ കാണാൻ….”
“ശരിക്കു വരുവോ???”
മറുപടിയായി അയാൾ അവളുടെ ചുണ്ടുകളെ മൃദുവായി ചുംബിച്ചു….
♥️♥️♥️♥️♥️
ഒരു ദിവസത്തിലധികം. വരുന്ന യാത്ര ആയിരുന്നു…. കിച്ചുവാവ ഉള്ളത് കൊണ്ടു തന്നെ അവർക്ക് പിടിപ്പത് പണി ആയിരുന്നു… ട്രെയിനിന്റെ കുലുക്കവും വിൻഡോ നൽകുന്ന വെളിച്ചവും എല്ലാം അവളുടെ ഉറക്കം പലവട്ടം തടസപ്പെടുത്തിയപ്പോൾ അവൾ അവരെയും ബുദ്ധിമുട്ടിച്ചു….
ശരിക്കും പറഞ്ഞാൽ ആ രാത്രി മോണിയെ ഉറക്കിയേ ഇല്ല കിച്ചുവാവ എന്ന് പറയാം…. ക്ലാരയെ അയാൾ നിർബന്ധമായി ഉറങ്ങാൻ അയച്ചു…. ജയകൃഷ്ണനെ കാണുമ്പോൾ ചത്ത കണ്ണുകളോടെ അല്ലാതെ സന്തോഷത്തോടെ വേണം എന്ന് അയാൾക്ക് നിർബന്ധമായിരുന്നു….
പിറ്റേന്ന് രാവിലെ പതിനൊന്നു മണിക്ക് അവർ ഷൊർണൂർ എത്തി.. അപ്പോൾ ക്ലാര പോയി കുളിച്ചു സാരി ചുറ്റി അയാൾക്ക് അരികിലേക്ക് വന്നു….
“സുന്ദരി ആയോ മാഷേ…. മുൻകാമുകനെ കാണാൻ പോവാൻ ഈ ഒരുക്കങ്ങൾ ഒക്കെ പോരേ???”
അവളുടെ തമാശക്ക് അയാൾ പുഞ്ചിരിയോടെ തലയാട്ടി….
തൃശ്ശൂർ സ്റ്റേഷനോട് അടുത്ത് എത്തിയപ്പോൾ അവൾ കിച്ചുവാവയെ എടുക്കാൻ ശ്രമിച്ചെങ്കിലും അയാൾ അത് തടഞ്ഞു…..
“വാവയെ ഞാൻ എടുത്തോളാം,…. അപ്പോൾ വാവയെ ഏല്പിക്കാൻ എന്ന വണ്ണം എനിക്ക് വരാമല്ലോ അയാളെ കാണാൻ…..”
അവൾ മറുപടിയായി പുഞ്ചിരിച്ചു കൊണ്ടു തലയാട്ടി….
പത്ത് മിനിറ്റ് മാത്രമാണ് ആ ട്രെയിനിനു സ്റ്റേഷനിൽ സമയം ഉണ്ടായിരുന്നത്….
ട്രെയിൻ നിൽകുമ്പോൾ തന്നെ ഇറങ്ങാനായി ക്ലാര വാതിലിനു അടുത്ത് തന്നെ പോയ് നിന്നു…. മോണി ജനലിലൂടെ പുറത്തു നോക്കിയും…..
ക്ലാര പുറത്തിറങ്ങുന്നതും ജയകൃഷ്ണൻ വെപ്രാളപ്പെട്ട് അവൾക്ക് അരികിലേക്ക് വരുന്നതും അയാൾ കണ്ടു… ക്ലാര പറഞ്ഞതു സത്യമാണെന്നും ഇങ്ങനെ ഒരു കൂടിക്കാഴ്ച ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ അയാൾ ക്ലാരയേ കുറിച്ച് ഓർത്ത് ജീവിതം നശിപ്പിക്കുമായിരുന്നെന്നും അയാൾക്കും തോന്നി…
അധികം ആലോചിച്ചു സമയം കളയാതെ അയാൾ കൊച്ചിനെ എടുത്തു…. ഉറക്കം തടസപ്പെട്ട ദേഷ്യത്തിൽ വാവ കരയാൻ തുടങ്ങിയതോടെ ഒരു വാട്ടർ ബോട്ടിലും കയ്യിൽ എടുത്തു അയാൾ പുറത്തിറങ്ങി….
തന്നെ ഭർത്താവ് എന്ന് ക്ലാര പരിചയപെടുത്തിയപ്പോൾ അയാളുടെ ഉള്ള് നിറഞ്ഞെങ്കിലും ജയകൃഷ്ണന്റെ മുഖം വാടുന്നത് കൺകോണിലൂടെ അയാൾക്ക് കാണാനായി
അപ്പോളേക്കും വാവ ക്ലാരയുടെ കയ്യിൽ ഏൽപ്പിച്ചു വെള്ളം എടുക്കാൻ എന്ന വണ്ണം മോണി അവരിൽ നിന്നകന്നു…. ഏതാനും നിമിഷങ്ങളുടെ സ്വകാര്യത അവർക്ക് സമ്മാനിക്കാനായ്….
ഒന്നോ രണ്ടോ മിനിറ്റുകൾ…. അതിലധികം ക്ലാരയെ…. ക്ലാരയെക്കാൾ കിച്ചു വാവയെ അകലാൻ അയാൾക്ക് കഴിഞ്ഞില്ല… അയാൾ അവർക്കരികിൽ തിരിച്ചെത്തി ജയകൃഷ്ണന് വിവാഹംമംഗളങ്ങൾ നേർന്നു കൊച്ചിനെ വാങ്ങി ഉള്ളിലേക്ക് കയറി….
ട്രെയിനിൽ ഇരിക്കുമ്പോളേക്ക് കിച്ചുവാവ ഉറങ്ങിക്കഴിഞ്ഞിരുന്നു…. അവളെ സീറ്റിലേ വിരിയിലേക്ക് കിടത്തുമ്പോളേക്ക് ട്രെയിൻ വീണ്ടും നീങ്ങി തുടങ്ങി….
