അപ്പോളേക്കും അവർ ഒരു മുറിയിലേക്ക് താമസം കൂടി മാറിയിരുന്നു…. അയാൾക്ക് ജോലി ഇല്ലാത്ത ഒരു ദിവസം കിച്ചുവാവയെ നോക്കാൻ അയാളെ ഏൽപ്പിച്ചു ക്ലാര പുറത്ത് പോയി…. രണ്ടു മണിക്കൂറിൽ അധികമെടുത്തു തിരിച്ചു വരാൻ…..
വന്നു കഴിഞ്ഞു വാവ ഉറങ്ങിയ തക്കം നോക്കി അയാളോട് ഒട്ടിച്ചേർന് കിടക്കുമ്പോൾ ആണ് അയാൾ ചോദിച്ചത്…..
“ക്ലാര എവിടെ പോയാലും എനിക്ക് പ്രശ്നമില്ല…. എങ്കിലും പറഞ്ഞൂടെ എന്തിനാ പോയത് എന്ന്????”
“ഞങ്ങ.. വേശ്യോൾക്ക് അറിയണ അത്രേം രഹസ്യം വേറെ ആര്ക്ക് അറിയാം മാഷേ… ഒക്കെ രഹസ്യായ്ട്ട് അങ്നെ നിക്കട്ടേന്നേ…”
“എന്തേലും ആവട്ട്…. എന്തായാലും ഹാപ്പി ആണിപ്പോ ഞാൻ…. ക്ലാരയും കിച്ചുവും എന്നും ഒപ്പം ഉണ്ടെങ്കിൽ….”
“ഞാനും….”
അയാളുടെ കണ്ണിലേക്കു നോക്കി അവൾ പറഞ്ഞപ്പോൾ അയാൾ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു ചോദിച്ചു…..
“അതിരിക്കട്ടെ…. ക്ലാരക്ക് ആണല്ലോ ഈ വട്ടം എന്നെക്കാൾ കൂടുതൽ ആഗ്രഹം മൂവാറ്റുപുഴ പോവാൻ???”
“അതോക്കിണ്ട് മാഷേ…. പക്ഷേ, ഇപ്പോ ഒന്നും പറയൂല…. മ്മള് രണ്ടാളും… അല്ലാ മൂന്നാള്ങ്കൂടി മറ്റന്നാ പോവല്ലേ…. അപ്പോ ട്രെയിനീ വച്ച് പറയാട്ടോ…. അല്ലെടി ചക്കരെ????”.
അടുത്ത് തൊട്ടിലിൽ ഉറങ്ങി കിടക്കുന്ന കൊച്ചിനെ കൊഞ്ചിച്ചു കൊണ്ടവൾ ചോദിച്ചു…..
“ശരി… കാത്തിരുന്നല്ലേ പറ്റൂ….”
കിച്ചുവാവ ചെറുതായി കിണുങ്ങി തുടങ്ങിയതോടെ ആ സംസാരം അവസാനിച്ചു…..
♥️♥️♥️♥️
അങ്ങനെ അവൾ കാത്തിരുന്ന ദിവസമെത്തി…. രാവിലെ എട്ട് മണിക്കായിരുന്നു ട്രൈയിൻ…. ക്ലാര അതിരാവിലെ എണീറ്റ് സാരി തേയ്ക്കുന്ന കണ്ടു അയാൾ അതിശയപ്പെട്ടു….
“എന്താ കൊച്ചേ ഇത്ര ലോങ്ങ് ജേണി മൊത്തം സാരിയും ഉടുത്തു വീർപ്പു മുട്ടി ഇരിക്കാനാണോ പ്ലാൻ????”
“അതൊക്കെ ഉണ്ടെന്റെ പൊന്നുമാഷേ.. ഇപ്പോ സമയങ്കളയാണ്ട് പോയി റെഡിയായിക്കെ….”
അതും പറഞ്ഞു അയാളെ ഉന്തി തള്ളി പറഞ്ഞു വിട്ട് ക്ലാരയും തന്റെ ഒരുക്കങ്ങളിലേക്ക് കടന്നു…
ഏഴു മണിക്കേ അവർ ഇറങ്ങി… രാവിലെ എട്ട് മണിക്കായിരുന്നു ട്രെയിൻ…. സാരി തേയ്ക്കുന്നത് കണ്ടെങ്കിലും അവളൊരു ചുരിദാറാണ് യാത്രക്കായി അണിഞ്ഞത്…
ഒരു ബാഗിൽ കിച്ചു വാവയുടെ സാധനങ്ങളും സൂയിട്ട്കേസിൽ അയാളുടെ സാധനങ്ങളും ക്ലാരയുടെ ഷോൾഡർ ബാഗിൽ അവളുടെതും ഒക്കെ ആയി നല്ല തയ്യാറെടുപോടെ ഉള്ള യാത്ര….
ട്രെയിൻ ഹൈദരാബാദ് സിറ്റി വിട്ട് നെല്ലും ഗോതമ്പും കൃഷി ചെയ്ത ആന്ധ്രായിലെ ഗ്രാമപ്രദേശങ്ങളിലേക്ക് കടക്കുമ്പോളെക്ക് അവർ ബാഗുകൾ ഒക്കെ ഒതുക്കി തങ്ങളുടെ ഇരിപ്പടങ്ങളിൽ ഇരുന്നു കഴിഞ്ഞു…..
അധികം വൈകാതെ വാവയും ഉറങ്ങിയതോടെ ക്ലാര കിച്ചു വാവയെ സീറ്റിൽ ഷീറ്റ് വിരിച്ചു കിടത്തി….
എല്ലാം കൗതുകത്തോടെ നോക്കിക്കാണുന്നുണ്ട് മോണി….
ഇരുവശത്തും തുണികൾ വച്ച് അവളെ സപ്പോർട്ട് ചെയ്തു അൽപനേരം നോക്കിയിരുന്ന ശേഷം ക്ലാര എണീറ്റു എതിരെ തങ്ങളെ നോക്കിയിരിക്കുന്ന അയാൾക്ക് അരികിൽ ഇരുന്നു….
സാധാരണ അയാളുടെ നെഞ്ചിൽ ചാരുന്ന അവൾ അന്ന് മോണിയെ തന്റെ നെഞ്ചോടു ചേർത്ത് കിടത്തി മുടിയിഴകളിൽ തഴുകി കൊണ്ടു പറഞ്ഞു…
“മാഷേ എനിക്കൊരു കാര്യമ്പര്യാനുണ്ട്….”
അതിന് മറുപടി ഒന്നുമയാൾ പറഞ്ഞില്ലെങ്കിൽ കൂടി അയാൾ അവളുടെ സംസാരത്തിൽ ശ്രദ്ധിക്കുന്നുണ്ട്… കാരണം അയാൾ കാത്തിരിക്കുന്നതും അവൾക്ക് പറയാനുള്ളത് എന്താണെന്ന് തന്നെയാണല്ലോ….
“ഒന്നല്ല… കൊറേ കാര്യങ്ങൾ…..”
അയാളുടെ തലയിൽ തഴുകി കൊണ്ടവൾ പുറത്തേക്ക് നോക്കി സ്വപ്നം കാണുന്നത് പോലെ പറഞ്ഞു തുടങ്ങി….
“ന്റെ തടി കൺട്രാക്റ്ററുണ്ടാവും ചെലപ്പോ തൃശ്ശൂരു…”
അത് മോണി പ്രതീക്ഷിച്ചില്ല…. അയാൾ അവളിൽ നിന്ന് അകലാൻ ശ്രമിച്ചു….
പക്ഷേ അവൾ അയാളെ വിടാതെ ബലമായി പിടിച്ചു കൊണ്ടു പറഞ്ഞു…..
“മൊത്തോം കേക്ക് മാഷേ…. മാഷിന്റെ ക്ലാര അല്ലേ പറയണേ!!!!”
അവളുടെ ബലമായുള്ള പിടുത്തതിന് വഴങ്ങിക്കൊടുത്തുകൊണ്ട് വീണ്ടും അയാൾ അവളിലേക്ക് തല ചേർത്തു…
“അട്ത്ത മാസം കല്യാണാണ് ജയകൃഷ്ണന്റെ….. എന്നെ കാണണേലും മുമ്പ് പരിചയപെട്ടു ഇഷ്ടപ്പെട്ട കുട്ട്യാ…. രാധ…..”
