ദൈവം പറഞ്ഞു വിട്ട പോരാളി മാലാഖയെ പോലെയാണ് ചേട്ടൻ വന്ന് അവരെ രക്ഷിച്ചതെന്ന് അല്ലി പറഞ്ഞപ്പോ എനിക്ക് അഭിമാനം തോന്നി. ആ ഗുണ്ടകളോട് ചേട്ടൻ പറഞ്ഞ ഓരോ വാക്കും, ഭീഷണിയും, താക്കീതും, അവര്‍ക്ക് രക്ഷപ്പെടാൻ കൊടുത്ത അവസരവും, ഗുണ്ടകളുടെ അഹങ്കാരവും മറ്റും.. പിന്നെ നടന്ന ഫൈറ്റും എല്ലാം വള്ളി പുള്ളി തെറ്റാതെ അല്ലി എന്നോട് വിവരിച്ചാണ് പറഞ്ഞത്.
ശെരിക്കും അതൊരു ഫൈറ്റ് അല്ല, ദേഷ്യം കേറിയ കുട്ടി കളിപ്പാട്ടത്തെ നിസ്സാരമായി പിച്ചിച്ചീന്തും പോലെ ചേട്ടൻ ആ മൂന്ന് ഗുണ്ടകളേയും പിച്ചിച്ചീന്തി എന്ന് അല്ലി പറഞ്ഞപ്പോ ഞാൻ ശെരിക്കും വിറച്ചു പോയി.
ഒടുവില്‍ ഞങ്ങൾ വേറേ പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. നാട്ടില്‍ ഉള്ള ഞങ്ങൾ എല്ലാവരെയും കുറിച്ച് അല്ലിക്ക് നല്ലതുപോലെ അറിയാമെങ്കിലും അവൾ ഓരോ കാര്യവും എടുത്തെടുത്ത് ചോദിച്ചു കൊണ്ടിരുന്നു.
അതെല്ലാം കഴിഞ്ഞ്, അവസാനം, ഞാനും ചേട്ടനും ഡെയ്സിയും ജനിച്ചത് തൊട്ട് വളര്‍ന്നു വന്നതും, ചേട്ടനും ഡെയ്സിയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും, പിന്നെ ഞാനും ചേട്ടനും തമ്മില്‍ എങ്ങനെയാണെന്നും, എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ പറയാൻ വാശി പിടിച്ചതും… എനിക്ക് ചേട്ടനോടുള്ള ഇഷ്ട്ടം ഒഴികെ എല്ലാം വിശദമായി ഞാൻ അവളോട് പറഞ്ഞു.
“ഉൺമയ സൊല്ലുങ്ക അക്കാ, നീങ്ക അണ്ണാവ ഡീപ്പാ ലവ് പൺറീങ്ക താന..?” പെട്ടന്ന് അല്ലി ചോദിച്ചത് കേട്ട് ഞാൻ ഞെട്ടി. ഇവൾക്ക് എങ്ങനെ മനസ്സിലായി.
ഒന്നും മിണ്ടാതെ അവളെ തന്നെ ഞാൻ നോക്കി.
“പൊയ് സൊല്ല കൂടാത്. അണ്ണാവ ഡീപ്പാ ലവ് പൻറീങ്ക താന?” അവള്‍ പുഞ്ചിരിയോടെ പിന്നെയും ചോദിച്ചു.
ആണെന്ന് ഞാൻ തലയാട്ടി. ഉടനെ അതിനെ കുറിച്ച് അവളോട് വിശദമായി പറയാൻ അവള്‍ വാശി പിടിച്ചു. എനിക്ക് ശെരിക്കും അല്ലിയോട് ദേഷ്യം തോന്നിയില്ല. അവളോട് എല്ലാം പറയാൻ എന്തുകൊണ്ടോ എനിക്കും ഇഷ്ടമായിരുന്നു. അതുകൊണ്ട് എന്റെ മനസ്സ് അവളോട് ഞാൻ തുറന്നു.
കുഞ്ഞിക്കാലം തൊട്ട് ഇന്നുവരെ എന്റെ മനസ്സിൽ കൊണ്ടു നടന്ന എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു.
എനിക്കും ചേട്ടനും ഇടയില്‍ നടന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങൾ വരെ ഞാൻ പറഞ്ഞു. പണ്ട് സ്കൂളിലും വീട്ട് പരിസരത്തും ചേട്ടനെ സൈറ്റ് അടിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ ഞാൻ പിന്നീട് ഒറ്റക്ക് ചെന്ന് കണ്ട് അവരോട് വഴക്ക് കൂടിയതും ഞാൻ പറഞ്ഞു. അങ്ങനെ എല്ലാ ചെറുതും വല്യ കാര്യങ്ങൾ എല്ലാം പറഞ്ഞു.
പിന്നെ ഇങ്ങോട്ട് വരുന്ന വഴിക്ക് സംഭവിച്ച കാര്യങ്ങൾ പോലും അവളോട് ഞാൻ പറഞ്ഞു.
“കവലപ്പടാതീങ്ക അക്കാ, അണ്ണാ ഉങ്കളുക്ക് കണ്ടിപ്പാ കിടൈപ്പാങ്ക.” എല്ലാം കെട്ടു കഴിഞ്ഞ് അല്ലി എന്നെ ആശ്വസിപ്പിച്ചു.
അതുകഴിഞ്ഞ് ഡാൻസ് പഠിപ്പിക്കാന്‍ അല്ലി എന്നോട് ആവശ്യപ്പെട്ടു. ഉടനെ അവളെ ചേട്ടന്റെ കരാട്ടെ പ്രാക്ടീസ് റൂമിൽ കൂട്ടിക്കൊണ്ടു പോയി അല്ലിക്ക് ഞാൻ ഡാൻസ് പഠിപ്പിച്ച് കൊടുക്കാൻ തുടങ്ങി. ഇടക്കിടക്ക് ഞാൻ സമയം നോക്കി കൊണ്ടിരുന്നു. ഒടുവില്‍ നാലു മണിയായി.
പക്ഷേ നാല് മണിക്ക് വീട്ടില്‍ വരാമെന്ന് ചേട്ടൻ പറഞ്ഞെങ്കിലും ചേട്ടൻ വന്നില്ല. ഞാൻ ഉടനെ ചേട്ടനെ വിളിച്ചു. തിരക്കാണ്, കുറച്ചുകൂടെ കഴിയുമെന്ന് മറുപടി കിട്ടി.
പക്ഷേ ഇടവിട്ടിടവിട്ട് ഞാൻ കോൾ ചെയ്തു കൊണ്ടിരുന്നു. നാല് തൊട്ട് ആറ് മണിക്കിടെ ഞാൻ 18 പ്രാവശ്യമാണ് ചേട്ടനെ വിളിച്ചത്. ഒരിക്കല്‍ പോലും ചേട്ടൻ എന്നോട് ദേഷ്യപ്പെട്ടില്ല. വേഗം വരാമെന്ന് ചേട്ടൻ എന്നെ സമാധാനിപ്പിച്ചു.
ഒടുവില്‍ ആറര ആയപ്പോ ചേട്ടൻ ഫോണിൽ സംസാരിച്ചു കൊണ്ട് പ്രാക്ടീസ് റൂമിൽ കേറി വന്നു. മ്യൂസിക് കേട്ടിട്ടാവും ചേട്ടൻ നേരെ ഇങ്ങോട്ട് വന്നത്. ചേട്ടന്റെ സംസാരം കേട്ടിട്ട് ചേട്ടന്റെ വല്യുമ്മയാണ് ഫോണിലെന്ന് മനസ്സിലായി.
ചേട്ടനെ കണ്ടതും എന്റെ ഹൃദയം തുള്ളിച്ചാടി. ഉള്ളില്‍ സന്തോഷം നിറഞ്ഞു. ഞാനും അല്ലിയും ചേട്ടന് പുഞ്ചിരി കൊടുത്തിട്ട് ഡാൻസ് നിര്‍ത്താതെ തുടർന്നു. ചേട്ടൻ കോൾ കട്ട് ചെയ്തിട്ട് അല്ലി പ്രാക്ടീസ് ചെയ്യുന്നതും നോക്കി പുഞ്ചിരിയോടെ നിന്നു.
