ട്വിൻ ഫ്ലവർസ് – 2 10അടിപൊളി 

“അക്കാവും നീങ്കളും ബത്രമാ പോയിട്ട് വാങ്ക.” പറഞ്ഞിട്ട് അവൾ പിന്നെയും ഓടി. മുന്നില്‍ നിന്നും സ്ക്കൂട്ടി അവൾ തള്ളി മാറ്റിയ ശേഷം ഞങ്ങൾക്ക് ടാറ്റ കാണിച്ചു.

“നി ഒരു ചിത്രശലഭം തന്നെയാ.” ചേട്ടൻ സ്നേഹത്തോടെ പറഞ്ഞതും അല്ലി ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.

വണ്ടി മുന്നോട്ട് നീങ്ങി. ചേട്ടൻ ഒന്നും പറയാതെ റോഡില്‍ മാത്രം നോക്കി വണ്ടി ഓടിച്ചു. എനിക്ക് നല്ല വിഷമം തോന്നി.

“എന്നോട് പിണക്കമാ…?” സഹിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു.

“നി നേരത്തെ എന്നോട് ദേഷ്യപ്പെട്ടെന്ന് വച്ച് ഞാൻ അങ്ങനെ പിണങ്ങത്തൊന്നുമില്ല.” ചേട്ടൻ പറഞ്ഞു.

അപ്പോഴാണ് ചെറുതായി സമാധാനം ഉണ്ടായത്.

“അല്ലെങ്കിലും ഈയിടെയായി നിനക്ക് ദേഷ്യം ഇത്തിരി കൂടുതലാ.” ചേട്ടൻ അല്‍പ്പം സീരിയസ്സായി പറഞ്ഞു.

ഉടനെ എന്റെ മനസ്സിൽ വിഷമവും ടെൻഷനും കേറി

“പക്ഷേ എന്നെ പേടിപ്പിച്ചതിന് നിനക്ക് ഞാൻ വച്ചിട്ടുണ്ട്. നിന്നെ ഞാൻ വെറുതെ വിടില്ല.” കുസൃതി ചിരിയോടെ ചേട്ടൻ പറഞ്ഞത് കേട്ട് എന്റെ എല്ലാ ടെൻഷനും വിഷമവും മാറി. ഞാനും ചിരിച്ചു.

“ശെരിയാ, എനിക്ക് വെച്ചിട്ടുള്ളത് എനിക്ക് തരണം… ചേട്ടൻ എന്നെ വെറുതെ വിടരുത്.” ഞാൻ പറഞ്ഞതും ചേട്ടൻ പൊട്ടിച്ചിരിച്ചു.

അങ്ങനെ ചേട്ടനോട് സംസാരിച്ചും, പുറത്തുള്ള കാഴ്ചകള്‍ കണ്ടും ഞാൻ ഇരുന്നു. അവസാനം, 25 മിനിറ്റ് കഴിഞ്ഞ് ചേട്ടൻ വണ്ടി നല്ലോണം സ്ലോ ചെയ്ത് റൈറ്റ് എടുത്തതും 75 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബ്രോഡ് ടെക്നോ കമ്പനിയുടെ ഗംഭീരമായ കോമ്പൌണ്ടും എൻട്രൻസും കാണാന്‍ കഴിഞ്ഞു.

“അതാണ്‌ സ്ഥലം.” ചേട്ടൻ പറഞ്ഞു.

രണ്ടു മീറ്റർ പൊക്കമുള്ള കോമ്പൗണ്ടിനകത് ഒന്‍പത് വ്യത്യസ്ത സൈസിലുള്ള ബിൽഡിംഗ്സ് ആണ് ഉയർന്നു നില്‍ക്കുന്നത്.

ഗേറ്റിന് അകത്ത് വലതു വശത്തായി ഒരു വലിയ സെക്യൂരിറ്റി റൂം ഉണ്ടായിരുന്നു. ആ റൂമിന് പുറത്ത്‌ ആറര അടി എങ്കിലും പൊക്കവും നല്ല മസിൽസുമുള്ള ഒരു സെക്യൂരിറ്റിയും, അയാള്‍ക്ക് മുന്നില്‍ കുറെ ആളുകളും നില്‍പ്പുണ്ടായിരുന്നു.

ഗേറ്റിന് പുറത്ത്‌ വലതു വശത്തായി വലിയൊരു പാർക്കിംഗ് ഏരിയ ഉണ്ടായിരുന്നു. “വിസിറ്റർസ് പാർക്കിംഗ്” എന്ന വലിയൊരു ബോർഡും കാണാന്‍ കഴിഞ്ഞു.

അവിടെ മുപ്പതോളം വണ്ടികളാണ് പാർക്ക് ചെയ്തിരുന്നത്. ചേട്ടനും അവിടെ ചെന്ന് പാർക്ക് ചെയ്തു.

“ഐ പാഡും പിടിച്ചു നില്‍ക്കുന്ന ആ ഭീമന്‍ സെക്യൂരിറ്റിക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ എല്ലാം ഇന്റര്‍വ്യൂവിന് വന്നവരാണ്.” ചേട്ടൻ പറഞ്ഞു.

ആ സെക്യുരിറ്റിയെ ചേട്ടൻ ഭീമന്‍ എന്ന് പറഞ്ഞപ്പോ ഞാൻ മനസ്സിൽ ചിരിച്ചു.

“പിന്നേ, ഇന്റര്‍വ്യൂവിന് സെലക്ട് ആയവരുടെ പേര് മാത്രമേ ആ ഭീമന്റെ ഐ പാഡിൽ കാണുകയുള്ളൂ. ആ ലിസ്റ്റില്‍ ഇല്ലാത്ത ആളുകളെ ആ ഭീമന്‍ തിരികെ പറഞ്ഞു വിടും. ആ ലിസ്റ്റ് പ്രകാരമുള്ള ഡീറ്റയിൽസ് ആണ്‌ ഇപ്പോൾ ആ ഭീമന്‍ ചെക്ക് ചെയ്യുന്നത്.”

“പക്ഷേ ഇന്റര്‍വ്യൂന് സെലക്ട് ആയവർ മാത്രമല്ലേ ഇന്റര്‍വ്യൂ അറ്റൻഡ് ചെയ്യാൻ വരികയുള്ളൂ? അപ്പോപ്പിന്നെ ആ ലിസ്റ്റ് എന്തിനാ?” എന്റെ സംശയം ഞാൻ ചോദിച്ചു.

“നി കരുതിയിരിക്കും പോലെ ഇവിടത്തെ ഇന്റര്‍വ്യൂ സെലക്ഷന് പോലും അത്ര സിമ്പിൾ ആയിട്ട് ആളുകൾ പാസാവില്ല.” ചേട്ടൻ പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി.

“ആണോ?” പക്ഷേ ഇന്റര്‍വ്യൂന് സെലക്ട് ചെയ്യാൻ അങ്ങനെ ടെസ്റ്റ് ഒന്നും ആരും നടത്തിയില്ലല്ലോ.” ഞാൻ പറഞ്ഞു.

“ഉറപ്പാണോ?” ചേട്ടൻ ചോദിച്ചപ്പോ ഞാൻ സംശയത്തോടെ ഒന്ന് ആലോചിച്ചു. “നി ഇവിടത്തെ ജോലിയുടെ ആഡ് കണ്ടിട്ട് അല്ലേ ഈ ജോലിക്ക് അപ്ലൈ ചെയ്യാൻ ഇവരുടെ വെബ് സൈറ്റില്‍ നി കേറിയത്?”

“ആങ്. അതേ.”

“വെബ് സൈറ്റില്‍ കേറും മുന്‍പ് ഒരു സർവേ നി കംപ്ലീറ്റ് ചെയ്തു കാണുമല്ലോ?” ചേട്ടൻ ചോദിച്ചു.

“അതേ… ചേട്ടന് എങ്ങനെ അറിയാം?” ഞാൻ ആശ്ചര്യപ്പെട്ടു.

“ആ സർവേ നിര്‍ബന്ധമായി ചെയ്യണമെന്ന് അവിടെ പറഞ്ഞിട്ട് ഉണ്ടാവും. പക്ഷേ ആ സർവേ സ്കിപ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാവും.”

“അതേ, ചേട്ടൻ പറഞ്ഞത് ശെരിയാ. പക്ഷേ ചേട്ടൻ എങ്ങനെ അറിയാം…?”

Leave a Reply

Your email address will not be published. Required fields are marked *