ട്വിൻ ഫ്ലവർസ് – 2 10അടിപൊളി 

“ഡാലിയക്കും ഇന്ന്‌ ഇന്റര്‍വ്യൂ ഉണ്ട്. അതിനാണ് അവളെ ഞാൻ ഇങ്ങോട്ട് കൊണ്ടു വിട്ടത്.” അയാളോട് പറഞ്ഞിട്ട് ചേട്ടൻ എന്നെ നോക്കി പറഞ്ഞു, “ഡാലിയ, സാമുവേല്‍ ചേട്ടനാണ് ഈ കമ്പനിയുടെ ചീഫ് സെക്യൂരിറ്റി. ഏതു വിസിറ്റർസ് വന്നാലും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിൽ മാത്രമേ കമ്പനിക്കകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. ഇന്റര്‍വ്യൂവിന് വന്ന നിങ്ങളൊക്കെ വിസിറ്റർസ് കാറ്റഗരിയിൽ പെടും.”

“നിങ്ങടെ റിലേറ്റിവായ ഈ കുട്ടിയെ ഇന്റര്‍വ്യൂവിന് പറഞ്ഞു വിടേണ്ട കാര്യം ഒന്നും ഇല്ലായിരുന്നല്ലോ.” സാമുവേല്‍ അണ്ണൻ തമിഴില്‍ ചേട്ടനോട് പറഞ്ഞ വിവരം കേട്ടതും ഞാൻ ഞെട്ടി. “നിങ്ങൾ ദാമോദരന്‍ സർനോടോ വില്യം സർനോടോ നേരിട്ട് സംസാരിച്ചാൽ മതിയായിരുന്നല്ലോ. ഈ കുട്ടിക്ക് ജോലി കിട്ടുമായിരുന്നു.”

അത്രയും പറഞ്ഞിട്ട് സാമുവേല്‍ ചേട്ടൻ എന്നോടായി പറഞ്ഞു, “ഈ കമ്പനിയുടെ ഹെഡ് ആയ വില്യം സാറും—”

“സാമുവേല്‍ അണ്ണാ…” പെട്ടന്ന് ചേട്ടൻ അയാളെ തടസ്സപ്പെടുത്തി. “ഡാലിയ നല്ല മിടുക്കിയാണ്. ആരുടെ ശുപാര്‍ശയും ഇല്ലാതെ, സ്വന്തം പഠിപ്പും, കഴിവും, എക്സ്പീരിയൻസും ഉപയോഗിച്ച് ഈ ജോലി നേടിയെടുക്കാൻ ഡാലിയക്ക് കഴിയുമെന്ന് ഞാൻ പൂര്‍ണമായി വിശ്വസിക്കുന്നു. ഞാൻ ശുപാര്‍ശ ചെയ്താൽ അവളുടെ കഴിവിനെ ഞാൻ പുച്ഛിക്കുന്നത് പോലെയാവും.”

ചേട്ടൻ പറഞ്ഞത് കേട്ട് സാമുവേല്‍ അണ്ണൻ അന്തിച്ചു നിന്നു. പക്ഷേ പെട്ടന്ന് അയാള്‍ എന്നെ നോക്കി. അയാളുടെ കണ്ണുകളില്‍ ബഹുമാനം ഉണ്ടായിരുന്നു. ആദ്യമായി അയാള്‍ എനിക്കൊരു പുഞ്ചിരി തന്നു.

“സരി, വാമാ നേരമാച്ച്.” എന്നും പറഞ്ഞ്‌ സാമുവേല്‍ ചേട്ടൻ ഐ പാഡിൽ എന്തോ കുത്തി കുറിച്ചു. എന്നിട്ട് ചേട്ടനെ തോളില്‍ ഒന്ന് മെല്ലെ തട്ടിയ ശേഷം അയാളുടെ കൂടെ എന്നെ ചെല്ലാൻ പറഞ്ഞിട്ട് പുള്ളി നടക്കാൻ തുടങ്ങി.

ചേട്ടൻ എന്റെ കഴിവിൻ മേല്‍ ഇത്രമാത്രം വിശ്വാസം വച്ചിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്. ഞാൻ എന്ന വ്യക്തിയെ എത്രമാത്രം ബഹുമാനിക്കുന്നു എന്നും ഞാൻ നല്ലതുപോലെ മനസ്സിലാക്കി. എനിക്ക് ചേട്ടനോട് കൂടുതൽ സ്നേഹവും ബഹുമാനവും ആരാധനയും തോന്നി.

“ഞാൻ പോട്ടെ. ഇന്റര്‍വ്യൂ കഴിഞ്ഞതും ചേട്ടനെ വിളിക്കാം.” പുഞ്ചിരിയോടെ പറഞ്ഞിട്ട് ഞാൻ വേഗം സാമുവേല്‍ ചേട്ടന്റെ അടുത്തേക്ക് പോകാൻ തുടങ്ങി.

പക്ഷേ എനിക്കൊരു കുസൃതി തോന്നിയതും ഞാൻ നിന്നു.

“സാമുവേല്‍ അണ്ണനെ ചേട്ടൻ ഭീമന്‍ എന്ന് വിളിച്ച കാര്യം അയാളോട് ഞാൻ പറയട്ടെ?” കുസൃതിയോടെ ഞാൻ ചോദിച്ചു.

“അയ്യോ… എന്റെ പോന്നു ഡാലി…. എന്നെ കൊലയ്ക്ക് കൊടുക്കരുത്.” ചേട്ടൻ തമാശയ്ക്ക് കൈ കൂപ്പി.

ഞാൻ ചിരിച്ചു കൊണ്ട്‌ തിരിഞ്ഞു. അപ്പോഴാണ് സാമുവേല്‍ ചേട്ടൻ പുഞ്ചിരിയോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നത് ഞാൻ കണ്ടത്.

ഈശ്വരാ… അയാള്‍ കേട്ടു കാണുമോ? ഞാൻ വേഗം അയാള്‍ക്കടുത്തേക്ക് നടന്നു.
*****************

ഏറ്റവും അവസാനമാണ് എന്നെ വിളിച്ചത്. എന്റെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോ രണ്ടരയായി. ഭയങ്കര ടഫ് ആയിരുന്നു. പക്ഷെ എല്ലാം ഞാൻ നന്നായി ചെയ്തു എന്ന വിശ്വാസം എനിക്കുണ്ട്. ഇന്റര്‍വ്യൂ കഴിഞ്ഞ് സാമുവേല്‍ ചേട്ടൻ എന്നെ വെയിറ്റിംഗ് ഹാളില്‍ കൂട്ടിക്കൊണ്ടു പോയി.

ഇന്റര്‍വ്യൂ കഴിഞ്ഞ് എല്ലാവരും അവിടെ ഉണ്ടായിരുന്നു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുന്നുണ്ടായിരുന്നു.

ഞങ്ങൾ അവരില്‍ നിന്നും മാറിയാണ് നിന്നത്.

“ഈ കമ്പനിയുടെ ഹെഡ് ആണ്‌ വില്യം സർ. അദ്ദേഹം ഒരു അമേരിക്കന്‍ ആണ്. വില്യം സാറും റൂബിന്‍ തമ്പിയും വളരെ നല്ല സുഹൃത്തുക്കളാണ്. കൂടാതെ ഈ കമ്പനിയില്‍ ഉള്ള ഒരുപാട്‌ ടോപ്പ് പുള്ളികളുമായും റൂബിന്‍ തമ്പിക്ക് നല്ല അടുപ്പമുണ്ട്. അവന്‍ വിചാരിച്ചിരുന്നെങ്കിൽ ഇന്റര്‍വ്യൂ പോലും ചെയ്യാതെ നിനക്ക് ഇവിടെ ജോലി കിട്ടുമായിരുന്നു.” സാമുവേല്‍ ചേട്ടൻ എന്നോട് തമിഴില്‍ പറഞ്ഞു.

ഞാൻ ആശ്ചര്യത്തോടെ എല്ലാം കേട്ട് മിണ്ടാതെ നിന്നു.

“പക്ഷേ റൂബിന്‍ പറഞ്ഞത് ശെരിയാണ്. അവന്റെ സ്വാധീനം കൊണ്ടല്ല, നിന്റെ സ്വന്തം കഴിവ് ഉപയോഗിച്ച് നല്ല പേര്‌ നി ഉണ്ടാക്കി എടുക്കണം. അവന്റെ പേരില്‍ അല്ല, നിന്റെ സ്വന്തം പേരില്‍ തന്നെ നി അറിയപ്പെടണം. നി അവന്റെ റിലേറ്റീവ് ആണെന്ന് ഇവിടെയുള്ളവർ അറിഞ്ഞാല്‍ അവന്റെ പേരില്‍ ആയിരിക്കും അവരൊക്കെ നിനക്ക് ബഹുമാനവും സപ്പോര്‍ട്ടും തരിക. നിന്റെ കഴിവിനെ ആരും അറിയാതെ പോകും. അതുകൊണ്ടാണ് റൂബിന്‍ നിന്നെ കുറിച്ച് ഇവിടെയുള്ള ആരോടും പറയാതെ നിന്നെ നിന്റെ വഴിക്ക് വിട്ടത്. ഇനി നി വേണം നിന്റെ കഴിവ് തെളിയിക്കാന്‍.” അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *