“റൂബി അണ്ണാ…..” വിളിച്ചു കൂവി കൊണ്ട് അല്ലി അകത്തേക്ക് ഓടി വന്നു.
ദിവസങ്ങളോളം പ്രിയപ്പെട്ട പിതാവിനെ കാണാതിരുന്ന കുഞ്ഞ് അതിന്റെ അച്ഛനെ കണ്ടതും എത്തി ചാടി വീഴും പോലെയാണ് അല്ലി എന്റെ മേല്‍ ചാടി വീണ് എന്റെ കഴുത്തിനെ കെട്ടിപിടിച്ച് നിലത്ത് തൊടാതെ നിന്നത്. ഞാനും ചിരിച്ചുകൊണ്ട് എന്റെ ആ അനിയത്തിയെ സ്നേഹത്തോടെ വട്ടം ചുറ്റി എന്നോട് ചേര്‍ത്തു പിടിച്ചു.
ഡാലിയ കൗതുകത്തോടെയാണ് അതൊക്കെ നോക്കി നിന്നത്. കണ്ണില്‍ ചെറിയ അസൂയ മിന്നിമറഞ്ഞോ?
എന്റെ കാല്‍ മുട്ടകള്‍ മടക്കി അവളെ ഞാൻ നിലത്ത് നിര്‍ത്തിയതും അല്ലി എന്നെ വിട്ടിട്ട് കൂവി ചിരിച്ചു കൊണ്ട് ഡാലിയയ്ക്ക് നേരെ ഓടി.
“ഡാലിയ അക്കാ…” വിളിച്ചു കൂവി കൊണ്ട് അല്ലി ഓടിച്ചെന്ന് ഡാലിയയെ കെട്ടിപ്പിടിച്ചു. ഒരു സെക്കന്‍ഡ് ഡാലിയ അന്തിച്ചു നിന്നെങ്കിലും അവളും അല്ലിയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ചിരിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി അവർ രണ്ടുപേരും ഫോണിലൂടെ ഓഡിയോ കോളും വീഡിയോ കോളും മാത്രമാണ് സംസാരിച്ചിട്ടുള്ളത്. എന്നാലും അവർ ചേച്ചിയും അനിയത്തിയുമായി തന്നെ എപ്പോഴോ മാറി കഴിഞ്ഞിരുന്നു. പക്ഷേ ഇതാണ് അവരുടെ ആദ്യത്തെ കൂടിക്കാഴ്ച. ഇപ്പോഴാണ് അവർ നേരിട്ട് പരസ്പരം കാണുന്നത്.
വല്യമ്മ, വല്യച്ചൻ, അങ്കിള്‍, ആന്റിക്ക് പോലും അരുളിനെ കുറിച്ചും അല്ലിയെ കുറിച്ചും നല്ലോണം അറിയാം. അരുളും അല്ലിയും ഞങ്ങളുടെ കുടുംബ അംഗങ്ങളായി എപ്പോഴോ മാറി കഴിഞ്ഞിരുന്നു. ഇപ്പോൾ ഓണത്തിന് അവരെയും ഞാൻ നാട്ടിലേക്ക് ക്ഷണിച്ചതാണ്. പക്ഷേ എന്തോ കാരണം കൊണ്ട് അവർ വന്നില്ല.
നാല് വര്‍ഷം മുമ്പ് അരുളും അല്ലിയേയും ഞാൻ രക്ഷപ്പെടുത്തി കൊണ്ടുവന്നത്, അന്ന് ഞാനും ഡെയ്സിയും ജീവിച്ചിരുന്ന മറ്റൊരു കോട്ടേജിലാണ്. ഡെയ്സിയോട് നടന്ന സംഭവം പറഞ്ഞപ്പോ അവള്‍ അവരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
അല്ലിയോടും അരുളോടും എതുവരെ വേണമെങ്കിലും പഠിക്കാൻ ഡെയ്സി പറഞ്ഞതാണ്. എന്തു ചിലവും ഞങ്ങൾ നോക്കിക്കോളാമെന്നും ഡെയ്സി പറഞ്ഞു. പക്ഷേ ഒരു ജോലി വേണം എന്നാണ് അരുള്‍ ആവശ്യപ്പെട്ടത്. ജോലി ഉണ്ടെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കാതെ അവരുടെ എല്ലാ ആവശ്യങ്ങളും സ്വയം ഏറ്റെടുക്കാന്‍ കഴിയുമെന്ന് പറഞ്ഞപ്പോൾ, ഡെയ്സി ഉടനെ അവന് നല്ലോരു ജോലി കൊടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു, ഞാനും സമ്മതിച്ചു.
കുറച്ചു ദിവസം അരുളും അല്ലിയും ഞങ്ങളുടെ കൂടെയാണ് താമസിച്ചത്. അതിനുശേഷം ഞങ്ങൾ അവര്‍ക്ക് ഒരു കോട്ടേജ് ഗിഫ്റ്റ് ചെയ്തു. പക്ഷേ അതിന്റെ കാശ് എപ്പോഴെങ്കിലും ഞങ്ങൾക്ക് തരും എന്ന വാശിയിലാണ് അരുള്‍. അവന്റെ ആ വാശി എനിക്കും ഡെയ്സിക്കും ഇഷ്ടമായിരുന്നു.
അല്ലി വളരെ പെട്ടന്ന് തന്നെ ഡെയ്സിയെ സ്വന്തം ചേച്ചിയായി കാണാന്‍ തുടങ്ങിയിരുന്നു. അല്ലി മാത്രമല്ല, അരുളും ഡെയ്സിയെ സ്വന്തം ചേച്ചിയായിട്ടാണ് മനസ്സിലേറ്റിയത്, എന്നെ സ്വന്തം ചേട്ടനായും. ഒരു മാസം കഴിഞ്ഞാണ് അവർ രണ്ടുപേരെയും അങ്ങ് നാട്ടില്‍ ഉള്ളവർക്ക് പരിചയപ്പെടുത്തിയത്. എല്ലാവർക്കും ഇവർ രണ്ടു പേരെയും വളരെ ഇഷ്ട്ടമായി.
“ഡാലിയ അക്കാ…” അല്ലി ഡാലിയയെ വിട്ടിട്ട് അല്‍പ്പം പിന്നോട്ട് മാറി നിന്ന് അവളെ സന്തോഷത്തോടെ നോക്കി. “ഫോൺല ഉങ്കള പാക്ക ഡെയ്സി അക്കാ പോലവേ ഇരുന്തീങ്ക, ആനാ നേർല പാക്കുമ്പോത് കൊഞ്ചം വിത്യാസമാ ഇറുക്കീങ്ക.” അല്ലി പറഞ്ഞു. (ഫോണിൽ നോക്കാൻ ഡെയ്സിയേ പോലെയും, നേരിട്ട് കാണാന്‍ വ്യത്യാസം ഉണ്ടെന്നുമാണ് അല്ലി പറഞ്ഞത്.)
“നിന്നേയും ഫോണിൽ കണ്ടത് പോലെയല്ലല്ലോ, അല്ലി. നേരില്‍ കാണാന്‍ നി കൂടുതൽ സുന്ദരിയാ.” ഡാലിയ ചിരിച്ചു കൊണ്ട് ഡെയ്സി എപ്പോഴും ചെയ്യാറുള്ളത് പോലെ അല്ലിയുടെ ചെവി മൂടി കിടന്ന മുടി ഒതുക്കി ചെവിക്ക് പിന്നിലാക്കി കൊടുത്തു. അതും ഡെയ്സി ചെയ്യാറുള്ള അതേ ശൈലിയില്‍.
അത് കണ്ട് ഞാൻ ശെരിക്കും ഷോക്കായി. അല്ലിയും അരുളും പോലും അന്തിച്ച് എന്നെ നോക്കി. കാര്യം അറിയാതെ ഡാലിയ എന്നെയും അവരെയും മാറിമാറി നോക്കി.
