കുറച്ചു നേരം ഞാൻ അവള്‍ പറഞ്ഞതിനെ തന്നേ ആലോചിച്ചു നിന്നു.
പക്ഷേ കൂടുതൽ ചിന്തിച്ചാൽ ശെരിയാവില്ല. അതുകൊണ്ട് ഞാൻ ചെന്ന് ത്രീ ഫോര്‍ത്തും ലൂസ് ടീ ഷര്‍ട്ടും എടുത്തിട്ടിട്ട് ഹാളില്‍ ചെന്നു.
അവളെ അവിടെ കണ്ടില്ല. പുറത്തും ചെന്നു നോക്കി. അവിടെയും കണ്ടില്ല. ഒടുവില്‍ കിച്ചനിൽ എന്തൊക്കെയോ ചെറിയച്ചെറിയ ഒച്ചപ്പാട് കേൾക്കാൻ തുടങ്ങിയതും അങ്ങോട്ട് പോയി നോക്കി.
“ചേട്ടന് ചായ വേണോ കോഫി വേണോ?” എന്നെ നോക്കാതെ ഫ്രിഡ്ജിൽ നിന്നും പാല്‍ എടുക്കുന്നതിനിടെ അവള്‍ ചോദിച്ചു.
എനിക്ക് കോഫീയും ചായയും ഒരുപോലെ ഇഷ്ട്ടമാണ്. പക്ഷേ ചില സമയങ്ങളില്‍ എനിക്ക് ഏതെങ്കിലും ഒന്നിനോട് കൂടുതൽ താല്‍പര്യം തോന്നാറുണ്ട്. അത് അവള്‍ക്കും അറിയാവുന്നത് കൊണ്ടാ അവള്‍ അങ്ങനെ ചോദിച്ചത്.
“ഏതായാലും മതി.”
അവള്‍ മിണ്ടാതെ ചെന്ന് ചായ വച്ചു. അല്‍പ്പനേരം ഞാൻ അവളെ തന്നെ നോക്കി കസേരയില്‍ ഇരുന്നു. അവളുടെ അപ്രസന്നമായ മുഖം കണ്ടിട്ട് എനിക്ക് നല്ല വിഷമമുണ്ടായി.
ഞാൻ നാട്ടില്‍ ഓണത്തിന് പോയത് തൊട്ട് എന്നോട് തൊടങ്ങിയതാണ് ഇവളുടെ ഈ തൊട്ടവാടിത്തരം. ഈയിടെയായി വലിയ കാരണങ്ങൾ ഒന്നും ഇല്ലാതെ എന്നോട് പെട്ടന്ന് പെട്ടന്നാണ് പിണങ്ങുന്നുമുണ്ട്.. ചിലപ്പോ എന്നോട് ദേഷ്യവും കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവൾ ഇങ്ങനെയൊക്കെ എന്ന് അറിയാമെങ്കിലും എന്റെ മനസ്സ് അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ അനുവദിക്കുന്നില്ല.
“എടി കള്ളി.” എഴുനേറ്റ് ചെന്ന് ചായ തിളയ്ക്കുന്നത് നോക്കി നിന്ന അവളുടെ ഇടുപ്പിൽ വിരൽ കൊണ്ട് ഒരു കുത്ത് കൊടുത്തതും ചിരിച്ചുകൊണ്ട് അവള്‍ ചാടി മാറി.
“എന്താടാ കള്ളാ.” അപ്രസന്നതയൊക്കെ പെട്ടന്ന് മാറി കുസൃതിയോടെ അവൾ ചോദിച്ചു.
“നി ദൈവത്തിന്റെ സ്വന്തം മോളല്ലേ, ഞായറാഴ്ചകളില്‍ പള്ളിയില്‍ പോക്ക് മുടക്കാറില്ലല്ലോ..! രണ്ടു കിലോമീറ്റർ മാറി ഒരു ചർച് ഉണ്ട്. നാളെ മാസ് കാണാന്‍ വരുന്നേ?”
“നമുക്ക് പോകാം ചേട്ടാ.” സന്തോഷം ആ മുഖത്ത് തെളിഞ്ഞു. “എത്ര മണിക്ക് ഇവിടെ നിന്ന് പോണം?” അവള്‍ തിരക്കി.
“ഏഴു മണിക്ക് മാസ് തുടങ്ങും. 6:40 ആവുമ്പോ ഇവിടന്ന് പോകാം.” ഞാൻ പറഞ്ഞു. “പിന്നെ ഇവിടെയൊക്കെ ചുറ്റി കാണാന്‍ ഒരുപാട് ടൂറിസ്റ്റ് സ്ഥലങ്ങള്‍ ഉണ്ട്. മാസ് കഴിഞ്ഞ് നമുക്ക് അവിടെ എല്ലാം കറങ്ങി നോക്കിയിട്ട് തിരികെ വരാം. നി എന്തു പറയുന്നു?”
“എനിക്ക് ഒക്കേ.” അവള്‍ ഭയങ്കര ഉത്സാഹം കാണിച്ചു. “നമുക്ക് അല്ലിയേം അരുളിനേം കൂട്ടാം.” അവള്‍ അത് പറയുമ്പോ ചെറുതായി ഉത്സാഹം കുറയുന്നത് ഞാൻ ശ്രദ്ധിച്ചു.
“എനക്കും അരുള്‍ അണ്ണാവുക്കും വര മുടിയാത്, അക്കാ.” പുറകില്‍ നിന്നും അല്ലി പറയുന്നത് കേട്ട് ഞങ്ങൾ അങ്ങോട്ട് നോക്കി.
“നി എപ്പോ വന്നു?” ഡാലിയ പുഞ്ചിരിയോടെ ചോദിച്ചു.
“ഇപ്പ താൻ. ഉള്ള വരുമ്പോതേ നീങ്ക പേസിനത് എല്ലാം എനക്ക് കേട്ടിച്ച്.” അല്ലി നടന്നു വന്ന് എന്റെ കൈ പിടിച്ചു വിരലുകള്‍ ഓരോന്നായി വലിച്ചു നൊടിച്ചു.
എന്റെ മുഖത്ത് പെട്ടന്ന് അവളോടുള്ള വാത്സല്യം പ്രത്യക്ഷമായി.
“നി എന്തുകൊണ്ടാ വരുന്നില്ലെന്ന് പറഞ്ഞേ?” ചോദിച്ചു കൊണ്ട് ചായ മൂന്ന് ഗ്ളാസിലായി ഡാലിയ ഒഴിച്ചു.
എനിക്കും അല്ലിക്കും ഓരോ ഗ്ലാസ്സ് തന്നിട്ട് ഡാലിയയും ചായ എടുത്തു.
“എനക്ക് നെറയ പഠിക്ക ഉണ്ട്. അരുള്‍ അണ്ണാ എപ്പവുമേ ബിസി. അതനാല എങ്കളുക്ക് വര മുടിയാത്.” അത്രയും പറഞ്ഞിട്ട്, ഞാൻ കാണില്ലെന്ന് കരുതി, എന്തോ സിഗ്നല്‍ കൊടുക്കാൻ എന്നപോലെ അല്ലി ഡാലിയക്ക് കണ്ണിറുക്കി കാണിച്ചു. അവരുടെ ആ കോഡ് ഒന്നും എനിക്ക് മനസ്സിലായില്ല.
ഓഹോ, ഇവർ രണ്ടും വളരെ പെട്ടന്ന് തന്നെ കൂട്ട് കള്ളികളായി മാറി കഴിഞ്ഞു അല്ലേ…!! ഉള്ളില്‍ ഞാൻ ചിരിച്ചു.
ചായ കുടിച്ചിട്ട് ഞങ്ങൾ മൂന്നുപേരും മണിക്കൂറോളം സംസാരിച്ചിരുന്നു. എട്ടു മണിക്ക് അല്ലി പോകാൻ എണീറ്റു.
“ഇവിടെ നിന്ന് കഴിച്ചിട്ട് പോ, അല്ലി.” ഡാലിയ പറഞ്ഞു.
“വേണ്ട അക്കാ. നാൻ അങ്ക പോയി അണ്ണാ കൂട കഴിക്കാം.” പറഞ്ഞ് പുഞ്ചിരിച്ചിട്ട് അല്ലി പോയി.
