ട്വിൻ ഫ്ലവർസ് – 2 10അടിപൊളി 

എന്റെ ടീ ഷര്‍ട്ടും, മുട്ടിന് അല്‍പ്പം താഴെ വരെ മാത്രം ഇറക്കമുള്ള സ്ക്കർട് നോക്കി ചേട്ടൻ പുഞ്ചിരിച്ചു. മൂന്ന്‌ കൊല്ലം മുന്‍പ് ചേട്ടൻ എനിക്ക് സമ്മാനിച്ചതാണ്. എപ്പോ ഞാൻ ഇട്ടാലും ഒരു നൂല് പോലും മുറിയാതെ കരുതലോടെയാണ് ഞാൻ സൂക്ഷിക്കുന്നത്.

കോഫി കുടിച്ചു കൊണ്ട്‌ ഞാൻ ഉപ്പുമാവ് ഉണ്ടാക്കി. ഇഞ്ചി, പച്ചമുളക്, സവാള അരിഞ്ഞ് ചേട്ടനും സഹായിച്ചു. അധികം സംസാരിക്കാതെ ഞങ്ങൾ കഴിച്ചു. എന്നിട്ട് രണ്ടുപേരും വീട്ടില്‍ വിളിച്ച് എല്ലാവരോടും സംസാരിച്ചു.

“7:45 ആയി. ചെന്ന് റെഡിയാവ്, നമുക്ക് പോകാം.” പറഞ്ഞിട്ട് ചേട്ടനും ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യാൻ റൂമിൽ ചെന്നു.

ഞാൻ ഒരു ബ്ലാക്ക് ബെല്‍ ബോട്ടം പാന്റും, ലേഡീസ് ഷർട്ടും, പിന്നെ അതിന്റെ കൂടെ വരുന്ന കോട്ടും ഇട്ടു. പിന്നെ എന്റെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് എടുത്ത് തോളില്‍ തൂകി. ശേഷം എന്റെ സകല ഡോക്യുമെന്റ്സ് അടങ്ങിയ ഫയലും എടുത്തു കൊണ്ട്‌ ഹാളില്‍ വന്നു.

ചേട്ടൻ അവിടെ ഉണ്ടായിരുന്നു. വിടര്‍ന്ന കണ്ണുകളോടെ ചേട്ടൻ എന്നെ മിഴിച്ചു നോക്കി. എനിക്ക് പെട്ടന്ന് നാണം വന്നു. പൊതുവേ ഞാൻ നാണക്കാരി ഒന്നുമല്ല. പക്ഷേ ഈ ചേട്ടന്റെ മുന്നില്‍ മാത്രമാണ്‌ എനിക്ക് എപ്പോഴും നാണം ഉണ്ടാവാറുള്ളത്…

“നല്ല പ്രൊഫഷണല്‍ ലുക്ക്. മുഖത്ത് നല്ല ആത്മവിശ്വാസം. ബോള്‍ഡ് ആയിട്ടുള്ള നില്‍പ്പ്. ആര്‍ക്കും നിന്നോട് ബഹുമാനം തോന്നും. എല്ലാം അടിപൊളി.” ചേട്ടൻ എന്നെ വിലയിരുത്തി.

എനിക്ക് നല്ല അഭിമാനം തോന്നി.

“പക്ഷേ ഈ നാണം നി മാറ്റണം.” ചേട്ടൻ അഭിപ്രായപ്പെട്ടു.

ചേട്ടന്റെ മുന്നില്‍ മാത്രമാണ് എന്നെയും അറിയാതെ നാണം വരുന്നത്. മറ്റുള്ളവരുടെ മുന്നില്‍ ഒക്കെ ഞാൻ എത്ര ബോള്‍ഡ് ആണെന്ന് എനിക്കല്ല അറിയൂ— മനസ്സിൽ ഞാൻ പറഞ്ഞു.

“ചേട്ടൻ എന്നെ ഇങ്ങനത്തെ ഡ്രസ്സിൽ കണ്ടിട്ടില്ലല്ലോ? അതുകൊണ്ട്‌ ഇങ്ങനെ ചേട്ടന്റെ മുന്നില്‍ വന്നപ്പോ എന്തോ നാണം തോന്നി.”

“ശെരി, മാഡം വരു. നമുക്ക് പോകാം.”

“ദെ ചേട്ടാ… ചേട്ടന്‍ മാത്രം എന്നെ അങ്ങനെ ഒന്നും വിളിക്കരുത്.” ഞാൻ പെട്ടന്ന് ഭയങ്കരമായി ദേഷ്യപ്പെട്ടു.

എന്റെ ഇങ്ങനത്തെ ദേഷ്യം കണ്ടിട്ട് ചേട്ടന്റെ മുഖം വല്ലാണ്ടായി. ക്ഷമ ചോദിക്കും പോലെ ചേട്ടൻ വേഗം രണ്ടു കൈയും പെട്ടന്ന് അല്പം ഉയർത്തി കാണിച്ചു. കാരണം, ഇതുപോലെ ഒന്നും മുന്‍പ് ഒരിക്കലും ഞാൻ ചേട്ടനോട് ദേഷ്യപ്പെട്ടിട്ടില്ല. ചേട്ടന്റെ തമാശ വാക്കുകൾ എന്നെ എങ്ങനെയോ മുറിവേൽപ്പിച്ചെന്നു മാത്രം ചേട്ടന് മനസ്സിലായി. ഞാൻ ഇങ്ങനെ ദേഷ്യപ്പെട്ടതിൽ എനിക്ക് പെട്ടന്ന് വിഷമം തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു.

ചേട്ടൻ എന്നെ മാഡം എന്ന് വിളിച്ചപ്പോ എനിക്കും ചേട്ടനും ഇടയില്‍ വലിയ അകല്‍ച്ച ഉണ്ടായത് പോലെയാ അനുഭവപ്പെട്ടത്. എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ല…. ചേട്ടൻ എന്നില്‍ നിന്നും അകന്നു പോയി എന്ന പേടിയും ഉണ്ടായി. അതുകൊണ്ടാ ഞാൻ പെട്ടന്ന് എന്നെയും മറന്ന് ഇങ്ങനെ ദേഷ്യപ്പെട്ടു പോയത്.

ചേട്ടൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ പുറത്തേക്ക്‌ നടന്നു. എന്റെ മനസ്സ് നീറി.

എന്നെ സ്വയം പഴിച്ചു കൊണ്ട്‌ അല്‍പ്പനേരം നിന്നിട്ട് ഞാൻ വേഗം പുറത്തു പോയി.

വാതിലിൽ തന്നെ ചാവി ഉണ്ടായിരുന്നു. ചേട്ടൻ വണ്ടിയില്‍ കേറി സ്റ്റാര്‍ട്ട് ചെയ്യുന്നത് കണ്ടു. ഞാൻ വേഗം വാതിൽ അടച്ചു ലോക് ചെയ്തിട്ട് നടന്നു ചെന്ന് വണ്ടിയില്‍ കേറി. ചേട്ടൻ എപ്പോഴും വണ്ടിയില്‍ ചാവി വയ്ക്കുന്ന സ്ഥലത്ത്‌ തന്നെ ചാവി ഞാൻ വച്ചു.

വണ്ടി മെല്ലെ മുന്നോട് നീങ്ങാന്‍ തുടങ്ങിയ സമയത്ത് അല്ലി വണ്ടിക്ക് മുന്നില്‍ സ്ക്കൂട്ടി കൊണ്ട് നിര്‍ത്തി. അവള്‍ വേഗം ഇറങ്ങി വന്നിട്ട് എന്റെ സൈഡിൽ നിന്നതും ചേട്ടൻ എന്റെ സൈഡ് വിൻഡോ താഴ്ത്തി.

“All the best, അക്കാ. ഉങ്കളുക്ക് കണ്ടിപ്പാ അങ്ക വേല കിടൈക്കും.” അവള്‍ ഉറപ്പിച്ച് പറയുന്നത് കേട്ട് ഞാൻ പുഞ്ചിരിച്ചു.

“തേങ്സ് അല്ലി.” ഞാൻ പറഞ്ഞു തീര്‍ന്നതും അവള്‍ ചേട്ടന്റെ അടുത്തേക്ക് ഓടി. ചേട്ടൻ ചിരിച്ചുകൊണ്ട് വിൻഡോ താഴ്ത്തി. അവിടെ കൈ വച്ചതും അവൾ ചേട്ടന്റെ കൈയിൽ പിടിച്ചു. സ്നേഹത്തോടെ പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *