“അപ്പോ ഇന്റര്‍വ്യൂ ഞാൻ പാസായോ?” ആകാംഷയോടെ ഞാൻ ചോദിച്ചു.
“അതെനിക്ക് അറിയില്ല. ആ വിവരങ്ങൾ ഒന്നും എന്റെ അടുത്ത് വരില്ല. പക്ഷേ റൂബിനെ പോലെ എനിക്കും നിന്റെ മേല്‍ വിശ്വസം ഉണ്ട്.”
അതുകേട്ട് ഞാൻ പുഞ്ചിരിച്ചു. പക്ഷേ പുള്ളി എന്നോട് പെട്ടന്ന് ഇങ്ങനെ അടുപ്പം കാണിക്കാനുള്ള കാരണം എനിക്ക് മനസ്സിലായില്ല. ആ സംശയം എന്റെ മുഖത്ത് അയാള്‍ കണ്ടു കാണും.
“നിനക്ക് അല്ലിയും അരുളും അറിയാമോ?” സാമുവേല്‍ അണ്ണൻ ചോദിച്ചു.
“അറിയാം.” ഞാൻ ആശ്ചര്യത്തോടെ പറഞ്ഞു.
“അവരുടെ കഥ അറിയാമോ?”
“അറിയാം. ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ അല്ലിയും എന്നോട് പറഞ്ഞിട്ടുണ്ട്.” അയാളുടെ ചോദ്യങ്ങൾ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് അറിയാതെ ഞാൻ അയാളെ മിഴിച്ചു നോക്കി.
“അവർ കുഞ്ഞമ്മ എന്ന് വിളിച്ചിരുന്ന സ്ത്രീയേ കുറിച്ചും കേട്ടിട്ടുണ്ടോ?” അയാള്‍ ചോദിച്ചു.
“കേട്ടിട്ടുണ്ട്.”
“ആ സ്ത്രീയുടെ ഭർത്താവ് ആയിരുന്നു ഞാൻ.”
അയാള്‍ പറഞ്ഞത് കേട്ട് ഞാൻ വിരണ്ടു. പെട്ടന്ന് ഓടി രക്ഷപ്പെടാന്‍ തോന്നി.
“മോള് പേടിക്കേണ്ട. ഞാൻ അവരുടെ ആ വൃത്തികെട്ട കൂട്ടത്തിൽ പെട്ടവനല്ല. ഞാൻ പട്ടാളത്തില്‍ ആയിരുന്നു. അവളെ കെട്ടുമ്പോ അവളുടെ ആ വൃത്തികെട്ട ബാക് ഗ്രൌണ്ട് എനിക്ക് അറിയില്ലായിരുന്നു.” സാമുവേല്‍ അണ്ണൻ ധൃതിയില്‍ പറഞ്ഞു നിര്‍ത്തി.
അയാള്‍ പെട്ടന്ന് ആരെങ്കിലും ഞങ്ങളുടെ സംഭാഷണം കേള്‍ക്കുന്നുണ്ടോ എന്ന് നോക്കി. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അയാളെന്നെ നോക്കി.
ഞാൻ അന്തിച്ചു നില്‍ക്കുകയായിരുന്നു.
“ആ കഥയെ കുറിച്ച് വിശദമായി ഇവിടെ വച്ച് പറയാൻ കഴിയില്ല. ഇപ്പോൾ ഒരു പ്രധാന കാര്യം മാത്രം ഞാൻ ചുരുക്കി പറയാം — അല്ലിയും അരുളെയും റൂബിന്‍ രക്ഷപ്പെടുത്തിയ ശേഷം റൂബിന്‍ എങ്ങനെയോ എന്നെ തിരക്കിപ്പിടിച്ചു വന്നു. ഞാനും റൂബിനും ചേര്‍ന്ന് അവരുടെ ആ വേശ്യാലയം തകർത്ത് തരിപ്പണമാക്കി. ഇതിന്റെ വിശദമായ വിവരങ്ങൾ നി റൂബിനോട് എപ്പോഴെങ്കിലും ചോദിച്ചാൽ മതി.”
ഞാൻ വായും പൊളിച്ച് നില്‍ക്കുന്നത് കണ്ടിട്ട് അയാള്‍ പുഞ്ചിരിച്ചു.
“എനിക്ക് റൂബിന്‍ തമ്പിയാണ് ഇവിടെ ജോലി വാങ്ങിച്ചു തന്നത്. അവന്‍ എനിക്ക് അനിയന്‍ പോലെയാണ്. അതുകൊണ്ട് നിന്നെ ഞാൻ അനിയത്തിയെ പോലെയാ കാണുന്നത്. അതുകൊണ്ടാണ് നിന്നോട് ഞാൻ അടുപ്പം കാണിച്ചത്. എന്നെ കണ്ടു പേടിക്കേണ്ട കാര്യമില്ല.” ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ട് അയാള്‍ ധൃതിയില്‍ പറഞ്ഞു നിര്‍ത്തി. “പിന്നേ, അവന്‍ എന്നെ ഭീമന്‍ എന്ന് തന്നെയാ വിളിക്കാറുള്ളത്… ഞങ്ങൾ ഒറ്റക്കുള്ളപ്പോ മാത്രമേ അവൻ അങ്ങനെ വിളിക്കു.” അയാള്‍ പറഞ്ഞിട്ട് ചിരിച്ചു.
അതുകേട്ട് ഞാനും വായ് പൊത്തി ചിരിച്ചു.
“ഇനി മോള് ചെന്ന് ഇന്റര്‍വ്യൂ കഴിഞ്ഞ കാര്യം അവനെ വിളിച്ചു പറ.” അത്രയും പറഞ്ഞിട്ട് സാമുവേല്‍ ചേട്ടൻ വേഗം പുറത്തേക്ക് പോയി.
അവിടെ ഇരുന്നുകൊണ്ട് ഞാൻ ചേട്ടനെ വിളിച്ചു. ഇരുപത് മിനിറ്റിൽ ചേട്ടൻ പുറത്ത് പാർക്കിംഗിൽ എത്തുമെന്ന് പറഞ്ഞതും ഞാൻ എഴുനേറ്റ് പുറത്തേക്ക് നടന്നു. ഇവിടെ നിന്ന് പാര്‍ക്കിംഗിൽ നടന്നെത്താൻ തന്നെ അര മണിക്കൂര്‍ വേണം. ഞാൻ സ്പീഡായി നടന്നു.
പാർക്കിംഗ് എത്തിയപ്പോ ചേട്ടൻ അവിടെ ഉണ്ടായിരുന്നു. ഞാൻ ചെന്ന് വണ്ടിയില്‍ കേറി.
“ഇന്റര്‍വ്യൂ എങ്ങനെ ഉണ്ടായിരുന്നു?” പ്രതീക്ഷയോടെ ചേട്ടൻ ചോദിച്ചു.
“കിട്ടുമെന്ന വിശ്വസമുണ്ട്. എന്നാലും ഒരു പേടി.” ഞാൻ പറഞ്ഞു. “ഞാൻ സെലക്ട് ആയെങ്കിൽ മൂന്ന് ദിവസത്തില്‍ എന്റെ ഓഫർ ലെറ്റർ എനിക്ക് മെയിലിൽ വരും , അപ്പോ ഇങ്ങോട്ട് വന്ന് എഗ്രിമെന്റ് സൈന്‍ ചെയ്യണം.”
മൂന്ന് ദിവസം കൂടി ഇവിടെ ചേട്ടന്റെ കൂടെ കഴിയാമെന്ന് ചിന്തിച്ചതും എന്റെ മനസ്സ് തുള്ളിച്ചാടി. പക്ഷേ ജോലിക്ക് കേറിയാല്‍ പിന്നേ ചേട്ടനെ വിട്ട് ഹോസ്റ്റലില്‍ താമസിക്കേണ്ടി വരും… എന്നാലും സാരമില്ല.. വെറും അര മണിക്കൂര്‍ മാത്രം അകലെയല്ലേ ചേട്ടൻ ഉള്ളത്. ഞാൻ സമാധാനിച്ചു.
