ട്വിൻ ഫ്ലവർസ് – 2 10അടിപൊളി 

ഒടുവില്‍ ഏഴരയ്ക്ക് നീലഗിരിയിലുള്ള എന്റെ വലിയ കോട്ടേജ് ഗേറ്റിന് മുന്നില്‍ കൊണ്ട്‌ വണ്ടി നിര്‍ത്തി. ഞാൻ ഇറങ്ങി ചെന്ന് ഗേറ്റ് തുറന്ന് ഇട്ടിട്ട് വീണ്ടും വണ്ടിയില്‍ കേറി. വണ്ടി അകത്ത് കൊണ്ട്‌ നിര്‍ത്തിയതും ഡാലിയ ഉറക്കം മുറിഞ്ഞ് എഴുനേറ്റു. അവൾ സീറ്റ്‌ നേരെയാക്കിയിട്ട് കോട്ടേജിനെ വിടര്‍ന്ന കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു.

“ഇത് വലിയ കോട്ടേജ് ആണല്ലോ ചേട്ടാ…! കാണാന്‍ പഴയ കാല ലൂക്കും എടുപ്പും ഉണ്ട്… നല്ല ഭംഗിയും.” അതേ വിടര്‍ന്ന കണ്ണുകളോടെ ഡാലിയ എന്നെയും നോക്കി. ഉത്സാഹവും സന്തോഷവും ഒക്കെ മുഖത്ത് കാണാന്‍ കഴിഞ്ഞു. “ഇവിടെ എത്ര മുറികള്‍ ഉണ്ട്..?”

അവൾട ഉത്സാഹവും സന്തോഷവും കണ്ടിട്ട് എന്റെ ഉള്ളിന്റെ ഉള്ളില്‍ കൂടുതൽ മാറ്റങ്ങള്‍ സംഭവിക്കുന്നത് പോലെ തോന്നി.

“ഇവിടെ മൂന്ന്‌ ബെഡ്റൂമുകളുണ്ട്, അതിനൊക്കെ അറ്റാച്ഡ് ബാത്റൂം സൌകര്യങ്ങളും ഉണ്ട്. പിന്നെ ഒരു ഹാൾ, ഒരു കുഞ്ഞ് പ്രാക്ടീസ് ഹാൾ, ഒരു ഹോം തിയേറ്റര്‍ റൂം, വലിയ കിച്ചൻ. ഇത്രയുമാണ് ഇവിടത്തെ സൌകര്യങ്ങള്‍.”

അതും പറഞ്ഞ്‌ ഞാൻ വണ്ടി ഓഫാക്കി. വണ്ടിയില്‍ തന്നെ വച്ചിരുന്ന എന്റെ കോട്ടേജ് കീയും എടുത്തുകൊണ്ട് ഞാൻ ഇറങ്ങി. ഡാലിയയും ഉത്സാഹത്തോടെ ഇറങ്ങി വന്നു. ചെറിയ തണുപ്പുള്ളത് കൊണ്ട്‌ അവൾ വിറച്ചു കൊണ്ട്‌ കൈകൾ വേഗത്തിൽ തിരുമ്മി. പക്ഷേ അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം നിറഞ്ഞു നിന്നു.

ഞാൻ വാതില്‍ തുറന്ന് പിടിച്ചുകൊണ്ട് അവളെ നോക്കി. അവൾ ചിരിച്ചുകൊണ്ട് വീട്ടില്‍ ഓടി കേറി. വീടാകെ ചിത്രശലഭം പോലെ പറന്നു നടന്ന് എല്ലാം സന്തോഷത്തോടെ അവള്‍ കണ്ടു.

അന്നേരം കൊണ്ട്‌ വണ്ടിയില്‍ നിന്നും അവളുടെ ട്രാവല്‍ ബാഗും മറ്റു സാധനങ്ങളും ഞാൻ അകത്തേക്ക് എടുത്തു കൊണ്ടു വന്നു. അവളുടെ ബാഗ് ഞാൻ ഒരു ബെഡ്റൂമിൽ കൊണ്ടു വച്ചു. അന്നേരം ഡാലിയ റൂമിൽ കേറി വന്നു.

“ഇതാണോ എന്റെ റൂം?” അവള്‍ നടന്നു ചെന്ന് വിൻഡോ സ്ക്രീന്‍ വലിച്ചു നീക്കി വിന്‍ഡോ പേനിലൂടെ പുറത്തേക്ക്‌ നോക്കി.

അതിലൂടെ നോക്കിയാൽ കോട്ടേജിന് പുറകുവശത്തെ ദൃശ്യങ്ങള്‍ ഒക്കെയും കാണാം.

കോമ്പൗണ്ടിന് അകത്തും പുറത്തും എല്ലാം യൂക്കാലിപ്റ്റസ് മരങ്ങളും നിറഞ്ഞു നില്‍ക്കുന്നത് കണ്ട് അവൾ സന്തോഷത്തോടെ ചിരിച്ചു. പിന്നെ കോമ്പൗണ്ടിന് പുറത്ത്‌ കാണുന്ന കാപ്പി തോട്ടവും, അല്‍പ്പം ദൂരെ കാണുന്ന ചെറിയച്ചെറിയ പച്ചനിറത്തിലുള്ള കുന്നുകളും, ഷേപ്പായി വെട്ടി വച്ചത്‌ പോലത്തെ ഭീമന്‍ അടുക്ക് പടികള്‍ പോലത്തെ തിട്ടകളും.. അതിൽ സ്ഥിതി ചെയ്യുന്ന ചെറിയച്ചെറിയ വീടുകളും എല്ലാം കണ്ട് ഡാലിയ കുഞ്ഞ് കുട്ടികളെ പോലെ സന്തോഷത്തില്‍ കൂവി ചിരിച്ചു. എന്നിട്ട് ഭയങ്കര ഉത്സാഹത്തോടെ എന്റെ അടുത്തേക്ക് ഓടി വന്നു നിന്നിട്ട് ശ്വാസം ആഞ്ഞ് വലിച്ചു.

“യൂക്കാലിപ്റ്റസിന്റെ നല്ല മണം. നല്ല വ്യൂസ് പോയിന്റ്. നല്ല ചുറ്റുപാട്. ഈ സ്ഥലത്തിന്റെ പേരെന്താ?”

“കുന്നൂർ..”

“ഡെയ്സി ഈ പേര്‌ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.” ഡാലിയ പറഞ്ഞു. എന്നിട്ട് പെട്ടന്ന് ഓര്‍ത്ത പോലെ ഡാലിയ ആശങ്കയോടെ എന്റെ കണ്ണില്‍ നോക്കി.

ഡെയ്സിയെ കുറിച്ച് പറയുമ്പോ എന്റെ ഉള്ളില്‍ വേദന ഉണ്ടാവുമെന്ന് അവള്‍ക്കറിയാം. പക്ഷേ കണ്ണ് ചിമ്മി ഞാൻ പുഞ്ചിരിച്ചതും അവളുടെ ഉത്സാഹം പിന്നെയും മുഖത്ത് പ്രത്യക്ഷപ്പെട്ടു.

“എത്ര നല്ല ചുറ്റുപാട്… എത്ര നല്ല വീട്….. ഇതൊക്കെ എനിക്ക് ഒരുപാട്‌ ഇഷ്ടമായി. പക്ഷേ നമ്മുടെ കോമ്പൗണ്ടിനകത് മരങ്ങള്‍ ഞെരുങ്ങി വളര്‍ന്ന് കാട് പോലെ തോന്നിക്കുന്നത് കൊണ്ട്‌ ഒരു വല്ലാത്ത പേടി.” അത്രയും പറഞ്ഞിട്ട് ഡാലിയ എന്റെ കണ്ണില്‍ പേടിയോടെ നോക്കി.

“ഇത്ര വളര്‍ന്നിട്ടും നിന്റെ ആ പേടി മാത്രം മാറിയില്ലലോ!!” പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.

എന്തോ പറയാനായി അവൾ വായ് തുറന്നെങ്കിലും പെട്ടന്ന് വേണ്ടെന്ന് വച്ച പോലെ അവൾ വായ് അടച്ചു.

അന്നേരം പുറത്ത്‌ ഒരു കാറും സ്കൂട്ടിയും വന്നു നിന്ന ശബ്ദം കേട്ടു. തൊട്ടു പിന്നാലെ വിളിച്ചു കൂവുന്ന ഒരു പെണ്‍കുട്ടിയുടെ ശബ്ദവും.

Leave a Reply

Your email address will not be published. Required fields are marked *