“ചിലപ്പോൾ തോന്നും എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന്…പക്ഷേ ഒരിക്കൽ കൂടി എൻ്റെ ഉപ്പയേയും ഉമ്മയേയും ഒന്ന് കാണാനും ഇത്താ എന്നുള്ള എൻ്റെ അനിയൻ്റെ വിളി കേൾക്കാനുമുള്ള ഒരു ആഗ്രഹത്തിൻ്റെ പുറത്താണ് ഞാൻ ഇപ്പോഴും…അല്ലെങ്കിൽ ഞാൻ എപ്പോഴേ ഈ വീട്ടിനുള്ളിൽ തന്നെ എൻ്റെ ജീവിതം അവസാ…”
സുഹറ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപ് തന്നെ ആര്യൻ അവളുടെ ചുണ്ടിൽ അവൻ്റെ വലതുകൈ വിരലുകൾ അമർത്തിയ ശേഷം “അരുത്” എന്ന ആംഗ്യത്തിൽ തല ചരിച്ചു.
അതുകണ്ട സുഹറ അവൻ്റെ കൈയിൽ പിടിച്ച് കൈപ്പത്തി അവളുടെ ഇടതു കവിളിനോട് ചേർത്ത് പിടിച്ചുകൊണ്ട് അതിൽ തല ചായ്ച്ചു.
സുഹറയുടെ മിഴികളിൽ നിന്നും ഉത്ഭവിക്കുന്ന അശ്രുക്കളുടെ ചൂട് ആര്യൻ്റെ കൈയിൽ അറിയാൻ സാധിച്ചു. അവൻ മറുകൈകൊണ്ട് അവളുടെ മിഴികൾ തുടച്ചിട്ട് “എല്ലാം ശരിയാവും ഇത്താ…” എന്ന് പറഞ്ഞുകൊണ്ട് അവൾക്ക് ധൈര്യം നൽകി. അവൻ്റെ ആശ്വാസവാക്കുകൾക്കും പ്രവർത്തികൾക്കുമുള്ള നന്ദി സുഹറ ഒരു പുഞ്ചിരിയിലൂടെ അവനെ അറിയിച്ചു.
പുറത്ത് ഇരുട്ട് മൂടിയിരുന്നു. സമയം ആറര ആയിക്കാണും എന്ന് ആര്യൻ ഊഹിച്ചു.
“ഞാൻ എങ്കിൽ ഇറങ്ങട്ടെ ഇത്താ…?” കുറച്ച് നേരത്തെ മൗനത്തിനൊടുവിൽ ആര്യൻ ചോദിച്ചു.
സുഹറ ആര്യനെ നോക്കി. അവളുടെ ഉള്ളിൽ അവനോട് പോകണ്ട എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അവൾക്ക് അത് പറയാൻ തോന്നിയില്ല. അവളെഴുന്നേറ്റുകൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു.
“വിഷമിക്കരുത് എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നറിയാം…ധൈര്യമായിട്ടിരിക്ക്…പടച്ചോൻ വലിയവനാണെന്ന് ഞാനും കേട്ടിട്ടുണ്ട്…” ആര്യൻ എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.
അവൻ്റെ വാക്കുകൾ കേട്ട് സുഹറ അവനെ കൈ ഉയർത്തി ഒന്ന് തലോടി.
“വളരെ കുറച്ച് നേരമാണെങ്കിൽ കൂടി എൻ്റെ കൂടെയിരുന്ന് എന്നെയൊന്ന് ആശ്വസിപ്പിക്കാൻ ആര്യൻ ശ്രമിച്ചല്ലോ…നന്ദിയുണ്ട്…ഒരുപാട്…” സുഹറ പറഞ്ഞു.
“ഏയ്…അതിൻ്റെയൊന്നും ആവശ്യമില്ല ഇത്ത…ഞാൻ ഇടയ്ക്ക് വരാമെന്ന് അന്ന് പറഞ്ഞ വാക്ക് തെറ്റിക്കില്ല…ഇനിയും വരാം…ഇപ്പൊ പോട്ടേ…”
“മ്മ്…” സുഹറ പുഞ്ചിരിച്ചുകൊണ്ട് തല കുലുക്കി.
ആര്യൻ അവിടെ നിന്നും ഇറങ്ങാനായി വാതിൽക്കലേക്ക് നടന്നു.
“അതേ ആര്യാ…ശാലിനിയുടെ കാര്യം ഞാൻ പറഞ്ഞത് ചന്ദ്രിക ചേച്ചിയോടും ശാലിനിയോടും ഒന്നും ചോദിക്കരുത് കേട്ടോ…ഇത് മറ്റാരും അറിയരുതെന്ന് ചേച്ചി എന്നോട് പറഞ്ഞിരുന്നു…” സുഹറ പെട്ടെന്ന് എന്തോ ഓർത്തത് പോലെ ആര്യൻ്റെ അരികിലേക്ക് ചെന്ന് പറഞ്ഞു.
“ഇല്ല ഇത്താ…” ആര്യൻ അതിന് ഒന്ന് പുഞ്ചിരിച്ച ശേഷം മറുപടി നൽകി.
അവൻ അവിടെ നിന്നും ഇറങ്ങി പടികൾ കയറി കനാലിലൂടെ നടന്നു. നടക്കുന്ന വഴിയിൽ പതിവുപോലെ തന്നെ അവനെ കുറെയേറെ ചിന്തകൾ പിടികൂടിയിരുന്നു.
രാജൻ എന്ന തലവേദന ഒരു പരിധി വരെ ഇനി തന്നോട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല എന്ന വസ്തുത സുഹറയുടെ വാക്കുകളിൽ നിന്നും ആര്യൻ മനസ്സിലാക്കി.
ചന്ദ്രികയോടുള്ള അവൻ്റെ ബഹുമാനം മനസ്സിൽ വീണ്ടും കൂടി വന്നു. ശാലിനിയോടുള്ള ചന്ദ്രികയുടെ സ്നേഹം എത്രത്തോളം ഉണ്ടെന്നും അവൻ തിരിച്ചറിഞ്ഞു.
ആര്യൻ്റെ മനസ്സിൽ ആകെയുള്ള ഒരു കനല് സുഹറയുടെ കാര്യം ഓർത്താണ്. അതും എപ്പോഴെങ്കിലും അണയും എന്ന പ്രതീക്ഷയോടെ അവൻ ഇരുട്ടിലൂടെ നടന്നു.
വീട്ടിലെത്തിയ ആര്യൻ കട്ടിലിലേക്ക് കയറി കിടന്നുകൊണ്ട് വീണ്ടും കുറെയേറെ ചിന്തകളിൽ മുഴുകി. പെട്ടെന്ന് ആരോ കതക് തുറക്കുന്ന ശബ്ദം കേട്ട് ആര്യൻ ചിന്തകൾ വെടിഞ്ഞുകൊണ്ട് ചാടി എഴുന്നേറ്റു. കൈലി മടക്കിക്കുത്തിക്കൊണ്ട് ആര്യൻ ആരാ വന്നതെന്ന് നോക്കാനായി മുറിക്ക് പുറത്തേക്ക് നടക്കാൻ ഒരുങ്ങി.
“ആഹാ ചേച്ചി ആയിരുന്നോ…?” പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് തന്നെ അങ്ങോട്ടേക്ക് വന്ന ശാലിനിയെ കണ്ട് ആര്യൻ ചോദിച്ചു.
