“അതൊക്കെ വേണോ? ഏട്ടന് വീട്ടില്‍ സമ്മതിപ്പിച്ചൂടെ?”
“ഞാന്‍ പറഞ്ഞില്ലേ മോളൂ. ഇപ്പോ എന്തായാലും അവര്‍ കല്യാണത്തിന് സമ്മതിക്കില്ല. എന്‍റെ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിക്കണമെങ്കില്‍ നീ കാത്തിരിക്കേണ്ടി വരും. അതുവരെ പിടിച്ചു നില്ക്കാന്‍ പറ്റുമോ? ഇല്ലല്ലോ. അതുകൊണ്ടാ ഞാന്‍ പറഞ്ഞേ കല്യാണം റജിസ്റ്റര്‍ ചെയ്യാം എന്നു.”
“ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലേ നല്ല രീതിയില്‍ ഉള്ള കല്യാണം ആണെങ്കിലേ ഞാന്‍ ഉള്ളൂ എന്ന്.”
“അല്ലാതിപ്പോ എന്താ ചെയ്യാ?”
“വീട്ടുകാരുടെ സമ്മതത്തോടെ മാത്രമാണെങ്കിലേ ഞാന്‍ കല്യാണത്തിന് തയ്യാറുള്ളൂ. അല്ലാതെ ഞാനില്ല.”
“ഇതും കൂടി ഞാന്‍ എങ്ങിനെ എങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കാം. ഇനി ഒരാളുടെ മുന്നില്‍ കൂടി കാഴ്ചവസ്തുവായി നിന്നു കൊടുക്കാന്‍ വയ്യെനിക്ക്. അതുകൊണ്ടാ”
“എനിക്കു മോള്‍ടെ അവസ്ഥ മനസിലാകുന്നുണ്ട്. ഞാന്‍ പറഞ്ഞില്ലേ എന്റെ അവസ്ഥ. എനിക്കിപ്പോ മോളു ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിട്ടുണ്ട്. ഞാന്‍ നിന്നെ റജിസ്റ്റര്‍ മാര്യേജ് ചെയ്യും എന്നു വരെ പറഞ്ഞു ഭീഷണിപ്പെടുത്തി നോക്കി. അവര്‍ തയ്യാറാകേണ്ടെ. പെങ്ങള്‍ പോലും സപ്പോര്‍ട് നില്‍ക്കുന്നില്ല. ഞാനെന്താ ഇപ്പോ ചെയ്യാ?”
“എന്തെങ്കിലും വഴി ഉണ്ടാകും. ഇതെങ്ങിനെയെങ്കിലും ഞാന്‍ മാനേജ് ചെയ്തു ഒഴിവാക്കാന്‍ ശ്രമിക്കാം. ഏട്ടന്‍ വിഷമിക്കേണ്ട”
“ഇനി എന്തുവന്നാലും നിന്നെ ഞാന്‍ കൈവിടില്ല. നീയില്ലാതെ എനിക്കു പറ്റില്ല.”
“അതെനിക്കറിയാം ഏട്ടാ. എന്നാലും ആരെയും വെറുപ്പിച്ചു കൊണ്ട് നമുക്ക് ഒന്നാകേണ്ട.”
“എല്ലാം ശരിയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.”
“ഉം”
“ഇനി എന്നാ നമ്മള്‍ കാണുക?”
“അറിയില്ല”
“ഒരു ദിവസം ലീവ് ആക്കുമോ?. ഞാനും ലീവ് ആക്കാം”
“എന്തിന്?”
“എന്റെ പെണ്ണിന്‍റെ കൂടെ ഇരിക്കാന്‍”
“എന്നിട്ടു വേണം പിന്നേം പോലീസ് പിടിക്കാന്‍ അല്ലേ? ഞാനില്ല”
“അയ്യോ. അങ്ങിനെ പറയല്ലേ മോളൂ.”
“അങ്ങിനെയേ പറയൂ. കല്യാണം കഴിഞ്ഞു മതി ഇനി നേരില്‍ കാണുന്നതും കറങ്ങാന്‍ പോകുന്നതുമൊക്കെ”
“ഇങ്ങനെയുള്ള കടുത്ത തീരുമാനങ്ങള്‍ ഒന്നും എടുക്കല്ലേ മോളൂ”
“അന്ന് തീ തിന്നത് ഓര്‍ക്കുന്നില്ലേ? ഇനി ഞാനില്ല”
“ഓക്കെ. മോള്‍ടെ ഇഷ്ടം. ഞാന്‍ നിര്‍ബന്ധിക്കുന്നില്ല”
“ഏട്ടന്‍ വീട്ടില്‍ എങ്ങിനെങ്കിലും സമ്മതിപ്പിക്കാന്‍ നോക്കൂ.”
“ശ്രമിക്കാം മോളൂ”
അങ്ങിനെ ദിവസങ്ങള്‍ പിന്നെയും കടന്നു പോയി.
രാജേഷ് പഠിച്ച പണി പതിനെട്ടും നോക്കി. അവന്‍റെ വീട്ടില്‍ സമ്മതിപ്പിക്കാന്‍. അമ്പിനും വില്ലിനും അടുക്കാതെ വീട്ടുകാരും.
പിന്നെ ആകെ ഉള്ള വഴി റജിസ്റ്റര്‍ മാര്യേജ് ആണ്. ഒരു വിധത്തില്‍ മായയെ പറഞ്ഞു സമ്മതിപ്പിച്ചു.
അങ്ങിനെ ഫ്രണ്ടിന്‍റെ കല്യാണം എന്നു പറഞ്ഞു മായ വീട്ടില്‍ നിന്നും ഇറങ്ങി.
അപ്പോഴേക്കും രാജേഷ് കല്യാണത്തിന് വേണ്ട എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു. റജിസ്റ്റര്‍ ഓഫീസില്‍ പോയി കല്യാണം റെജിസ്റ്റര്‍ ചെയ്യാന്‍ പോയാല്‍ ഒരുമാസം നോട്ടിസ് പതിപ്പിക്കും എന്നതൊക്കെ കേട്ടത് കൊണ്ട് ആര്യസമാജത്തില്‍ പോയി കല്യാണത്തിനുള്ള ഏര്‍പ്പാടുകള്‍ നടത്തി.
സാധാരണ ഡ്രസ് ഇട്ടിട്ടു വന്നാല്‍ മതി എന്നു പറഞ്ഞപ്പോ മായ സമ്മതിച്ചില്ല. കല്യാണത്തിന് സാരി തന്നെ ഉടുക്കണം എന്നു പറഞ്ഞു അവള്‍. വീട്ടില്‍ നിന്നും ഉടുത്തുവരാനും പറ്റില്ല. അവസാനം കല്യാണത്തിന് സാക്ഷി ആയി ഒപ്പിടാന്‍ റെഡി ആയി വന്ന സുഹൃത്ത് (മനോജ്) മുഖാന്തിരം ഒരു ലോഡ്ജില്‍ റൂം ശരിയാക്കി. സാക്ഷി ആയി മനോജിന്‍റെ ഭാവി വധുവും ഉണ്ടായിരുന്നു (അതിന്റെ ഇടയില്‍ അങ്ങിനെ ഒരു സംഭവവും ഉണ്ടായി. വീട്ടുകാര്‍ തന്നെ മനോജിന് ഒരു പെണ്ണിനെ കണ്ടെത്തികൊടുത്തു. പേര് ദീപ്തി.). അത് ഒരുകണക്കിന് ഭാഗ്യമായി. അല്ലാതെ എങ്ങിനെ ലോഡ്ജില്‍ മുറി എടുക്കുക? കല്യാണം കഴിഞ്ഞിട്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. മായയെ ഒരുക്കാന്‍ ദീപ്തി മായയോടൊപ്പം ലോഡ്ജിലെ മുറിയില്‍ കയറി. ഞങ്ങള്‍ രണ്ടുപേരും പുറത്തു കാത്തിരുന്നു.
