സ്റ്റാഫ് റൂമിൽ അവളുടെ മുന്നിൽ റെക്കോർഡ് തുറന്ന് ഇരിക്കുമ്പോൾ കണ്ട ആ ഭാവം അവനെ വിട്ടുമാറിയില്ല. മുഖത്ത് തളംകെട്ടിയിരുന്ന വിഷമം. തല ഉയർത്തി നോക്കാൻ പോലും മടിച്ചിരുന്ന അവളുടെ കണ്ണുകൾ. ഒരാളെങ്കിലും വീണ്ടും എന്തെങ്കിലും പറയുമോ എന്ന ഭയത്തിൽ ഒതുങ്ങി നിന്ന അവളുടെ ശരീരം.
എല്ലാവരുടെയും കളിയാക്കലും ചിരിയും സഹിച്ചുകൊണ്ട് ആ പെൺകുട്ടി നിശ്ശബ്ദമായി ഇരിക്കുന്നുണ്ടാകണം. അവളെ കുറിച്ച് പറയുന്ന ഓരോ വാക്കും അവൾ കേൾക്കാത്ത പോലെ നടിച്ചാലും, ഉള്ളിൽ അത് എത്ര വേദനിപ്പിക്കുമെന്നു മനുവിന് ഇപ്പോൾ മനസ്സിലായി. “പാവം…” അവൻ മനസ്സിൽ പറഞ്ഞു. സ്റ്റാഫ് റൂമിൽ വച്ച് സംസാരിക്കാനായിരുന്നു അവന്റെ ഉദ്ദേശം.
പക്ഷേ അവിടെ മറ്റു അധ്യാപകർ ഉണ്ടായിരുന്നത് കൊണ്ട് പറയേണ്ട കാര്യങ്ങൾ ഒന്നും പറയാൻ കഴിഞ്ഞില്ല. രണ്ട് സാധാരണ വാക്കുകൾ മാത്രം പറഞ്ഞ് അവളെ അയക്കേണ്ടി വന്നു. അത് മനുവിന് ഒരു പരാജയമായി തോന്നി. അവൻ മെയിൻ റോഡ് കഴിഞ്ഞ് വീട്ടിലേക്കുള്ള ചെറിയ റോഡിലേക്ക് തിരിഞ്ഞു.
ആ റോഡിൽ വൈകുന്നേരത്തെ തിരക്ക് കുറവായിരുന്നു. ഇരുവശങ്ങളിലും ചെറിയ വീടുകൾ, ഇടയ്ക്ക് മരങ്ങൾ, മതിലുകൾക്കു മുകളിലൂടെ താഴേക്ക് തൂങ്ങി നിൽക്കുന്ന ചെടികൾ. അപ്പോഴാണ് അവന്റെ കണ്ണിൽ മുന്നിലൂടെ സൈക്കിൾ ചവിട്ടി പോകുന്ന ഒരു പെൺകുട്ടി പതിഞ്ഞത്. ഒരു നിമിഷം അവൻ ശ്രദ്ധിച്ചു.
ദേവശ്രീ. അതെ. അവൾ തന്നെ. പിന്നിൽ നിന്ന് കണ്ടാലും അവളെ തിരിച്ചറിയാൻ പറ്റുന്ന രീതിയിൽ അവൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
സൈക്കിളിന്റെ ഹാൻഡിലിൽ കൈകൾ ഒതുക്കി പിടിച്ച്, തല അല്പം താഴ്ത്തി, ആരെയും ശ്രദ്ധിക്കാതെ പോകുന്ന പോലെ. അപ്പോഴേക്കും മനു ബൈക്കിൽ അവളെ കടന്നു പോയിരുന്നു. അവൻ കുറച്ച് മുന്നോട്ട് പോയി ബൈക്ക് റോഡ് സൈഡിലേക്ക് ചേർത്ത് നിർത്തി. ഇൻജിൻ ഓഫ് ചെയ്തില്ല.
പക്ഷേ അവൻ തിരിഞ്ഞ് അവൾ വരുന്ന ദിശയിലേക്ക് നോക്കി. ആണെന്ന് ഉറപ്പ് വരുത്തി. ദേവശ്രീ പതുക്കെ അവന്റെ അടുത്തേക്ക് എത്തി. അവൾ മനുവിന്റെ ബൈക്ക് കണ്ടു.
പിന്നെ മനുവിനെയും. അടുത്ത നിമിഷം തന്നെ അവളുടെ മുഖം മാറി. സ്റ്റാഫ് റൂമിൽ വച്ച് അവൻ അവളെ വിളിച്ചപ്പോൾ ഉണ്ടായ അതേ പേടി, അതേ ആശങ്ക വീണ്ടും മുഖത്ത് തെളിഞ്ഞു. അവൾ സൈക്കിളിന്റെ സ്പീഡ് കുറച്ചു.
മനുവിന്റെ അരികിൽ എത്തിയപ്പോൾ, മനു കൈ കൊണ്ട് നിൽക്കാൻ സൂചിപ്പിച്ചു. ദേവശ്രീ റോഡ് സൈഡിൽ, മനുവിന്റെ ബൈക്കിന് അരികിലായി സൈക്കിൾ നിർത്തി നിന്നു. അവളുടെ കൈ ഇപ്പോഴും ഹാൻഡിലിൽ തന്നെയായിരുന്നു. വിരലുകൾ അല്പം മുറുകി പിടിച്ചിരിക്കുന്നു.
കണ്ണുകൾ നേരെ അവനെ നോക്കാതെ, റോഡിലേക്കും ബൈക്കിലേക്കും അവന്റെ മുഖത്തിലേക്കും ഇടയ്ക്കിടെ മാറി. “ദേവശ്രീയുടെ വീട് ഇവിടെ ആണോ? ” മനു സാധാരണ ശബ്ദത്തിൽ ചോദിച്ചു. “അതേ സാർ…” അവൾ പതുക്കെ പറഞ്ഞു.
“ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ. ” അത് കേട്ട് അവൾ വളരെ ചെറുതായി ചിരിച്ചു. അത് മുഴുവൻ ചിരിയല്ലായിരുന്നു. പേടിയിലും മടിയിലും കുടുങ്ങിയ ഒരു ചെറിയ പുഞ്ചിരി മാത്രം.
“ഞാൻ സാധാരണ ഈ വഴിയാ പോകുന്നത് സാർ…” “ഹ്മ്മ്…” മനു അവളെ ശ്രദ്ധിച്ചു. അവൾ ഇപ്പോഴും നോർമൽ ആയിട്ടില്ല. സംസാരിക്കുമ്പോൾ പോലും അവളുടെ ശബ്ദത്തിൽ ജാഗ്രതയുണ്ടായിരുന്നു. എന്തെങ്കിലും തെറ്റായി പറയുമോ, അവൻ എന്തെങ്കിലും ചോദിക്കുമോ, താൻ എന്ത് മറുപടി പറയും എന്നൊക്കെയുള്ള പേടി അവളുടെ മുഖത്ത് വ്യക്തമായിരുന്നു.
മനു ശബ്ദം കുറച്ച് പറഞ്ഞു. “ദേവശ്രീ… ഞാൻ തന്നോട് ഒന്ന് തനിച്ച് സംസാരിക്കാൻ ഇരിക്കുകയായിരുന്നു. ” അവളുടെ കണ്ണുകൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് ഉയർന്നു. “സ്റ്റാഫ് റൂമിൽ അധ്യാപകർ ഉണ്ടായിരുന്നത് കൊണ്ട് അപ്പോൾ പറ്റിയില്ല,” മനു തുടർന്നു.
ദേവശ്രീയുടെ മുഖത്ത് കൂടുതൽ ടെൻഷൻ തെളിഞ്ഞു. “എന്താ സാർ…? ” അവൾ പേടിയോടെ ചോദിച്ചു. ആ ചോദ്യം വളരെ താഴ്ന്ന ശബ്ദത്തിലായിരുന്നു.
പക്ഷേ അതിന്റെ ഉള്ളിൽ ഒരുപാട് ഭയം ഉണ്ടായിരുന്നു. സാർ എന്തെങ്കിലും കേട്ടോ? ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ സാർ അറിഞ്ഞോ? എന്നെ കുറിച്ചും സാറിനെ കുറിച്ചുമുള്ള ഗോസ്സിപ്പ് അറിഞ്ഞാൽ സാർ എന്ത് വിചാരിക്കും?

Waiting for the rest of this story