സാംസൻ – 3 1അടിപൊളി 

അവസാനം അര മണിക്കൂര്‍ യാത്ര ചെയ്ത് ഞാൻ മാളിൽ എത്തി. സമയം രണ്ടര കഴിഞ്ഞിരുന്നു. എന്റെ കുറ്റബോധവും അസ്വസ്ഥതയും അതിന്റെ ഉച്ചസ്ഥായിയിലെത്തി ഇരുന്നു.

ഒരു കാര്യത്തിലും എനിക്ക് ശ്രദ്ധിക്കാനും കഴിഞ്ഞില്ല. എന്തൊക്കെയോ മനസ്സിനെ അലട്ടുന്ന ചിന്തകൾ മാത്രം നിറഞ്ഞു നിന്നു.

അവസാനം എന്റെ മൊബൈൽ അടിക്കുന്നത് കേട്ടാണ് ചിന്തകളില്‍ നിന്നുണർന്ന് ഞാൻ നോക്കിയത്.

സാന്ദ്രയുടെ വീഡിയോ കോൾ ആയിരുന്നു. ഞാൻ അല്‍ഭുതപ്പെട്ട് പോയി, കാരണം ആദ്യമായിട്ടാണ് അവള്‍ വീഡിയോ കോൾ ചെയ്യുന്നത്.

പെട്ടന്ന് എന്റെ മനസ്സിന്‌ ആശ്വാസം തോന്നി. വേറെ ചിന്തകൾ എല്ലാം അകന്നു പോയി. എന്തെന്നില്ലാത്ത സന്തോഷം പെട്ടന്ന് ജനിച്ചു.

ഞാൻ ആവേശത്തോടെ സാന്ദ്രയുടെ കോൾ എടുത്തു.

“പുതുമയായി വീഡിയോ കോൾ ഒക്കെ ചെയ്യുന്നുണ്ടല്ലോ..! എന്തുപറ്റി..?” ഞാൻ ചോദിച്ചു. “പിന്നേ ക്ലാസ് ഇല്ലേ നിനക്ക്..?”

ഗ്രൌണ്ട് അതിർത്തിയിൽ പന്തലിച്ചു നില്‍ക്കുന്ന വല്യ വൃക്ഷ ചുവട്ടില്‍ ഇരുന്നു കൊണ്ടാണ് സാന്ദ്ര എന്നെ വിളിച്ചത്. പരിസരത്ത് വേറെ ആരെയും കാണാനും കഴിഞ്ഞില്ല.

“ക്ലാസ് ഉണ്ട്.. പക്ഷേ ക്ലാസ് ബോര്‍ ആയത് കൊണ്ട്‌ വെറുതെ നുണ പറഞ്ഞ്‌ പെർമിഷനും വാങ്ങി ഞാൻ പുറത്തേക്ക്‌ വന്നു.” അതും പറഞ്ഞ്‌ സാന്ദ്ര പുഞ്ചിരിച്ചു.

“എന്താ ഇപ്പൊ പ്രത്യേകിച്ച് വിളിക്കാൻ…?”

“ഞാൻ വെറുതെ….!” അവൾ വാക്കുകള്‍ക്കു വേണ്ടി തപ്പി. എന്നിട്ട് പെട്ടന്ന് പറഞ്ഞു, “ചേട്ടൻ അവിടെ എന്തെടുക്കവാന്ന് നോക്കാനാ വിളിച്ചത്.”

“ഓഹോ..! എന്നിട്ടിപ്പോ എന്തോ മനസ്സിലായി.”

“ചേട്ടൻ ഉറക്കം തൂങ്ങി ഇരിക്കുവാന്ന് മനസ്സിലായി.” അവള്‍ ചിരിച്ചു.

സാന്ദ്രയുടെ നാണവും സ്നേഹവും കലര്‍ന്ന ചിരി കണ്ടിട്ട് എനിക്ക് അവളോട് വല്ലാത്ത സ്നേഹം തോന്നി. അവളോടുള്ള സ്നേഹ സൂചകമായി എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരിയും വിടര്‍ന്നു. പക്ഷേ പെട്ടന്ന് ആ പുഞ്ചിരിയെ ഞാൻ നശിപ്പിച്ചു കളഞ്ഞു കൊണ്ട്‌ അവളെ സൂക്ഷിച്ചു നോക്കി. അവളും സൂക്ഷ്മമായി എന്റെ മുഖഭാവങ്ങളെ വീക്ഷിക്കുകയായിരുന്നു.

ഞാൻ പുഞ്ചിരിച്ചതും അവളുടെ മുഖം സന്തോഷം കൊണ്ട്‌ തിളങ്ങി.. എന്റെ പുഞ്ചിരി മാഞ്ഞതും അവളുടെ മുഖം വല്ലാതെ മങ്ങി.

“അതുശരി…, അപ്പോ എന്നെ വെറുതെ കളിയാക്കാൻ വിളിച്ചതാ, ല്ലേ..?” ഞാൻ ഗൗരവം നടിച്ച് ചോദിച്ചു.

“അങ്ങനെ ഒന്നുമില്ലന്നെ.” സാന്ദ്ര പെട്ടന്ന് ചിരിച്ചു. “ഞാൻ വെറുതെ മെസേജ് അയക്കാൻ എടുത്തതും കൈ അറിയാതെ കൊണ്ട്‌ വീഡിയോ കോളായി. പിന്നെ കട്ടാക്കാൻ തോന്നിയില്ല.” അവള്‍ അല്‍പ്പം ജാള്യത പ്രകടിപ്പിച്ചു.

പക്ഷേ അവള്‍ പറഞ്ഞത് കള്ളം ആണെന്ന് മുഖം കണ്ടാല്‍ തന്നെ അറിയാം. അറിയാതെ വീഡിയോ കോൾ വന്നതല്ല… അവള്‍ അറിഞ്ഞു കൊണ്ട്‌ തന്നെയാ ചെയ്തത്. പക്ഷേ അവളുടെ നുണ ഞാൻ അക്സപ്റ്റ് ചെയ്തു.

“കഴിഞ്ഞ ദിവസം എന്തൊക്കെയാ നി പറഞ്ഞത്..? നിന്റെ സൗന്ദര്യം മാത്രം ഞാൻ നോക്കിയാല്‍ മതിയെന്നോ…?!”

“അയ്യോ ചേട്ടാ…!” പെട്ടന്ന് അവള്‍ നാണത്തോടെ ചിരിച്ചു. “ചേട്ടൻ ഇന്നലെ അങ്ങനെ പറഞ്ഞപ്പോ പകരത്തിന് അങ്ങനെ പറയാനാ എനിക്ക് തോന്നിയത്‌. അല്ലാതെ വേറെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല.

പക്ഷേ അവള്‍ പറഞ്ഞത് സത്യമാണോ നുണയാണോ എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.

“ഓക്കെ ചേട്ടാ…!!” പെട്ടന്ന് സാന്ദ്ര തിടുക്കത്തിൽ പറഞ്ഞു. “എന്റെ ഫ്രണ്ട്സ് വരുന്നുണ്ട്… ഞാൻ വെക്കുവാ.”

“ഫ്രണ്ട്സ് വന്നോട്ടെ.. എന്താ കുഴപ്പം..?” ഞാൻ ചോദിച്ചു. “പിന്നേ നിന്റെ ഫ്രണ്ട്സിനേയൊക്കെ എനിക്കും അറിയാവുന്നതല്ലേ… രണ്ടു വാക്ക് അവരോടും ഞാൻ സംസാരിക്കുന്നതില്‍ എന്താ കുഴപ്പം…?” ഞാൻ വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു.

ഉടനെ അവള്‍ എന്നെ കടുപ്പിച്ചു നോക്കി.

“അവളമ്മാരെ കണ്ടു രസിക്കാനല്ലേ…?” പെട്ടന്ന് മുഖത്ത് തെളിഞ്ഞ അസൂയയെ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ സാന്ദ്ര ചോദിച്ചു.

ഞാൻ ഉടനെ ചിരിച്ചു.

“പിന്നെ പെണ്‍കുട്ടികളെ വശീകരിക്കുന്ന സാമേട്ടന്റെ ആ മാന്ത്രിക നാവിൽ നിന്നും രണ്ടു വാക്കല്ല, വെറും അര വാക്കെങ്കിലും കേട്ടാല്‍ മതിയെന്ന ചിന്തയില്‍ ഇവിടെ ചിലരൊക്കെ നടക്കുന്നുണ്ട്. അതുകൊണ്ട്‌ കാണുന്ന പെണ്‍കുട്ടികളോടൊക്കെ വശീകരിക്കുന്ന തരത്തിൽ സംസാരിക്കരുത് എന്നുകൂടി പറയാനാ ഞാൻ വിളിച്ചത്.” അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞിട്ട് സാന്ദ്ര ഫോൺ കട്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *