സാംസൻ – 3 1അടിപൊളി 

“എന്റെ അളിയാ.. കുറെ ദിവസമായി ഞാൻ നോക്കുന്നു. എല്ലാറ്റിനും ഒരു ദേഷ്യവും പിന്നേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തർക്കുത്തരവും മാത്രമേ ഉള്ളു. നിനക്ക് എന്തിന്റെ കേടാ…?” പുറകില്‍ നിന്നും അവനെന്റെ തലയില്‍ ഒന്ന് കൊട്ടി.

ഞാൻ ചിരിച്ചു. പക്ഷേ ഒന്നും മിണ്ടാതെ ഞാൻ ബൈക്ക് ഓടിച്ചു. ഒടുവില്‍ മാളിൽ എത്തി. ഗോപന്‍ തന്നെയാ കാര്‍ എടുത്തത്.

ഗോപന്‍ കാറിലും ഞാൻ ബൈക്കിലും വീട്ടില്‍ എത്തിയപ്പോ ഒന്‍പത് മണി കഴിഞ്ഞിരുന്നു. അവന്‍ കാറിനെ പാർക്ക് ചെയ്തതും അവനെ ഞാൻ അവന്റെ വീട്ടില്‍ കൊണ്ടാക്കി.

തിരികെ വന്നപ്പോ ജൂലിയും അമ്മായിയും സാന്ദ്രയും എല്ലാം ഹാളില്‍ തന്നെ ഉണ്ടായിരുന്നു. അമ്മായിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഞാൻ നേരെ റൂമിലേക്ക് നടന്നു.

ജൂലി വേഗം എഴുനേറ്റ് എന്റെ പിന്നാലെ വന്നു. പക്ഷേ ഒന്നും മിണ്ടാതെ ഞാൻ ബാത്റൂമിൽ കേറി കുളിച്ചിട്ടാണ് വന്നത്.

“മുഖം എന്തിനാ സാമേട്ടാ ഇങ്ങനെ ഇരിക്കുന്നത്…? എന്തെങ്കിലും പ്രശ്നമാണോ.?” ജൂലി വിഷമത്തോടെ ചോദിച്ചു.

“ഒന്നുമില്ല.”

“ശെരി ചേട്ടൻ വന്നേ, നമുക്ക് കഴിക്കാം.”

“ഞാനും ഗോപനും പുറത്ത്‌ നിന്നും കഴിച്ചു. എനിക്കിനി വേണ്ട.”

ഉടനെ ജൂലി സങ്കടത്തോടെ നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ റൂമിൽ നിന്നും ഇറങ്ങി പോയി. ഞാൻ ബെഡ്ഡിൽ കേറി കിടന്നു.

കുറെ കഴിഞ്ഞ് ജൂലി തിരികെ വന്നിട്ട് റൂം പൂട്ടിയ ശേഷം എന്റെ അടുത്തു വന്നിരുന്നു.

“എനിക്ക് നല്ല വിഷമമുണ്ട് സാമേട്ട…!” ജൂലി സങ്കടത്തോടെ പറഞ്ഞു. “എന്തിനാ പുറത്ത്‌ നിന്നും ആഹാരം കഴിച്ചേ..?”

“എനിക്ക് പുറത്തുനിന്നും കഴിക്കാൻ തോന്നി, ഞാൻ കഴിച്ചു. അതിപ്പോ വല്യ കുറ്റമാണോ..?”

ഉടനെ ജൂലിയുടെ മുഖം വല്ലാണ്ടായി.

“ശെരി അത് പോട്ടെ.” ജൂലി പറഞ്ഞു, “സാന്ദ്രയും ചേട്ടനും തമ്മില്‍ എന്താ പ്രശ്നം…? ചേട്ടനും അവളും തമ്മില്‍ എന്തോ ചെറിയ വഴക്ക് കൂടിയെന്ന് മാത്രമേ അവള്‍ പറഞ്ഞുള്ളൂ. ശെരിക്കും എന്താ ഉണ്ടായേ..!?”

എന്റെ മുഖത്ത് സൂക്ഷിച്ച് നോക്കിക്കൊണ്ടാണ് ജൂലി ചോദിച്ചത്‌.

“അങ്ങനെ പറയത്തക്ക പ്രശ്നമൊന്നും സംഭവിച്ചില്ല. എന്നാലും നാളെ തൊട്ട് സാന്ദ്രയെ നി തന്നെ കാറിൽ കൊണ്ട് വിട്ടുകയും എടുക്കുകയും ചെയ്താൽ മതി. നിനക്ക് ലൈസൻസ് ഉണ്ടല്ലോ… പോരാഞ്ഞിട്ട് എപ്പോഴും വീട്ടില്‍ തന്നെ ഇരിക്കാതെ നിനക്ക് പുറത്തൊക്കെ ഒന്ന് കറങ്ങീട്ടും വരാമല്ലോ..!!”

ഉടനെ ജൂലി എന്നെ സംശയത്തോടെ നോക്കി.

“അപ്പോ സാന്ദ്രയുമായി എന്തോ വല്യ പ്രശ്നം ഉണ്ടായി, അല്ലേ?” ജൂലി സംശയം പറഞ്ഞു.

“എടി പെണ്ണേ… പ്രശ്നമൊന്നും ഇല്ല എന്നല്ലേ ഞാൻ പറഞ്ഞത്.” ഞാൻ അല്പം ചൂടായി.

“പിന്നേ എന്തിനാ പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്…?” പുരികം വളച്ച് സംശയത്തോടെ അവള്‍ ചോദിച്ചു.

“സാന്ദ്രയും ഞാനും എന്തെങ്കിലും സംസാരിച്ച് തുടങ്ങും, പക്ഷേ വഴക്കിലാണ് എപ്പോഴും അവസാനിക്കുന്നത്. എന്നും അങ്ങനെ ശരിയാവില്ല ജൂലി. ഇത് പിന്നീട് വലിയ എന്തെങ്കിലും പ്രശ്‌നത്തില്‍ എത്തിക്കും. അപ്പോ എല്ലാവർക്കും അത് വിഷമമായും തീരും. അതുകൊണ്ട്‌ ഞാനും അവളും അവരവരുടെ കാര്യം മാത്രം നോക്കി നടക്കുന്നത് ആയിരിക്കും നല്ലത്.” ഞാൻ പറഞ്ഞു.

“നിങ്ങൾ തമ്മിലുള്ള ചെറിയ ചെറിയ പ്രശ്നത്തിന്റെ പേരില്‍ ചേട്ടൻ ഇങ്ങനെ കാണിക്കരുത്. ചേട്ടനോടുള്ള സ്നേഹം കൊണ്ടാണ് അവള്‍ പെട്ടന്ന് വഴക്കടിക്കുന്നത്, അതിനെ കാര്യമായി എടുക്കേണ്ട. കൂടാതെ ചേട്ടന്‍ അവളെ ഇതുപോലെ ഒഴിവാക്കിയാല്‍ അവള്‍ക്ക് വിഷമം ആവില്ലേ…?”

“വിഷമമൊക്കെ രണ്ടോ മൂന്നോ ദിവസത്തില്‍ മാറിക്കോളും. അവള്‍ ചെറിയ കുട്ടിയൊന്നും അല്ലല്ലോ…? കാര്യമൊക്കെ അവള്‍ സ്വയം മനസ്സിലായിക്കോളും.”

“എന്നാലും ചേട്ടാ —”

“ഇനി ഇതിന്റെ പേരില്‍ നമ്മൾ തമ്മില്‍ വഴക്ക് കൂടണോ…!?” അല്‍പ്പം ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.

ഉടനെ മുഖം വീർപ്പിച്ചു കൊണ്ട്‌ ജൂലി പോയി മരുന്നെടുത്ത് കഴിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *