സാംസൻ – 4 4അടിപൊളി  

 

എല്ലാം ആലോചിച്ച് എന്റെ ഹൃദയം കൊട്ട് പോലെ അടിച്ചു മുഴങ്ങാൻ തുടങ്ങി. സാന്ദ്രയോട് എനിക്ക് ഒരുപാട്‌ സ്നേഹം ഉണ്ട്.. പക്ഷേ ഇപ്പോൾ ആ സ്നേഹം ആയിരം മടങ്ങ് വര്‍ധിച്ചു.

 

കഴിഞ്ഞ കുറെ മാസങ്ങളിൽ അവള്‍ പലപ്പോഴും എന്നെ കുറ്റപ്പെടുത്തിയിരുന്നത് കൊണ്ട്‌ എന്റെ മനസ്സിന്റെ മൂലയില്‍ അവളോട് തോന്നിയിരുന്നു ദേഷ്യം പോലും മഞ്ഞ് പോലെ ഉരുകി പോയിരുന്നു.

 

മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അവസാനം ഉറങ്ങുന്നത് വരെ എന്റെ ചുണ്ടില്‍ പുഞ്ചിരി നിറഞ്ഞു നിന്നു.

 

രാവിലെ അടുക്കളയില്‍ തട്ടും മുട്ടും കേട്ടാണ് ഞാൻ ഉണര്‍ന്നത്. സമയം ആറര കഴിഞ്ഞിരുന്നു.

 

ഞാൻ എഴുനേറ്റ് റൂമിലേക്ക് പോകുന്ന ശബ്ദം കേട്ട് ജൂലിയും സാന്ദ്രയും ഒരേ സമയത്ത്‌ കിച്ചനിൽ നിന്നും എത്തിനോക്കി.

 

സാന്ദ്ര പുഞ്ചിരിച്ചു. ചെറിയൊരു നാണവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷേ ജൂലിയുടെ മുഖം ബ്ലാങ്ക് ആയിരുന്നു. വേഗം അവളുടെ തല പിൻവലിയുകയും ചെയ്തു.

 

കുളിയും മറ്റും കഴിഞ്ഞ് ഡ്രസ് ഇട്ടു കൊണ്ടിരുന്ന സമയം സാന്ദ്ര ചായയുമായി റൂമിലേക്ക് വന്നു. ക്ലാസിൽ പോകാൻ അവള്‍ റെഡിയായി കഴിഞ്ഞിരുന്നു.

 

ഞാൻ ഷർട്ട് ഇടുന്നത് കണ്ടിട്ട് അവള്‍ മുഖം ചുളിച്ചു കൊണ്ടാണ്‌ ചായ കപ്പിനെ എന്റെ നേര്‍ക്ക് നീട്ടിയത്.

 

ഞാൻ വാങ്ങുകയും ചെയ്തു.

 

“ഷർട്ട് വേണ്ട ചേട്ടാ… ടീ ഷര്‍ട്ട് ഇടൂന്നെ.. പ്ലീസ്…!” അവള്‍ കെഞ്ചും പോലെ പറഞ്ഞു.

 

ഉടനെ ഞാൻ അവളുടെ കണ്ണില്‍ കൂർപ്പിച്ച് നോക്കിയതും അവള്‍ പെട്ടന്ന് റൂമിൽ നിന്നും ഇറങ്ങി പോയി.

 

ഷർട്ട് തന്നെ ഇട്ടിട്ടാണ് ഞാൻ ഡൈനിംഗ് റൂമിലേക്ക് ചെന്നത്. സാന്ദ്ര എനിക്കുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. ഞാൻ ഷർട്ട് മാറിയില്ല എന്ന് കണ്ടതും അവളുടെ മുഖം വാടി.

 

ഞാൻ ഡൈനിംഗ് ടേബിളിനടുത്ത് ചെന്നു. എനിക്ക് വിളമ്പി തരാൻ ജൂലി വന്നില്ല.

 

മേശപ്പുറത്ത് അടുക്കി വച്ചിരുന്ന പ്ലേറ്റിൽ നിന്നും ഒരെണ്ണം എടുക്കാൻ ഞാൻ കൈ നീട്ടി. പക്ഷേ സാന്ദ്ര എന്റെ കൈ പിടിച്ചു മാറ്റി.

 

“ചേട്ടൻ ഇരിക്കൂ. ഞാൻ വിളമ്പി തരാം.” അതും പറഞ്ഞ്‌ അവൾ തന്നെ എനിക്ക് എല്ലാം എടുത്ത് വച്ചു തന്നു. ശേഷം അവള്‍ക്കും വേണ്ടത് എടുത്തിട്ട് അവള്‍ ഇരുന്നു കഴിക്കാൻ തുടങ്ങി.

 

ഞാൻ വേഗം കഴിച്ചിട്ട് എഴുന്നേറ്റു. എന്നിട്ട് കൈയും കഴുകി പുറത്തേക്ക്‌ ചെന്നു.

 

ഞാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും, അവളെ ഇട്ടേച്ചു പോകുമെന്ന് കരുതിയത് പോലെ സാന്ദ്ര തിടുക്കത്തിൽ ഓടി വരുന്നത് കണ്ടു.

 

“എന്തിനാ ഇത്ര വെപ്രാളം പിടിച്ച് ഓടുന്നത്..? ഞാൻ നിന്നെ വിട്ടിട്ട് പോകില്ല..!”

 

ഉടനെ ഒരു ചമ്മലോടെ ചിരിച്ചു കൊണ്ട്‌ അവള്‍ കേറി ഇരുന്നതും എന്റെ ബൈക്കിനെ ഞാൻ മുന്നോട്ടെടുത്തു.

 

എന്നോട് ചേര്‍ന്ന് എന്റെ അരയില്‍ അവള്‍ ചുറ്റിപ്പിടിച്ചിരുന്നു. ഇത്ര ദിവസം ഇല്ലാത്ത എന്തോ ഒരു പ്രത്യേകതരം അനുഭൂതി എന്നില്‍ പടർന്നു പിടിച്ചു.

 

പെട്ടന്ന് എന്തോ ഓര്‍ത്തത് പോലെ അവൾ എന്നെ വിട്ടിട്ട് അവളുടെ ബാഗ് തുറന്ന് അകത്ത് കൈയിട്ട് വെപ്രാളം പിടിച്ച് എന്തോ തിരഞ്ഞു. അവളുടെ ദേഹം നല്ലപോലെ ഇളകി. അവളും വീഴും എന്നുവരെ ഞാൻ പേടിച്ചു.

 

“എന്റെ പോന്നു മോളെ… ബൈക്കില്‍ ഇരുന്നുകൊണ്ട് ഇങ്ങനെ അഭ്യാസമൊന്നും കാണിക്കല്ലേ..!! നി താഴെ വീണു പോകും.” എന്റെ തല തിരിച്ച് അവളെ നോക്കി ഞാൻ പറഞ്ഞിട്ട് വേഗം നേരെ നോക്കി ഓടിച്ചു.

 

“എന്റെ മൊബൈൽ എടുക്കാൻ മറന്നു എന്ന കരുതിയത്. പക്ഷേ നോക്കിയപ്പോ ബാഗില്‍ ഉണ്ടായിരുന്നു. പിന്നെ ചേട്ടൻ പേടിക്കേണ്ട ഞാൻ വീഴില്ല..!!”

 

“അതെയതെ, നി വീഴില്ല. മര്യാദക്ക് എന്നെ നല്ലപോലെ പിടിച്ചിരിക്കെടി.” ഞാൻ ദേഷ്യപ്പെട്ടു.

 

പക്ഷേ അവൾ കുസൃതിയോടെ മിററിലൂടെ എന്നെ നോക്കി ചിരിച്ചു.

 

“എടി, എന്നെ പിടിച്ചിരിക്കാനല്ലേ പറഞ്ഞത്. ഇല്ലെങ്കില്‍ കുഞ്ഞുങ്ങളെ പോലെ നിന്നെ ഞാൻ മുന്നിലിരുത്തും, പറഞ്ഞേക്കാം.”

Leave a Reply

Your email address will not be published. Required fields are marked *