സാംസൻ – 6 3അടിപൊളി  

ഞാൻ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

“ശെരി ചേട്ടാ, പന്ത്രണ്ടു മണിക്ക് കാണാം.” അതും പറഞ്ഞ്‌ അവള്‍ സ്കൂൾ ഗേറ്റിലൂടെ അകത്ത് കേറി പോയി.

ദേവി പറഞ്ഞ ഓരോ വാക്കും എന്നെ സന്തോഷിപ്പിച്ചു. വളരെ സന്തോഷത്തോടെയാണ് ഞാൻ അവിടം വിട്ടത്. എന്നിട്ട് നേരെ പോയത് വർക്ക് ഷോപ്പിലേക്ക്.

അവരോട് ഞാൻ സംസാരിച്ചാൽ വേഗം സ്കൂട്ടി ശെരിയാക്കി കിട്ടുമെന്ന് എനിക്കറിയാം. വേഗം കിട്ടിയാൽ ഞാൻ തന്നെ അതിനെ സ്കൂളിൽ എത്തിച്ചു കൊടുക്കാനും പ്ലാൻ ചെയ്തു. അപ്പോൾ അവള്‍ക്ക് എന്നെ ഡ്രോപ്പ് ചെയ്യേണ്ടി വരും. അന്നേരം അവളുടെ പുറകില്‍ ഇരുന്നു കൊണ്ട്‌ അവളെ പിടിച്ചിരിക്കുന്നു കാര്യം ഓര്‍ത്തപ്പൊൾ രോമാഞ്ചം ഉണ്ടായി. അതുകൊണ്ടാണ് നേരെ അങ്ങോട്ട് വിട്ടത്.

“ഹ്ഹാ… ഇതാര് സാമോ…!” സുധി ചേട്ടൻ എന്നെ കണ്ടതും ഓയിൽ ഷോപ്പിൽ നിന്നിറങ്ങി വന്നു. “ബൈക്കിന് എന്തെങ്കിലും കുഴപ്പം പറ്റിയോ…?” ചേട്ടൻ പുരികം ചുഴിച്ച് ബൈക്കിനെ നോട്ടം കൊണ്ട്‌ ഉഴിഞ്ഞു.

“സുധി ചേട്ടാ… എന്റെ ബൈക്കിനെ ഇങ്ങനെ നോക്കി കുഴപ്പം വരുത്തല്ലേ…. എന്റെ ബൈക്കിന് കുഴപ്പമൊന്നുമില്ല.” ഞാൻ ചിരിച്ചതും ചേട്ടനും ചിരിച്ചുകൊണ്ട് എന്നെ നോക്കി.

എന്റെ കണ്ണുകൾ ദേവിയുടെ സ്കൂട്ടിയെ തിരഞ്ഞു. മുമ്പ് അവളുടെ വീട്ടില്‍ വച്ച് കണ്ടിട്ടുള്ളത് കൊണ്ട്‌ പ്ലേറ്റ് നമ്പര്‍ എനിക്ക് കാണാപ്പാഠമായിരുന്നു.

അവളുടെ സ്കൂട്ടി റിലീസ് ഷെഡ്ഡിൽ നില്‍ക്കുന്നത് കണ്ടിട്ട് ആശ്ചര്യം തോന്നി. കാരണം, ശെരിയാക്കി കസ്റ്റമറിന് ഹാന്‍ഡ് ഓവർ ചെയ്യാനുള്ള വണ്ടികള്‍ മാത്രമേ ആ ഷെഡ്ഡിൽ നിർത്താറുള്ളു.

ഒന്‍പത് മണിക്ക് മുന്നേ ശരിയാക്കാൻ കഴിയുമെങ്കില്‍ അവളോട് പന്ത്രണ്ടരയ്ക്ക് വരാൻ സുധി ചേട്ടൻ പറയുമോ…?

എന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങള്‍ തോന്നാന്‍ തുടങ്ങി.

“എനിക്ക് എന്റെ കാറിന്റെ എഞ്ചിന്‍ ഓയിൽ വേണം…” സുധി ചേട്ടനോട് ഞാൻ ആവശ്യപ്പെട്ടു.

സ്ഥിരം വാങ്ങുന്നത് കൊണ്ട്‌ എനിക്ക് വിശദീകരിക്കേണ്ട കാര്യം ഇല്ലായിരുന്നു.

ഉടനെ അവിടെയുള്ള പയ്യനാട് ചേട്ടൻ നിര്‍ദേശം കൊടുത്തു.

“പിന്നേ ചേട്ടാ, ആ സ്കൂട്ടി ആരുടേയാ… കണ്ടിട്ട് ഒരു പരിചയം പോലെ…!”

ഞാൻ ചൂണ്ടിക്കാട്ടിയ വണ്ടിയെ ചേട്ടൻ തല തിരിച്ച് ഒന്ന് നോക്കി. എന്നിട്ട് തിരിച്ച് എന്നെയും നോക്കി.

“രാവിലെ ഒരു പെങ്കൊച്ച് കൊണ്ടു വന്നതാ. ഓടിക്കുമ്പോ ഹാന്‍ഡിലിന് ചെറിയൊരു വെട്ടൽ ഉണ്ടോ എന്ന സംശയം പറഞ്ഞുകൊണ്ട്. അപ്പോ തന്നെ ഞാൻ ഓടിച്ചു നോക്കി.. ഒരു പ്രശ്‌നവും കണ്ടില്ല. പക്ഷേ നല്ലോണം ഒന്നു കൂടി പരിശോധിക്കാന്‍ അവള്‍ ആവശ്യപ്പെട്ടു, ഉച്ചക്ക് അവള്‍ വന്ന് എടുത്തോളാം എന്നും പറഞ്ഞിട്ടാണ് പോയത്.”

“ഓഹോ…! രണ്ടാമത് പരിശോധിച്ചപ്പോ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ…?” ഞാൻ തിരക്കി.

“ഏതെങ്കിലും വണ്ടിയെ കണ്ടതും അതിന്റെ ഫാൾട് അറിയുന്നവനാണ് ഞാൻ.. എന്നിട്ടും അതിനെ ഞാൻ ഒരിക്കല്‍ ഓടിച്ചു നോക്കി കഴിഞ്ഞു. ഇനി രണ്ടാമത് ഓടിച്ചു നോക്കേണ്ട കാര്യമൊന്നും ഇല്ല. അതിനൊരു കുഴപ്പവും ഇല്ലട. ആ കൊച്ചിന്‍റെ പേടി കാരണം അങ്ങനെ തോന്നിയതാവും.”

അതുകേട്ട് ഞാൻ മനസ്സിൽ ഊറി ചിരിച്ചു. അപ്പോ എന്റെ കൂടെ ബൈക്കില്‍ വരാൻ വേണ്ടിയാണോ അവള്‍ നുണ പറഞ്ഞത്.

അങ്ങനെ എങ്കിൽ ശെരിക്കും അവള്‍ ആതിര ചേച്ചിയുടെ വീട്ടിലും പോയിട്ടുണ്ടാവില്ല. അതൊന്ന് അന്വേഷിക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.

അന്നേരം ആ പയ്യന്‍ ഓയിലുമായി വന്നു.

“ശെരി ചേട്ടാ, ഞാൻ പോട്ടെ..!”

ഓയില്‍ വാങ്ങിയ കാശും കൊടുത്തിട്ട് ഞാൻ അവിടം വിട്ടു. നേരെ മാളിൽ വന്ന ശേഷം ആതിര ചേച്ചിക്ക് വിളിച്ചു.

“എന്താ സാം… എന്തുപറ്റി…..?” ചേച്ചി അല്‍പ്പം ആശങ്കയോടെ ചോദിച്ചു.

“അല്ല, കുറച്ച് മുമ്പ്‌ ദേവിയും ചേച്ചിയും കൂടി എന്റെ മാളിന് മുന്നിലൂടെ പോകുന്നത് കണ്ടു… ഇതിലെ പോയിട്ടും രണ്ടാളും ഇങ്ങോട്ട് നോക്കുകപോലും ചെയ്തില്ല. അതുകൊണ്ട്‌ ഒരു സംശയം, അത് നിങ്ങൾ തന്നെ ആയിരുന്നോ എന്ന്…!!”

“ഏഹ്… ഞങ്ങൾ രണ്ടുപേരും അതിലെ പോയെന്നോ…?” ചേച്ചി ചിരിച്ചു. “വേറെ ആരെയോ സാം കണ്ടിട്ട് തെറ്റിധരിച്ചതാണ്. ഇന്ന്‌ ഞാൻ പുറത്തിറങ്ങിയതേയില്ല. കഴിഞ്ഞ ആഴ്ചയാണ് അവസാനമായി ഞാൻ ദേവിയെ കണ്ടത് തന്നെ.” ചേച്ചി പിന്നെയും ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *