ഐഷു – 1 2അടിപൊളി  

ഐഷു – 1

[ VaSco ]


*************** ഐഷു ******************

രാവിലെ മുതൽ തന്നെ ഓഫീസിൽ വളരെ തിരക്കുള്ള ദിവസമായിരുന്നു . ഞാൻ ആണെങ്കിൽ തലയ്ക്ക് ചൂട് പിടിച്ച വല്ലാത്തൊരു അവസ്ഥയിലും. ഉച്ച സമയം കഴിഞ്ഞു മണി മൂന്നായിട്ടും അന്ന് ഞാൻ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിശപ്പുകൊണ്ട് വയറ് കത്തിയെരിഞ്ഞു.

നൂറു കോടിക്ക് മുകളിൽ വരുന്ന ഒരു വലിയ പ്രോജക്റ്റ് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം ആയിരുന്നു അന്ന്. രാത്രി എട്ടു മണിക്ക് മുൻപായി അത് സബ്മിറ്റ് ചെയ്യണമായിരുന്നു . അതിന്റെ എല്ലാ ചുമതലയും മേഡം എന്നെ ആയിരുന്നു ഏൽപ്പിച്ചത്. അതിന്റെ ടെൻഷനിൽ ആയിരുന്നു ഞാൻ ആ സമയം.

ആ സമയത്താണ് എന്റെ ഉറ്റ ചങ്ങാതിയും സഹപ്രവർത്തകനുമായ മഹേഷ്‌ അങ്ങോട്ടേക്ക് വന്നത്. വന്ന ഉടനെ അവൻ എന്നോട് പറഞ്ഞു .

“എടാ. ആദി. ഇന്ന് രാത്രിക്ക് മുൻപ് ഈ വർക്ക് മുഴുവൻ തീർത്ത് പ്രോജക്റ്റ്‌ മേഡത്തിന് മുന്നിൽ സബ്‌മിറ്റ് ചെയ്തില്ലെങ്കിൽ പണിയാകുമേ. നിന്റെ ഗോൾഡൻ ചാൻസ് നഷ്ട്ടമാകും . അല്ലെങ്കിൽ തന്നെ മേഡം വലിയ ചൂടിലാ. നിന്നെ വിശ്വസിച്ച മേഡം ഈ പ്രോജക്റ്റ് നിന്നെ ഏൽപ്പിച്ചത്.”

അതെ!, ആദി. അതാണ്‌ എന്റെ പേര്. മുഴുവൻ പേര് ‘ ആദിത്യൻ.’ വയസ് ഇരുപത്തിയേഴ്‌ . ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി. താമസം തനിച്ച് ഒരു ഫ്ലാറ്റിൽ . മഹേഷ്‌ പറഞ്ഞ മേഡമാണ് ആ കമ്പനിയുടെ മുതലാളി. ബാക്കിയൊക്കെ വഴിയേ പറയാം. അപ്പോൾ നമുക്ക് വീണ്ടും കഥയിലേക്ക് പോകാം…

രാവിലെ വന്നത് മുതൽ ഒരു നിമിഷം പോലും തെറ്റാതെ ആ കമ്പ്യൂട്ടറിനു മുന്നിൽ കുത്തിയിരുന്ന്

പണിയുന്ന എനിക്ക് അവന്റെ സംസാരം കേട്ടപ്പോൾ ഉള്ളം കാല് മുതൽ പെരുത്ത് കയറി. ഞാൻ അവനോട് ചൂടായി. ആകെ ദേഷ്യം പിടിച്ചു നിന്ന അവസ്ഥയിൽ മനസ്സറിയാതെ ഞാൻ അവനോട് പറഞ്ഞു

“എന്റെ മഹേഷേ ഒന്ന് മിണ്ടാതിരിക്കാമോ? അതിലും വലിയ ചൂടിലാ ഞാൻ. വിശന്ന് കരിഞ്ഞിട്ട് മനുഷ്യന്റെ വയറ് വരെ തള്ളക്ക് വിളിക്കാൻ തുടങ്ങി. അപ്പോഴാ നിന്റെയൊരു കൊണയടി. കിടന്ന് ചിലക്കാതെ ഒന്ന് മിണ്ടാതെ പോയെടാ അവിടുന്ന്. ”

“ഓഹ്! ആയിക്കോട്ടപ്പ. അടിയൻ പോയേക്കാമെ. ”

എന്നെ തൊഴുന്നത് പോലെ കാണിച്ചുകൊണ്ട് അവൻ പറഞ്ഞു. അതിന് ശേഷം ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു.

“എടാ, ആദി. ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം. നിനക്ക് ചായ വേണോ..? ഞാൻ കുടിച്ചിട്ട് വരുമ്പോൾ നിനക്ക് ചായയും കൂടെ കഴിക്കാനും എന്തെങ്കിലും വാങ്ങണോ..?”

“അങ്ങനെ നല്ല വല്ല കാര്യവും ചോദിക്ക്. ഏതായാലും നീ വരുമ്പോൾ എനിക്കൊരു ചായ വാങ്ങിക്കോ. ഇപ്പോൾ വേറെ ഒന്നും വേണ്ട. തലവേദന മാറാൻ ഒരു ചായ കുടിക്കുന്നത് നല്ലതാ . ” ഞാനും ചിരിയോടെ പറഞ്ഞു.

അപ്പോഴാണ് ഓഫീസ് പ്യൂൺ രാമേട്ടൻ അവിടേക്ക് വന്നത്. വന്ന ഉടനെ രാമേട്ടൻ പറഞ്ഞു.

“ആദി സാറെ, സാറിനൊരു കത്തുണ്ട്.”

“കത്തോ?” ഞാൻ അറിയാതെ തന്നെ ചോദിച്ചു പോയി. എനിക്ക് കത്തുണ്ട് എന്ന് കേട്ടതും ഞാനും മഹേഷുമടക്കം അവിടെയുള്ള മറ്റു സ്റ്റാഫുകളും ഒരുപോലെ ഞെട്ടി.

മഹേഷ് ആ കത്തിന് വേണ്ടി രാമേട്ടന് നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു.

“ഇതാരെടെ ആദി. ഈ നൂറ്റാണ്ടിലേക്ക് ബസ്സ് കിട്ടാത്ത പോലെ നിനക്ക് കത്ത് അയച്ചത്.

എന്തായാലും ആളൊരു ബഡാ ഫൂൾ തന്നെ ആയിരിക്കും. അല്ലാതെ ഈ കാലത്ത് ആരെങ്കിലും കത്ത് അയക്കുമോ.. അതും ഓഫീസിലേക്ക്. എന്താ ആദി ഇത് ഇനി നിന്റെ വല്ല ഗേൾ ഫ്രണ്ടും ആണോ ഈ കത്ത് അയച്ചത്…?”

അങ്ങനെ പറഞ്ഞ ശേഷം അവൻ എന്റെ കുറച്ചു മാറി ഇരിക്കുന്ന റോഷിമയെ നോക്കി.

“അതിന് ഇത് മഹേഷ് സാറിനുള്ള കത്തല്ല . ഇതേ ആദി സാറിനുള്ള കത്താ. ” രാമേട്ടൻ ഒരു ചെറു ചിരിയോടെ പറഞ്ഞു .

“രാമേട്ടാ. വേണ്ട… വേണ്ട. രാമേട്ടൻ കിട്ടിയ സമയം എന്റെ ആസനത്തിൽ റോക്കറ്റ് അയക്കാൻ നോക്കേണ്ട. ” രാമേട്ടൻ പറഞ്ഞത് അത്ര അങ്ങ് ഇഷ്ടപെടാത്ത മഹേഷ് പറഞ്ഞു.

അപ്പോഴും ചിരിച്ച രാമേട്ടൻ കത്ത് എനിക്ക് തന്നിട്ട് തിരിച്ചു പോയി.

ഞാൻ ആ കവർ വാങ്ങി ഫ്രം അഡ്രസ് നോക്കി. അതിൽ ഒരു പേര് മാത്രം.

Updated: November 6, 2026 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *