‘ ആയിഷ ‘
കൂടുതൽ നോക്കാൻ നിൽക്കാതെ ഞാൻ ആ ഫോട്ടോ വീണ്ടും കവറിൽ വെച്ച് അതും എന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകി.
“എന്താടാ ആദി, എന്ത് പറ്റി. ആരാ കത്ത് അയച്ചത്. നിന്റെ മുഖമാകെ വല്ലാതായല്ലോ എന്തെങ്കിലും പ്രശ്നമുണ്ടോ..? ഞാൻ ഇടപെടണോ..?”
ദേഷ്യം കൊണ്ട് ചുവന്നു വലിഞ്ഞു മുറുകിയ എന്റെ മുഖം കണ്ട് മഹേഷ് ചോദിച്ചു.
“ഏയ് ഒന്നുമില്ലെടാ. നീ പോയി കടുപ്പത്തിൽ ഒരു ചായ വാങ്ങിവാ. നല്ല തലവേദന . ഒരു ചായ കുടിച്ചാൽ ശരിയാകും. ”
എന്റെ മനസ്സിന്റെ സമനില തെറ്റിയ പോലെ മനസ്സാകെ കലങ്ങി മറിഞ്ഞു കിടന്നെങ്കിലും സമനില വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ അവനോട് പറഞ്ഞു. എന്നാൽ ആ സമയം രാമേട്ടൻ വീണ്ടും അവിടേക്ക് വന്നു.
” ആദി സാറെ, സാറിനെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്. ”
രാമേട്ടൻ പറഞ്ഞത് കേട്ട് ഷോക്ക് ഏറ്റപോലെ ഞാൻ അവിടെ ഇരുന്നുപോയി.
” ആദിയെ കാണാൻ ഒരു പെൺകുട്ടി വന്നെന്നോ. ” മഹേഷ് വിശ്വാസം വരാതെ ചോദിച്ചു.
” ആ അതെ. പെൺകുട്ടി തന്നെ.” രാമേട്ടൻ തറപ്പിച്ചു പറഞ്ഞു.
” എന്താടാ ആദി ഞാൻ ഈ കേൾക്കുന്നത്. ഇത് സത്യം തന്നെയാണോ. നിന്നെ കാണാൻ ഒരു പെണ്ണ് ഇവിടെ വെന്നെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ആകുന്നില്ല.
ദിസ് ഈസ് ഇമ്പോസിബിൾ ”
“അതെന്താ. മഹേഷ് സാറേ സാർ അങ്ങനെ പറഞ്ഞത്. ആദി സാറിനെ ഒരു പെണ്ണ് അന്വേഷിച്ചു വന്നെന്ന് കരുതി അതിലെന്താ ഇത്ര അഭുതപെടാനുള്ളത്. നല്ല ആണുങ്ങളെ കാണാൻ പെണ്ണുങ്ങൾ വന്നെന്നും അവരുടെ പിറകെ നടന്നെന്നുമൊക്കെ വരും . അല്ലേ ആദി സാറേ.” റോഷിമ എന്നെ നോക്കി ചിരിയോടെ പറഞ്ഞു. അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും ആ ചിരിക്ക് വേണ്ടത്ര തിളക്കം ഉണ്ടായിരുന്നില്ല.
“മോളെ റോഷിമേ. നീ എത്ര നാളുകൊണ്ട് ഇവന്റെ പിറകെ നടക്കുന്നു . എന്നിട്ട് വല്ലതും നടന്നോ.! ആ സമയം നീ എന്റെ പിറകെയാണ് നടന്നിരുന്നെങ്കിൽ നമ്മുടെ കുഞ്ഞ് ഇപ്പോൾ നടക്കുന്ന പ്രായം ആയേനെ. അതുകൊണ്ട് ഇക്കാര്യത്തിൽ മാത്രം നീ ഇവന് വക്കാലത്തുമായി വരല്ലേ. ഈ വക കേസൊന്നും ഇവിടെ എടുക്കില്ല. ഇക്കാര്യത്തിൽ മാത്രം എനിക്ക് ഇവനെ എനിക്ക് വിശ്വാസം ഇല്ല. ”
മഹേഷിന്റെ ആ സംസാരം അവിടെ കൂട്ടചിരി ഉണർത്തി. റോഷിമ എന്നെ നാണത്തോടെ നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു.
” അതൊക്കെ ഞങ്ങൾ പിന്നീട് മതി എന്ന് വെച്ചിട്ടാ. അല്ലേ ആദി സാറേ. സമയം ആകുമ്പോൾ ഞങ്ങൾ അതിനെ കുറച്ചു ചിന്തിച്ചോളാം. എന്നിട്ട് ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിന്റെ കൈയ്യും പിടിച്ചു ഇവിടെ വരും. അല്ലേ ആദി സാറെ.”
റോഷിമയുടെ സംസാരം കേട്ട് എനിക്ക് വല്ലാതെ ചൊറിഞ്ഞു വന്നു. കുറച്ചു നാൾ മുൻപ് വരെ അവൾക്ക് എന്നോടുണ്ടായ ഈ താൽപര്യത്തെ കുറിച്ചു അവിടെ ചില കുശുകുശുക്കൽ ഉണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട അത് ഒരു വിധം ഒതുക്കി തീർത്തത്. അപ്പോഴിതാ
വീണ്ടും അത് കുത്തി പൊക്കി വന്നിരിക്കുന്നു. അതിന്റെ കൂടെ വേറൊന്നും. ഇവറ്റകളൊന്നും മനുഷ്യന് ഒരു സമാധാനവും തരില്ലേ. ഞാൻ മനസ്സിൽ പറഞ്ഞു.
“അഹ്! നടന്നത് തന്നെ. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം. ഒന്ന് പോ പെണ്ണെ. അവളുടെ ഒരു ആദി സാറും കുഞ്ഞും. മോളെ റോഷിമേ നീ അതിന് വെച്ച വെള്ളത്തിൽ ഇത്തിരി തേയിലയും പഞ്ചാരയും ഇട്ട് കടുപ്പത്തിൽ ഒരു ചായ വെച്ച് കുടിച്ചൊ. അല്ലാതെ ഒന്നും നടക്കാൻ പോകുന്നില്ല.”
മഹേഷ് കുറച്ചു ചൂടായെന്ന പോലെ പറഞ്ഞ ശേഷം രാമേട്ടനോട് വീണ്ടും ചോദിച്ചു.
“രാമേട്ടാ. ഈ പെൺകുട്ടി എന്ന് പറയുമ്പോൾ തീരെ കുട്ടിയാണോ അതോ !?” അത്രയും ചോദിച്ചു കൊണ്ട് മഹേഷ് നിർത്തി. അപ്പോൾ രാമേട്ടൻ പറഞ്ഞു.
“ഏയ്! തീരെ കുട്ടിയൊന്നും അല്ല. കണ്ടാൽ പതിനെട്ടോ പത്തൊൻപതോ വയസ്സ് പ്രായം തോന്നും. ഒരു ഉമ്മച്ചി കുട്ടി. ”
“ഉ… ഉ..
ഉമ്മച്ചി കുട്ടിയോ?” രാമേട്ടൻ പറഞ്ഞത് കേട്ട് വിശ്വാസം ആകാതെ മഹേഷ്. വിക്കികൊണ്ട് ചോദിച്ചു.
“ആ അതെ. ഉമ്മച്ചി കുട്ടി തന്നെ. തലയിൽ തട്ടം ഒക്കെ ഇട്ടിട്ടുണ്ട്. ” രാമേട്ടൻ പറഞ്ഞു.
