“ഓഹ്! എന്നാൽ അവൾക്ക് ആളുമാറി പോയതാ. അല്ലാതെ ഇങ്ങനെ വരാൻ ഒരു വഴിയും ഇല്ല. ” അങ്ങനെ പറഞ്ഞ ശേഷം മഹേഷ് വീണ്ടും രാമേട്ടനോട് ചോദിച്ചു.
” അവളുടെ പേര് ചോദിച്ചോ രാമേട്ടാ? ”
“ആ ചോദിച്ചു. ‘ ആയിഷ ‘ എന്നാ അവൾ പറഞ്ഞത്. കൈയിൽ രണ്ടു ബാഗുകളും ഉണ്ട്. കണ്ടിട്ട്
വീട്ടിൽ നിന്നും ആരോടും പറയാതെ ഇറങ്ങി വന്നത് പോലെയുണ്ട്. അവൾ
ആദി സാറിനെ ചോദിച്ചു തന്നെയാ ഇവിടേക്ക് വന്നത്. അവൾക്ക് ആളൊന്നും മാറിപോയിട്ടില്ല.” രാമേട്ടൻ പറഞ്ഞു.
അത് കേട്ട് അവിടെ കൂടിയവരൊക്കെ എന്നെ തന്നെ നോക്കി. പക്ഷെ ആർക്കും അത് കേട്ട് വിശ്വാസം ആയില്ല എന്ന് തോന്നും അവരുടെ മുഖഭാവം കണ്ടാൽ .
“രാമേട്ടാ. ആള് കാണാൻ എങ്ങനെയുണ്ട്. സുന്ദരിയാണോ.?” മഹേഷ് വീണ്ടും ചോദിച്ചു.
“അത് പറയാനുണ്ടോ സാറേ. നല്ല ഒന്നാന്തരം മൊഞ്ചത്തി കുട്ടി. ആദി സാറിനു നന്നായി ചേരും. ശ്രീരാമനും ശ്രീദേവിയും പോലെ.”
രാമേട്ടൻ പറഞ്ഞത് കേട്ട് മഹേഷ് ചിരിച്ചു.
രാമേട്ടൻ അങ്ങനെ പറഞ്ഞതും റോഷിമയുടെ മുഖം ഇരുണ്ടു. അവളുടെ മുഖത്തെ എല്ലാ തെളിച്ചവും പോയി. മഹേഷ് അവളെ നോക്കി ചിരിച്ചു.
ആ സമയം ഞാൻ എന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു മഹേഷിനോട് പറഞ്ഞു.
“എടാ. നിന്റെ കാറിന്റെ താക്കോൽ ഒന്ന് നോക്കട്ടെ. എനിക്ക് ഒന്ന് പുറത്തേക്ക് പോകണം..”
“എടാ അപ്പോൾ അത്.? അത് നിന്റെ ആരാ. നിങ്ങൾ തമ്മിൽ പ്രേമത്തിൽ ആണോ. എന്നിട്ടും ഞാൻ അറിഞ്ഞില്ലല്ലോ. എന്നാലും മോനെ ഇങ്ങനെ ഒന്ന് ഒപ്പിച്ചു വെച്ചിട്ട് നീ ഇതുവരെ എന്നോട് പറഞ്ഞില്ലല്ലോ. അത് തീരെ ശരിയായില്ല. എന്തായാലും നമുക്കീ വിവാഹം വേഗം നടത്താം. അല്ലേ റോഷിമേ..?”
“മഹേഷേ നീ താക്കോൽ തരുമെങ്കിൽ താ. ബാക്കിയൊക്കെ ഞാൻ നിന്നോട് പിന്നെ പറയാം. ഇപ്പോൾ കൂടുതൽ പറയാനുള്ള സമയം ഇല്ല. എനിക്ക് വേഗം പോണം.” എന്റെ മുഖത്തെ ഭാവം കണ്ട് മഹേഷ് വേഗം അവന്റെ കാറിന്റെ താക്കോൽ എടുത്ത് എനിക്ക് തന്നു. അപ്പോൾ അവൻ ചോദിച്ചു.
“എടാ. മേഡം ചോദിച്ചാൽ
നീ എന്ത് പറയും. ”
“അഹ്! അത് ഞാൻ എന്തെങ്കിലും പറഞ്ഞോളാം. അല്ലാതെ ഇപ്പോൾ വേറെ വഴിയില്ല. ” മഹേഷിനോട് അങ്ങനെ പറഞ്ഞ ശേഷം ഞാൻ രാമേട്ടനോട് ചോദിച്ചു.
“രാമേട്ടാ അവൾ എവിടെയാ ഉള്ളത്. ”
“അവിടെ വെയ്റ്റിങ് ഏരിയയിൽ ഇരിക്കുന്നുണ്ട്. എന്തോ പേടിച്ച പോലെ ഉണ്ട് ആ കുട്ടിയുടെ മുഖം കണ്ടാൽ. സാർ ആ കുട്ടിയെ വഴക്ക് ഒന്നും പറയരുത്. ” രാമേട്ടൻ പറഞ്ഞു.
ഞാൻ നേരെ മേഡത്തിന്റെ ക്യാബിനിലേക്ക് നടന്നു. ആ സമയം മഹേഷ് പറയുന്നത് ഞാൻ കേട്ടു.
“ഇത് അവന്റെ പെണ്ണ് തന്നെയാ. അതിലിനി ഒരു സംശയവും ആർക്കും വേണ്ട . അല്ലെങ്കിൽ അവൻ ഇത്രയും ടെൻഷൻ ആകില്ല. അത് അവന്റെ മുഖം കണ്ടാൽ അറിയാം ”
‘എന്റെ ദൈവമേ, ഇവൻ എന്തൊക്കെയാ പറയുന്നത്. ഇവന് വേറെ പണിയില്ലേ.. അല്ലെങ്കിൽ ഇവളെ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുത്തത് . ഇവിടെ സ്റ്റേഷനിൽ വന്നശേഷം എന്നെ ഫോൺ വിളിച്ചാൽ പോരായിരുന്നോ ഇവൾക്ക് . ഇത് മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് ഓരോന്ന് വന്നേക്കുവാ. എന്റെ ഈശ്വരാ! ഇനി ഇവൾ ആരെന്ന ഞാൻ ഇവരോടൊക്കെ പറയേണ്ടത്.
അച്ഛന്റെ രണ്ടാം കെട്ടിലെ ഭാര്യയുടെ ആദ്യ കെട്ടിലെ മോളാണെന്ന് പറയേണ്ടി വരുമോ..? അതോ ഇവരൊക്കെ കരുതും പോലെ എന്നെ വിശ്വാസിച്ചു ഇറങ്ങി വന്ന ഞാൻ പ്രേമിക്കുന്ന പെണ്ണാണ് ഇവളെന്ന് പറയേണ്ടി വരുമോ.? ‘ ഞാൻ എന്നോട് തന്നെ ചോദിച്ചു.
മേഡത്തിന്റെ ക്യാബിന് മുന്നിലെത്തിയപ്പോൾ ഞാൻ ഒന്നുരണ്ടു വട്ടം ദീർഘശ്വാസമടുത്തു. നൂറ് കോടിയുടെ പ്രോജക്റ്റിന്റെ ടെൻഷൻ തലയിൽ നിൽക്കുമ്പോഴാണ് ഈ
പുതിയ പുകിൽ. അതുകൊണ്ട് തന്നെ മേഡം എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല.
ഞാൻ പതിയെ വാതിലിൽ മുട്ടി അകത്തേക്ക് കയറി. മേഡം കമ്പ്യൂട്ടറിലേക്ക് നോക്കി വല്ലാത്തൊരു ഗൗരവത്തിലായിരുന്നു.
കാരണം ഇപ്പോൾ ഈ നൂറ് കോടിക്ക് മുകളിൽ വരുന്ന പ്രോജെക്റ്റ് കമ്പനിക്ക് കിട്ടിയില്ലെങ്കിൽ അത് കമ്പനിക്ക് വലിയൊരു നഷ്ടമാകും. കമ്പനിയുടെ പ്രസ്റ്റീജ് പ്രശ്നമാണ് ആ പ്രോജക്റ്റ്.
