ഐഷു – 1 3അടിപൊളി  

ഞാൻ വളരെ പരുങ്ങലോടെ കാര്യം പറഞ്ഞുതും മേഡം എന്നെ ഒന്ന് രൂക്ഷമായി നോക്കി. ശേഷം എനിക്ക് നേരെ ചൂടായി. മേഡം പറഞ്ഞത് മുഴുവൻ ക്ഷമയോടെ ഞാൻ കേട്ടു നിന്നു.

ആ പ്രോജക്റ്റ്‌ നഷ്ടപ്പെട്ടാൽ ഒരു പക്ഷെ എന്റെ ജോലി തന്നെ പോകും എന്ന അവസ്ഥയിൽ ആയി.

എങ്കിലും അരമണിക്കൂർ സമയം മേഡം എനിക്ക് അനുവദിച്ചുതന്നു. ഞാൻ പുറത്തേക്ക് പോകാൻ നേരം മാഡം പറഞ്ഞു

” ആദി, ഈ പ്രോജക്റ്റിനെ പറ്റി ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ. ഈ പ്രോജക്റ്റ്‌ നമ്മുടെ കമ്പനിയുടെ മാത്രമല്ല നിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ അവസരമാണ്. അതൊരിക്കലും നീ നഷ്ടമാക്കരുത്. നഷ്ടമായാൽ അതിന് നീ വലിയ വില കൊടുക്കേണ്ടി വരും. മറിച്ചു അത് നേടിയൽ നീ ഒരിക്കലും പ്രതീക്ഷിക്കാത്തത് നിന്നെ തേടിവരും.”

“എനിക്കറിയാം മേഡം. ഈ പ്രോജക്റ്റ് നമുക്ക് ഒരിക്കലും നഷ്ടമാവില്ല . അത് ഈ കമ്പനിക്ക് വേണ്ടി ഞാൻ നേടിയിരിക്കും. എന്നെ വിശ്വസിക്ക് മേഡം.”

അങ്ങനെ പറഞ്ഞ ശേഷം ഞാൻ വേഗം ക്യാബിന് പുറത്തിറങ്ങി. ഓഫീസിലെ ബാക്കി സ്റ്റാഫുകളുടെ ഒളിഞ്ഞുനോട്ടങ്ങളെ വകവെക്കാതെ ഞാൻ നേരെ റിസപ്ഷനിലെ വെയ്റ്റിങ് ഏരിയയിലേക്ക് നടന്നു.

ഞാൻ വരുന്നത് കണ്ട് മഹേഷും എന്റെ കൂടെ കൂടി.

അവിടെ ആ കസേരയിൽ, ബാഗും മുറുകെപ്പിടിച്ച്, തലയിലെ തട്ടം ശരിയാക്കിക്കൊണ്ട് ഒരു പെൺകുട്ടി ഇരിപ്പുണ്ടായിരുന്നു. അതാണ് ആയിഷ എന്ന ഐഷു.

ഞാൻ അവളെ നോക്കി. ഇളം കളറിലുള്ള ഒരു ചൂരിദാർ ആണ് അവളുടെ വേഷം. കുട്ടിത്തം നിറഞ്ഞ ഐശ്വര്യമുള്ള മുഖം. രാമേട്ടൻ പറഞ്ഞത് പോലെ കണ്ടാൽ ഒരു പതിനെട്ടു വയസ് പ്രായം തോന്നും. ആ ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരിയാണവൾ. ഒരു കൊച്ചു സുന്ദരി.

കൂടുതൽ ഒന്നും അവളെ നോക്കാൻ ഞാൻ നിന്നില്ല. അതിനുള്ള സമയമോ മനസീകാവസ്ഥയോ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ആ സമയം

അവിടെ എന്നെ കാത്തു നിൽക്കുന്ന ഐഷുവിനെ കണ്ട് മഹേഷ് മെല്ലെ എന്റെ ചെവിയിലായി പറഞ്ഞു.

.”ഡാ.. ആള് മൊഞ്ചത്തിയാണല്ലോ..! വിടേണ്ട മുറുക്കെ പിടിച്ചൊ. നിനക്ക് നന്നായി ചേരും . എന്നാലും എന്റെ മോനെ നീ ഇത് എങ്ങനെ ഒപ്പിച്ചു. ”

അവന്റെ ആ സംസാരത്തിൽ ദേഷ്യം തോന്നിയ ഞാൻ അവനെ തുറിച്ചു നോക്കി. പിന്നെ അവളുടെ അടുത്തേക്ക് നടന്നു.

ഞാൻ അവിടേക്ക് നടന്നു വരുന്നത് കണ്ട ഉടനെ അവൾ മെല്ലെ എഴുന്നേറ്റു. ” ഇക്ക ” അവളുടെ ചുണ്ടുകൾ മന്ത്രിക്കും പോലെ മെല്ലെ മൊഴിഞ്ഞു . അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

അവളുടെ അടുത്ത് എത്തിയ ഉടനെ ഞാൻ അവളോട് ചോദിച്ചു.

” ഐഷു. അല്ലേ..? ”

‘അതെ ‘ എന്ന് അവൾ തലയാട്ടികൊണ്ട് മെല്ലെ പറഞ്ഞു.

” ഞാനാണ് ആദി…. ആദിത്യൻ. ”

“എനിക്കറിയാം ” അവൾ മെല്ലെ

പറഞ്ഞു. ഒരു നിമിഷം അവളെ നോക്കിയ ശേഷം ഞാൻ പറഞ്ഞു.

” വാ പോകാം.”

എന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു. ഞാൻ പറഞ്ഞത് കേട്ട് എന്റെ പിന്നിലായി അവൾ നടന്നു . ഞങ്ങൾ നടന്നു പോകുന്നത് ചിരിയോടെ മഹേഷ് നോക്കി നിന്നു. ആ ചിരിയിൽ ഇത്തിരി കുശുമ്പ് ഉണ്ടോ ആവോ.

കാറിന്റെ അടുത്ത് എത്തിയ ഞാൻ അവൾക്ക് കാറിന്റെ മുന്നിലെ വാതിൽ തുറന്നു കൊടുത്ത ശേഷം അവളോട് പറഞ്ഞു.

“വേഗം കയറ്. സമയം പോകുന്നു.”

അങ്ങനെ പറഞ്ഞ ശേഷം അവളുടെ കൈയിലെ ബാഗുകൾ വാങ്ങി പിന്നിൽ വെച്ചു. പിന്നെ ഞാൻ വേഗം കാറിന്റെ വലതു വശത്തുള്ള ഡ്രൈവർ സീറ്റിൽ പോയി ഇരുന്നു.

അപ്പോഴേക്കും അവളും കയറി ഇരുന്നിരുന്നു. അവളേയും കൊണ്ട് ഞാൻ വേഗം കാർ എന്റെ ഫ്ലാറ്റിലേക്ക് പായിച്ചു.

കാറിൽ കയറിയത് മുതൽ അവൾ എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കുമ്പോൾ അവൾ പുറത്തേക്ക് നോക്കി കാഴ്ചകൾ കാണുന്നത് പോലെ ഇരിക്കും . ഞാൻ അവളോട് ചോദിച്ചു.

“നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്. നിന്റെ ആരാ ഇവിടെ ഉള്ളത്..?”

എന്റെ ചോദ്യം കേട്ട് അവളുടെ മുഖം മങ്ങി. അവളുടെ ഉള്ളിൽ സങ്കടം നിറഞ്ഞു . എങ്കിലും അവൾ മെല്ലെ പറഞ്ഞു

“ഇക്ക. ”

അങ്ങനെ പറഞ്ഞു ഒന്ന് നിർത്തിയ ശേഷം അവൾ വീണ്ടും പറഞ്ഞു.

Updated: November 6, 2026 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *