‘അജയ ചന്ദ്രൻ പിള്ള ‘
‘അച്ഛൻ ‘ ഞാൻ അറിയാതെ തന്നെ എന്റെ നാവിൽ വന്നു.
അച്ഛൻ എന്തിനാണാവോ ഇപ്പോൾ ഇങ്ങനെ ഒരു കത്ത് അയച്ചത് . അതും ഓഫീസിലേക്ക് . മനുഷ്യനെ നാണം കെടുത്താനായിട്ട്. ഞാൻ മനസ്സിൽ പറഞ്ഞു.
ആ തിരക്കിനിടയിലും ഞാനാ കവർ തുറന്നു . അതിൽ നിന്നും ആ കത്ത് എടുത്തു ഞാൻ വായിച്ചു.
‘മോനെ,…. ആദി. ഇത് അച്ഛനാണ്.
നിനക്ക് ഇഷ്ടമാവില്ല എന്നറിയാം എന്നാലും എനിക്കിത് നിന്നോട് പറയാതിരിക്കാൻ ആവില്ല. അതുകൊണ്ടാ അച്ഛൻ ഇപ്പോൾ ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.
നിനക്ക് എന്നോടുള്ള ദേഷ്യവും അതിന്റെ കാരണവും എനിക്ക് അറിയാം. റസിയയെ
ഞാൻ വിവാഹം കഴിച്ചതും അവളെയും അവളുടെ മോള് ഐഷുവിനെയും ഞാൻ നമ്മുടെ വീട്ടിലേക്ക് കൊണ്ടു വന്നതും നിനക്ക് ഇഷ്ടം ആയിട്ടില്ലെന്ന് എനിക്കറിയാം. അതുകൊണ്ടാണല്ലോ അങ്ങനെ ഒരു കാര്യം അറിഞ്ഞത് മുതൽ നീ വീട്ടിലേക്ക് വരാതിരുന്നത്.
അതിലൊന്നും ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ ചെയ്തത് തെറ്റായി പോയെന്ന് എനിക്ക് തോന്നിയിട്ടും ഇല്ല. പക്ഷെ ഇപ്പോൾ ഞാൻ ഈ കത്ത് ഞാൻ എഴുതുന്നത് വളരെ പ്രധാനപെട്ട ഒരു കാര്യം നിന്നെ അറിയിക്കാൻ വേണ്ടിയാണ് . അത് നീ ക്ഷമയോടെ കേൾക്കണം.
റസിയയും ഐഷുവും വെറും പാവങ്ങളാണ് അവരെ നീ ഒരിക്കലും വെറുക്കരുത്. അവർ എപ്പോഴും നിന്നെ പറ്റി പറയും. നീ വീട്ടിലേക്ക് വരാത്തതിലും നിന്നെ നേരിട്ട് ഒന്ന് കാണാത്തതിലും അവർക്ക് ഒരുപാട് വിഷമം ഉണ്ട്.
അവർക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് എന്റെ ഐഷു മോൾക്ക് . അവൾ എന്നും വലിയ അഭിമാനത്തോടെ പറയും നീ അവളുടെ ഇക്കയാണെന്ന്. നിന്നെ കാണാനും നിന്റെ കൂടെ കഴിയാനും അവൾക്ക് ഒരുപാട് കൊതിയുണ്ട്.
അതുകൊണ്ട് തന്നെ അവളെ ഞാൻ നിന്റെ അടുത്തേക്ക് അയക്കുന്നു. നിനക്ക് ഈ കത്ത് കിട്ടുമ്പോഴേക്കും അവളും നിന്റെ അടുത്ത് എത്തിയിട്ടുണ്ടാകും.
അവളെ നീ വേദനിപ്പിക്കരുത്. നീ എന്ന് പറഞ്ഞാൽ അവൾക്ക് ജീവനാണ്. അവളെ നീ ഒരിക്കലും ഉപേക്ഷിക്കരുത്. അവൾ നിന്റെ അനിയത്തിയാണ്. അവളെ നീ അങ്ങനെതന്നെ കാണണം. ഇനി നീ വേണം അവളുടെ എല്ലാ കാര്യവും നോക്കാൻ. നീ ഒരിക്കലും അവളെ കരയിപ്പിക്കരുത് . നിന്നെ വിശ്വസിച്ചു അവളെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്.
അവളെ നീ ഉപേക്ഷിക്കില്ലെന്നും അവളെ
നീ പൊന്നു പോലെ നോക്കുമെന്നും അവളെ നീ ഒരിക്കലും ഇറക്കി വിടില്ലെന്നും ഈ അച്ഛന് ഉറപ്പുണ്ട്. കാരണം നീ എന്റെ മകനാണ് . ആ ഉറപ്പിലാണ് ഞാൻ അവളെ നിന്റെ അടുത്തേക്ക് അയക്കുന്നത്.
അവൾ ആദ്യമായിട്ടാണ് അവളുടെ ഉമ്മയുടെ അടുത്ത് നിന്നും മാറി താമസിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ അവളുടെ കൈയിൽ നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചു പോയാൽപോലും അതൊന്നും കാര്യമാക്കി എടുക്കാതെ എല്ലാം നീ ക്ഷമിക്കണം. അച്ഛൻ ഒന്ന് കൂടെ അടിവരയിട്ട് പറയാം, അവൾക്ക് ഇനി നീ മാത്രമേയുള്ളൂ. അവളുടെ എല്ലാ കാര്യങ്ങളും നീ വേണം നോക്കാൻ. അവളെ നീ മുൻപ് കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് ഈ കത്തിനൊപ്പം അവളുടെ ഒരു ഫോട്ടോ കൂടെ വെക്കുന്നു.’ ഒരു പക്ഷെ ഈ കത്ത് നിന്റെ കൈയിൽ കിട്ടുന്നതിന് മുൻപ് തന്നെ അവൾ നിന്റെ അരികിൽ എത്തിയേക്കും.
പിന്നെയും ഒരുപാട് എന്തൊക്കെയോ എഴുതി കൂട്ടിയിട്ടുണ്ട് . പക്ഷെ
ഇത്രയും വായിച്ചപ്പോഴേക്കും എനിക്ക് അടിമുതൽ മുടി വരെ ചൊറിഞ്ഞു വന്നു. എന്റെ തല പെരുത്തു.
‘ ആരോട് ചോദിച്ചിട്ടാ ഈ തന്തപ്പടി ഇങ്ങനെ ഒരു കാര്യം ചെയ്തത്. മുൻപ് തന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ പറ്റില്ലെന്ന് ഞാൻ പറഞ്ഞേനെ. അത് അറിയാവുന്നത് കൊണ്ടായിരിക്കും അങ്ങേര് ഈ കോപ്പിലെ ഏർപ്പാട് കാണിച്ചത്. ഇനിയിപ്പോൾ എന്ത് ചെയ്യും. ‘
അങ്ങനെ പിറുപിറുത്തുകൊണ്ട് ആ കത്ത് മുഴുവൻ വായിക്കാൻ നിൽക്കാതെ അത് മടക്കി എന്റെ പാന്റിന്റെ പോക്കറ്റിൽ വെച്ചു. പിന്നെ ആ കവറിൽ നിന്ന് അവളുടെ ഫോട്ടോ എടുത്തു നോക്കി.
ഒറ്റ നോട്ടത്തിൽ തന്നെ
നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന മുഖം ആണ് ഞാൻ കണ്ടത്. ആ ഫോട്ടോയിൽ ഒരു പാവാടയും ബ്ലൗസും ആണ് അവളുടെ വേഷം. കൂടെ തലയിൽ തട്ടം ഇട്ടിട്ടുണ്ട്. ഞാൻ ആ ഫോട്ടോയുടെ പിന്നിലേക്ക് നോക്കി അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.
