ഞാൻ അവളുടെ കുഞ്ഞിന്റെ നേർക്ക് കൈ നീട്ടി. ആദ്യമായിട്ട് കാണുന്നതു കൊണ്ട് അവളെന്നെ ആശ്ചര്യത്തോടെയൊന്നു നോക്കി.. കുറച്ചു നേരമായി ഞാൻ അവിടെയൊക്കെ നടന്നുകൊണ്ടിരുന്നതു കൊണ്ട് അവളെന്നെ കണ്ടിരുന്നുവെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അവളുടെ മുഖത്തെ നോട്ടം അതല്ല സത്യമെന്ന് ഉറപ്പാക്കി.. കുഞ്ഞിനെ എന്നെ വിശ്വസിച്ചേൽപ്പിക്കാനവൾ മടിച്ചു. എന്നിരുന്നാലും, ഒരു നിമിഷം നല്ലതു പോലെ ആലോചിച്ചിരുന്ന ശേഷം അവൾ പിന്നെ നന്ദി പറഞ്ഞു കൊണ്ട് മോനെ എന്റെ കൈകളിലേക്ക് തന്നു.
കുഞ്ഞിനെ എന്റെ കയ്യിലെടുത്തപ്പോൾ അത്ഭുതമെന്നോണം
അവന്റെ കരച്ചിൽ കുറഞ്ഞു. കുറച്ചു നേരം ഞാനവനെ തോളത്തു കിടത്തി എഴുന്നേറ്റ് നടന്നുകൊണ്ട് ഒരു പഴയ താരാട്ടു പാടികൊടുത്തപ്പോൾ കുഞ്ഞ് പതിയെ ഉറങ്ങാൻ തുടങ്ങി. ഞാനാ ഓപ്പറേഷൻ തിയേറ്ററിനു മുന്നിൽ കൂടി കുഞ്ഞിനേയും കൊണ്ട് നടന്നു കൊണ്ടിരുന്നപ്പോൾ അവളെന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.. മോന്റെ കരച്ചിൽ നിന്നതു കൊണ്ടാണെന്നു തോന്നുന്നു, അവളും പതിയെ ശാന്തയായി.. കുഞ്ഞ് നന്നായി ഉറങ്ങിയപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് തിരിച്ചു നടന്നു. അവിടെ കസേരയിൽ ചാരിയിരുന്ന അവളും അറിയാതെ ഉറങ്ങിപ്പോയിരുന്നു.. അവൾ വളരെ ക്ഷീണിതയായിരുന്നു. അപ്പോഴവളെ ഉണർത്തേണ്ടെന്ന് എനിക്കു തോന്നി.. ഉറങ്ങുന്ന കുഞ്ഞിനെയും നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ അവിടെത്തന്നെ നിന്നു..
അപ്പോഴെനിക്ക് അവളുടെ പേര് അറിയില്ലായിരുന്നു. ഞാനപ്പോൾ അതറിയാൻ ആഗ്രഹിച്ചിരുന്നുമില്ല.. എങ്കിലും അൽപ്പം കഴിഞ്ഞ് ഒരു നഴ്‌സ് വന്ന് അവളെ വിളിച്ചു..
“ദീപിക?..”
പക്ഷേ ആ നഴ്‌സിന്റെ ശബ്ദം അവളെ ഉണർത്തിയില്ല. അവർക്ക് വീണ്ടും ശബ്ദമുയർത്തേണ്ടിവന്നു.
“ദീപിക!”
കുറച്ചടുത്തു നിന്ന പലരും അതു കേട്ടു ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ അവരാരും അവളെ ഉണർത്താൻ തുനിഞ്ഞില്ല. ഞാൻ കുഞ്ഞിനെയും കൊണ്ട് അവളുടെ അടുത്തേക്ക് പോയി. അപ്പോൾ നഴ്സ് എന്നെ ശ്രദ്ധിച്ചു കൊണ്ട്..
“നിങ്ങളും കാർത്തിക് നൊപ്പം ഉള്ളതാണോ?”
കാർത്തിക് ദീപികയുടെ ഭർത്താവാകുമെന്ന് പ്രതീക്ഷിച്ച് ഞാൻ ‘അതെ’യെന്ന് തലയാട്ടി. നഴ്സ് എന്റെ കയ്യിലേക്ക് ഒരു കുറിപ്പ് നൽകിക്കൊണ്ട്..
“എത്രയും വേഗം ഈ കുറിപ്പിലുള്ള സാധനങ്ങൾ വാങ്ങിച്ചു കൊണ്ടു വരേണ്ടതുണ്ട്. ഇതിനു രണ്ടു ഫ്ലോർ താഴെയുള്ള മെഡിക്കൽ സ്റ്റോറിൽ കാണും. ഈ കുറിപ്പവിടെ കാണിച്ചാൽ മതി.”
എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ വീണ്ടും തലയാട്ടിക്കൊണ്ട് ആ പേപ്പർ വാങ്ങിച്ചു.
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ അടച്ചു കൊണ്ട് നഴ്‌സ് ഒരു നിമിഷത്തിനുള്ളിൽ അപ്രത്യക്ഷയായി. ഞാനെന്റെ കൈയിലുള്ള പേപ്പർ നോക്കി. എനിക്കതിലെ എഴുത്ത് കണ്ടപ്പോൾ ഒരു അന്യഭാഷ പോലെ തോന്നി. ഒരു മെഡിക്കൽ കുറിപ്പിൽ ഇത്തരം എഴുത്തുകൾ പുതിയതൊന്നുമല്ല. ഒരു ഡോക്ടർക്കും ഒരു ഫാർമസിസ്റ്റിനും മാത്രമേ ആ രചനകൾ വായിക്കാൻ കഴിയൂ എന്നെനിക്ക് തോന്നി.. ദൈവത്തിനെങ്കിലും അത് വായിക്കാൻ കഴിയുമോ?.. ഞാൻ അത്ഭുതപ്പെട്ടു.
ഞാൻ വീണ്ടും ദീപികയുടെ മുഖത്തേക്ക് നോക്കി. അവൾ ക്ഷീണം കാരണം ബോധംകെട്ടു പോയതു പോലെ തോന്നി. എങ്കിലും തൽക്കാലം അവൾ അവിടെ ചാരിക്കിടന്നു ഉറങ്ങുന്നതു കണ്ടപ്പോൾ എനിക്കെഴുന്നേൽപ്പിക്കാൻ തോന്നിയില്ല.
ഞാനാ കുഞ്ഞിനെയും തോളിൽ ചേർത്തുപിടിച്ചു കൊണ്ട് സ്റ്റെയർകേസിനടുത്തേക്ക് നടന്നു. പടികളിറങ്ങി രണ്ടു ഫ്ലോർ താഴെ എത്തി ആശുപത്രിക്കുള്ളിൽ തന്നെയുള്ള ആ മരുന്ന് കടയിൽ കയറി കുറിപ്പ് കാണിച്ച് മരുന്ന് ചോദിച്ചു. പക്ഷേ അവിടെയാ മരുന്ന് ഉണ്ടായിരുന്നില്ല. വേറെ വഴിയില്ലാതെ കുഞ്ഞിനേയും തോളത്തു കിടത്തിക്കൊണ്ട് ആശുപത്രിക്ക് വെളിയിലിറങ്ങി ആദ്യം കണ്ട മെഡിക്കൽ സ്റ്റോറിൽ കയറി ചോദിച്ചു. ഭാഗ്യവശാൽ അവിടെയത് ഉണ്ടായിരുന്നു.
സത്യത്തിൽ അതൊരു shoulder stabilizer pad ആയിരുന്നു. പ്രത്യേകമായി velcro എന്ന പേരതിൽ കണ്ടപ്പോൾ എനിക്കൊരു ഏകദേശ ചിത്രം ലഭിച്ചു. ദീപികയുടെ ഭർത്താവ്, കാർത്തിക്കിന് തോളെല്ലിൽ സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. എന്തെങ്കിലും ഇടിയോ മറ്റോ ഏറ്റപ്പോൾ അയാളുടെ തോളിൽ നിന്നാ ജോയിന്റ് പുറംതള്ളാൻ കാരണമായിട്ടുണ്ടാവും.
