ഇതെന്തായാലും ജീവന് ഭീഷണിയല്ല.. ഇതൊരു വലിയ രോഗവുമല്ല.. പിന്നെ എന്തിനാണ് അവൾക്കിത്രയധികം വിഷമവും കണ്ണീരും?.. ഞാനെന്റെ ചിന്തയിൽ സ്വയം ചിരിച്ചു.. എന്തായാലും എന്നെ സംബന്ധിച്ചിടത്തോളം അതപ്പോൾ വലിയ കാര്യമൊന്നുമായിരുന്നില്ല.. പ്രത്യേകിച്ച് ഞാൻ
രാവിലെ കണ്ടതൊക്കെ കാരണം. ആളുകൾ അപകടങ്ങളിൽ പെടുന്നു.. ചിലർ മരിക്കുന്നു.. ചിലർ രക്ഷപ്പെടുന്നു..
പാഡ് വാങ്ങിയപ്പോൾ എനിക്ക് നാന്നൂറ് രൂപ അവിടെ അടക്കേണ്ടി വന്നു. ഞാനാ തുക നൽകി കുഞ്ഞിനെയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് നടന്നു. ആ ഫ്ലോറിലേക്ക് നടന്നു കയറിയപ്പോൾ തന്നെ ദീപിക തിടുക്കത്തിൽ ഓടി വരുന്നതു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.. ഇനി അരുതാത്തതു വല്ലതും സംഭവിച്ചു കാണുമോ എന്ന്.. അവൾ വളരെ പരിഭ്രാന്തിയോടെ എന്റെ അടുക്കലെത്തി. ഞാൻ ഒരു വാക്കെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവൾ വെപ്രാളത്തോടെ ആ കുഞ്ഞിനെ എന്റെ തോളിൽ നിന്ന് വലിച്ച് കയ്യിലെടുത്ത് അവളുടെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് കണ്ണടച്ചു നിന്നു.. ഞാൻ ചോദിച്ചു..
“എന്താണുണ്ടായത്?..”
അവിടെയുള്ള കുറച്ചുപേർ ഞങ്ങളെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു..
“താൻ എവിടെപ്പോയതാ??”
അവൾ മുഖം ചുളിച്ചു.
“എന്താ? എന്തു പറ്റി ഇങ്ങനെ ചോദിക്കാൻ..?”
ഞാൻ വീണ്ടും ചോദിച്ചു. അവളെന്റെ മുഖത്തേക്ക് അരിശത്തോടെ നോക്കിക്കൊണ്ട് കുഞ്ഞിനേയും ചേർത്തു മാറോടണച്ചു കൊണ്ട് നിന്നു.. എനിക്ക് ചെറുതായി ദേഷ്യം തോന്നിത്തുടങ്ങി.. ഞാനല്പം ശബ്ദമുയർത്തി..
“നിങ്ങൾ അവിടെ ഇരുന്ന് ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു.. ആ നഴ്‌സ് വന്നിട്ട് എന്നോടിത് പെട്ടെന്ന് വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു.. അതിനാ ഞാൻ പോയത്..”
ഞാൻ സംസാരിക്കുമ്പോൾ ആ പാക്കറ്റ് കാണിച്ചു..
“ഹ്.. ഓ..”
ഞാനവളെ അമ്പരപ്പിച്ചുവെന്നു തോന്നുന്നു.. അവളറിയാതെ ചൂളിക്കൊണ്ട് അവളുടെ മേൽചുണ്ട് കടിച്ചുപോയി..
“എന്ത് ഓ..? നിങ്ങൾക്കിത് ആവശ്യമുണ്ടോ? ആവശ്യമില്ലെങ്കിൽ ഞാൻ പോയി ഇതിനു കൊടുത്ത പണം തിരികെ ലഭിക്കുമോ എന്നറിഞ്ഞിട്ട് വരാം..”
ഞാൻ സംസാരിക്കുമ്പോളാ പാക്കറ്റ് കുലുക്കുകയായിരുന്നു..
“ഇല്ല.. എനിക്ക് വേണം.. ക്ഷമിക്കണം സാർ.. ഞാനൊന്നും ഓർക്കാതെ
പെട്ടെന്ന് ദേഷ്യപ്പെട്ടു പോയതാണ്..”
സംസാരിക്കുമ്പോൾ അവളെന്റെ കണ്ണുകളിലേക്ക് നോക്കി..
“ഞാൻ ഉറക്കമുണർന്നപ്പോൾ എനിക്ക് നിങ്ങളെ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല.. എന്റെ മോനെയും.. ഞാൻ വിചാരിച്ചു…”
അവൾ നിർത്തി. എനിക്കത്രയും മതിയായിരുന്നു.. തൃപ്തിയായി..
“..വിചാരിച്ചു, ഞാൻ നിങ്ങളുടെ കുട്ടിയെയും എടുത്തു കൊണ്ട് മുങ്ങിയെന്ന്, അല്ലേ..?”
ഞാനെന്റെ കോപം മറച്ചുവെച്ചില്ല.
“എന്നോടു ക്ഷമിക്കണം സാർ.. ഞാനങ്ങനെ.. അങ്ങനെ ചിന്തിച്ചു പോയി..”
അവൾ നിസ്സഹായയായി പറഞ്ഞു കൊണ്ട് എന്നെ നോക്കി.. എന്നാൽ അവളുടെ സാന്നിധ്യം പൂർണ്ണമായും നിരാകരിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക് നടക്കാൻ തുടങ്ങി. ഓപ്പറേഷൻ തിയേറ്ററിനു മുന്നിലെത്തുന്നതുവരെ അവളും തല താഴ്ത്തിക്കൊണ്ട് എന്റെ പുറകിലായി നടന്നു..
നഴ്സ് ഉടൻ വെളിയിൽ വന്നു. ഞാൻ അവരുടെ കയ്യിൽ ആ പാക്കറ്റ് കൊടുത്തു. അവരതും കൊണ്ട് വീണ്ടും അകത്തേക്ക് പോയി. അരമണിക്കൂറിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു. അദ്ദേഹം ഒരു ജൂനിയർ ഡോക്ടറാണെന്നെനിക്കു തോന്നി. ദീപിക എന്റെ അരികിൽ തല താഴ്ത്തി നിൽക്കുമ്പോൾ അദ്ദേഹം വന്ന് എന്നോടു നേരിട്ട് സംസാരിച്ചു..
“കാർത്തിക് ന്റെ സന്ധികൾ പിന്നോട്ട് നിവർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അതല്പം കഠിനമാണ്.. എന്നാലും പ്രതീക്ഷ കൈ വിടേണ്ട.. അത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ നമുക്കത് തിരികെ വയ്ക്കാം. തുടർന്ന് ഞങ്ങളവിടെ ആ സ്റ്റെബിലൈസർ ഉപയോഗിക്കും. അല്ലാത്തപക്ഷം അയാൾക്കൊരു ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.. പക്ഷെ ഇനി കൈകളും തോളും മുമ്പത്തെപ്പോലെ അനായാസമായി ചലിപ്പിക്കാനൊക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.. ഞങ്ങൾ മാക്സിമം ശ്രെമിക്കാം..”
