ജോ:”വരാൻ പറ”.
കുറച്ച് കഴിഞ്ഞ് കണ്ടാൽ തന്നെ നല്ല ഗുണ്ടാ ലുക്ക് ഉള്ള രണ്ട് പേര് ഉള്ളിലേക്ക്
കയറി വന്നു.
അയാള് ജോവിനെ ഒന്ന് കളിയാക്കുന്ന പോലെ ഒന്ന് സല്യൂട്ട് ചെയ്തിട്ട് പറഞ്ഞു “സാർ, എൻ്റെ പേര് സലീം, ഇത് എൻ്റെ കൂട്ടുകാരൻ രഘു. ഞങ്ങള് ഒരു അപേക്ഷയും ആയി വന്നതാ”.
ജോ അവരോട് ഇരിക്കാൻ പറഞ്ഞു.
ജോ:”എന്താ കാര്യം?”
സലീം:”എൻ്റെ ഒരു മൂന്ന് കൂട്ടുകാരെ എന്തോ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സാറ് പിടിച്ച് കൊണ്ടുവന്ന് ഇവിടെ ലോക്കപ്പിൽ ഇട്ടിട്ടുണ്ട്. അവരെ കൊണ്ടുപോവാൻ വന്നതാ”.
ജോ:”പിന്നെന്താ, അവരെ നാളെ ഉച്ച കഴിയുമ്പോൾ തന്നെ കോടതിയിൽ ഹാജരാക്കും. അവിടുന്ന് വിളിച്ചോണ്ട് പൊയ്ക്കോ, ജഡ്ജി സമ്മതിച്ചാൽ”.
സലീം:”അത്രയും ഒക്കെ പോകണ്ട കാര്യമുണ്ടോ? ഇത് ഒരു ചെറിയ തെറ്റിദ്ധാരണ അല്ലേ? അങ്ങ് വിട്ട് കള സാറേ”.
ജോ പുഞ്ചിരിച്ച് കൊണ്ട് “അങ്ങനെ വിട്ട് കളയാൻ, ഇത് അരി മോഷ്ടിച്ച കേസ് അല്ല. ഒരു പെണ്ണിനെ കൊന്ന് കഷ്ണങ്ങളാക്കി കൊണ്ടുപോയതാണ് കേസ്. പിന്നെ കൂടാതെ ചന്ദന തടിയുടെ കള്ള കടത്തും.”
സലീം:”ഓ, ഐഡി കാർഡ് പോലുമില്ലാത്ത ഏതോ ഒരു പെണ്ണ് എവിടെയോ കിടന്ന് ചത്തിട്ട്, ആരോ കൊണ്ടുവന്ന് ഈ പാവങ്ങളുടെ വണ്ടിയിൽ ഒളിപ്പിച്ചതല്ലേ.. അങ്ങ് വിട്ട് കള സാറേ”.
ജോ:”നിന്നോടൊക്കെ ഞാൻ മര്യാദയുടെ ഭാഷയിൽ കാര്യങ്ങള് പറഞ്ഞ് തന്നു. ഇനി നിങ്ങള് എന്താണെന്ന് വെച്ചാൽ അങ്ങ് ചെയ്യ്”.
സലീം:”സാറിനോടും ഞങ്ങള് ഇത് വരെ മര്യാദയ്ക്ക് തന്നെയാ സംസാരിച്ചത്. അത് വെറുതേ സാറിനും, സാറിൻ്റെ സുന്ദരിയായ ഭാര്യക്കും ഒരു ബുദ്ധിമുട്ട് ആകേണ്ടല്ലോ എന്ന് വിചാരിച്ചാണ്.”
ജോ എഴുതി കൊണ്ടിരുന്ന പേന മേശയിൽ വെച്ചിട്ട് അവരെ രൂക്ഷമായി നോക്കി.
സലീം ചിരിച്ചു “സാറിനോട് പറഞ്ഞിട്ട്
കാര്യമില്ലെന്ന് മനസ്സിലായി. എന്നാൽ നമുക്ക് സാറിൻ്റെ ഭാര്യയോട് ഒന്ന് അപേക്ഷിച്ച് നോക്കിയാലോ?”
രഘുവും ചിരിച്ചു.
സലീം ഫോൺ എടുത്ത് ആരെയോ വീഡിയോ കോൾ ചെയ്തു.
സലീം:”ടാ, സാറിൻ്റെ പെണ്ണ് നിങ്ങളുടെ അടുത്തുണ്ടോ രാജീവേ?”
രാജീവ് ബാക്ക് ക്യാമറ ഓൺ ആക്കിയിട്ട് ഒരു കടയിൽ നിന്ന് പച്ചക്കറി മേടിച്ച് കൊണ്ടിരിക്കുന്ന ഹന്നയെ കാണിച്ചു.
സലീം ഹന്നയുടെ വീഡിയോ ജോവിനെ കാണിച്ച് കൊണ്ട് പറഞ്ഞു “ടാ ഈ സാറിനോട് പറഞ്ഞിട്ട് ഒട്ടും കേൾക്കുന്നില്ല. നിങ്ങള് രണ്ട് പേരും കൂടെ ഒന്ന് ആ പെണ്ണിനോട് വിശദമായി ഒന്ന് അപേക്ഷിച്ച് നോക്ക്. ഭാര്യ പറഞ്ഞാൽ എന്തായാലും സാറ് കേൾക്കും, അല്ലെ സാറേ?”
ജോ ചിരിച്ച് കൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്ന് കൊണ്ട് പറഞ്ഞു “പിന്നെന്താ, എൻ്റെ ഭാര്യ പറഞ്ഞാൽ ഉറപ്പായും ഞാൻ അനുസരിക്കും. നിങ്ങള് ഒന്ന് അപേക്ഷിച്ച് നോക്ക്”.
പെട്ടെന്ന് സലീമിൻ്റെ മൊബൈലിൽ നിന്ന് ഒരു അലർച്ച കേട്ട് സലീം മൊബൈലിലേക്ക് നോക്കി. മൊബൈലിൽ വീഡിയോ മുഴുവനും കിടന്ന് കുലുങ്ങുന്നതാണ് സലീം കാണുന്നത്.
സലീം:”ടാ രാജീവെ, എന്താ അവിടെ സംഭവിക്കുന്നത്?”
രാജീവിൻ്റെ ഭയന്നുള്ള നിലവിളിയോടെ അവൻ അലറി “അണ്ണാ, ഇവൾക്ക് ഭ്രാന്താണ് അണ്ണാ. കരീമിനെ അവള് കൊന്നെന്നാ തോന്നുന്നത്. അവള് എന്നെയും കൊല്ലും അണ്ണാ.. രക്ഷിക്ക് അണ്ണാ… അയ്യോ അവള് ദേ തൊട്ട് പുറകിൽ എത്തി അണ്ണാ…”
രാജീവ് ഫോൺ തിരിച്ചപ്പോൾ സ്ക്രീനിൽ അവൻ്റെ പുറകെ ഓടി വരുന്ന ഹന്നയുടെ രൂപം തെളിഞ്ഞു.
ജോ ചിരിച്ച് കൊണ്ട് ഫോൺ എടുത്ത് ലിങ്കപ്പണ്ണയെ വിളിച്ചു.
ജോ ഫോണിൽ “ലിങ്കപ്പണ്ണ, നമ്മുടെ രണ്ട് പോലീസുകാര് മാർക്കറ്റിൻ്റെ
അടുത്ത് ഉണ്ടെന്നല്ലേ പറഞ്ഞത്? അവരോട് വേഗം ഒന്ന് മാർക്കറ്റിലേക്ക് ചെല്ലാൻ പറ. അവിടെ എൻ്റെ ഭാര്യ, അപേക്ഷയുമായി ചെന്ന രണ്ടവൻമാരെ അടിച്ച് ബോധം കെടുത്തി ഇട്ടിട്ടുണ്ടാകും. അവരോട് ആ രണ്ടെണ്ണത്തിനെയും തൂക്കി എടുത്ത് കൊണ്ട് ഇങ്ങ് വരാൻ പറ. പിന്നെ രണ്ട് പോലീസുകാരെയും കൂട്ടി ഇങ്ങോട്ടും ഒന്ന് വാ, ഇവിടെ രണ്ട് അണ്ണന്മാർക്ക് നമ്മുടെ ലോക്കപ്പ് ഒക്കെ ഒന്ന് കാണണമെന്ന്”.
ജോ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞ് സലീമിനെ നോക്കി ചിരിച്ച് കൊണ്ട് “അപ്പോ എങ്ങനെയാ? ലോക്കപ്പിലേക്ക് കയറുകയല്ലേ? തട്ടി കൊണ്ട് പോകാനുള്ള ശ്രമം, പൊലീസിൻ്റെ ഔദ്യോഗിക ജോലിയെ തടസ്സപ്പെടുത്തുക, ഭീഷണിപ്പെടുത്തുക അങ്ങനെ കുറ്റങ്ങൾ ഒരുപാടുണ്ട്. അപ്പൊ എഴുന്നേറ്റ് എൻ്റെ കൂടെ നല്ല കുട്ടികളായി വന്ന് ലോക്കപ്പിൽ കയറ്”.
