പൊലീസുകാരൻ “സാർ ഇതെല്ലാം മത്തങ്ങകൾ ആണ്. വേറൊന്നുമല്ല”.
ജോ പുച്ഛത്തോടെ ചോദിച്ചു “ഉറപ്പാണോ സാറേ? എങ്കിൽ ഒരെണ്ണം ഇങ്ങോട്ട് ഇട്ടേ”.
മത്തങ്ങ കയ്യിൽ പിടിച്ച് നോക്കി കൊണ്ട് ജോ പുഞ്ചിരിയോടെ പറഞ്ഞു “ഈ മത്തങ്ങാക്ക് ഒരു പ്രത്യേകത ഉണ്ട്. മുറിച്ച് കഴിഞ്ഞാലും ഒന്ന് രണ്ട് ദിവസം ഒക്കെ അത് ഫ്രഷ് ആയി ഇരുന്നോളും. അത് കൊണ്ട് മുറിച്ച് അതിൻ്റെ ഉള്ളിൽ എന്തെങ്കിലും നിറച്ച് വെച്ചിട്ട് തിരിച്ച് എടുത്ത് ഒട്ടിച്ച് വെച്ചാലും ആർക്കും സംശയമൊന്നും ഉണ്ടാവില്ല” അതും പറഞ്ഞ് ജോ ആ മത്തങ്ങ മുറുക്കെ നിലത്തേക്ക് എറിഞ്ഞു. അത് പൊട്ടി വീണ കഷ്ണങ്ങളുടെ കൂടെ രണ്ട് മൂന്ന് ഫസ്റ്റ് ക്ലാസ് ചന്ദന മുട്ടികളും പുറത്തേക്ക് തെറിച്ചു. ജോ കുനിഞ്ഞ് അതിൽ ഒരെണ്ണം എടുത്ത് കൊണ്ട് പറഞ്ഞു “എല്ലാം
തുറന്ന് നോക്കി പരിശോധിക്ക്. ഫുൾ കണക്ക് എനിക്ക് അര മണിക്കൂറിൽ കിട്ടണം. ജോ ഫോണിൽ ഇതിൻ്റെ എല്ലാം വീഡിയോ എടുത്ത് കൊണ്ടിരുന്നു തെളിവിനായി.
കുറച്ച് കഴിഞ്ഞ് പെട്ടെന്ന് “അയ്യോ സാറേ” എന്നൊരു പോലീസുകാരൻ്റെ നിലവിളി കേട്ടാണ് ജോ പിക്കപ്പിൻ്റെ മുകളിലേക്ക് കയറുന്നത്.ഏറ്റവും താഴത്തെ നിരയിൽ നടുക്കായിട്ട് ഒരു ബോക്സിൻ്റെ ഉള്ള ഒരു പെൺകുട്ടിയുടെ തല ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി വെച്ചിരുന്നു. ജോ തളർച്ചയോടെ പറഞ്ഞു “രാധ….”..
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
രാത്രി ആയപ്പോൾ ആണ് തളർന്ന് അവശനായ ജോ വീട്ടിൽ എത്തുന്നത്. അതിരാവിലെ ഇട്ട് കൊണ്ട് പോയ അതേ ഉടുപ്പാണ് അവൻ ഇട്ടിരിക്കുന്നത്. ഹന്ന അവനെ ചേർത്ത് പിടിച്ച് അവനെ ഉള്ളിലേക്ക് കൊണ്ടുപോയി. അവൻ തിരക്കിലായിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൾ അവനെ വിളിച്ചിട്ടേ ഇല്ല ഇന്ന്. ജോയുടെ അവസ്ഥ കണ്ട് ഹന്നയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ അവനെയും കൊണ്ട് നേരെ പോയത് ബാത്റൂമിലേക്ക് ആണ്. അവൻ്റെ ഷർട്ടിലും ദേഹത്തും എല്ലാം ചോര ഉണ്ടായിരുന്നു. ഹന്ന തന്നെ ജോവിനെ കുളിപ്പിച്ച് തോർത്തി കൊടുത്ത് കൊണ്ടിരുന്നപ്പോൾ ജോ അവളെ കെട്ടി പിടിച്ച് ഉറക്കെ കരയാൻ തുടങ്ങി. ഹന്ന അവനെ ചേർത്ത് പിടിച്ച് തൻ്റെ ശക്തിയും സ്നേഹവും എല്ലാം അവന് പകുത്ത് നൽകി കൊണ്ടിരുന്നു. അവൾ അവനെയും കൊണ്ട് വന്ന് കട്ടിലിൽ ഇരുത്തി വേറെ ഉടുപ്പ് ഇടുവിച്ചു. എന്നിട്ട് ഹന്ന പോയി കുറച്ച് ഭക്ഷണം എടുത്ത് കൊണ്ട് വന്ന് അവന് വാരി കൊടുക്കാൻ നോക്കി. പക്ഷേ അവൻ മുഖം തിരിച്ച് കിടക്കാൻ നോക്കി. ഹന്ന അവനെ തടഞ്ഞ് കൊണ്ട് പറഞ്ഞു “നിനക്ക്
ഇന്ന് എന്താ പറ്റിയതെന്നോ, എന്ത് കൊണ്ടാണ് നിൻ്റെ ദേഹത്ത് ചോര ഉണ്ടായിരുന്നതെന്നോ, ഞാൻ ചോദിക്കുന്നില്ല. ഇച്ചായൻ ഒക്കെ ആകുമ്പോൾ, ഇച്ചക്ക് പറയണമെന്നുണ്ടെങ്കിൽ പറഞാൽ മതി. പക്ഷേ, ഇച്ചായനെ ഈ വിധം വിഷമിപ്പിച്ച ഒരു മനുഷ്യൻ ഈ ലോകത്തിൽ എവിടെയോ ഉണ്ട്. അവനെ നമുക്ക് നേരിടണമെങ്കിൽ നമുക്ക് ശക്തി ഉണ്ടായാലേ പറ്റു. അത് കൊണ്ട് ഇത് കഴിക്ക്. എന്നിട്ട് എങ്ങനെ അവനെ കൊണ്ട് എണ്ണി എണ്ണി ഇതിനെല്ലാം ഉത്തരം പറയിപ്പിക്കും എന്നാലോചിക്ക്. ഞാൻ ഉണ്ട് എന്തിനും ഇച്ചയുടെ കൂടെ എന്നും, എപ്പോഴും”.
ജോ മെല്ലെ വാ തുറന്ന് അവൾ വാരി കൊടുക്കുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി. അന്ന് രാത്രി അവളുടെ കൈകൾക്ക് ഉള്ളിൽ കിടന്ന് ഒരു കൊച്ചു കുട്ടിയെ പോലെ ജോ കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ ഹന്ന കണ്ണ് തുറന്നപ്പോഴേക്കും ജോ കട്ടിലിൽ നിന്ന് പോയിരുന്നു. അവൾ എഴുന്നേറ്റ് നോക്കിയപ്പോൾ തൻ്റെ ദേഷ്യം മുഴുവൻ എക്സർസൈസ് ചെയ്ത് തീർക്കാൻ ശ്രമിക്കുന്ന ജോവിനെ ആണ് അവൾ കണ്ടത്. അവൾ ഒന്നും മിണ്ടാതെ പോയി മുഖമെല്ലാം കഴുകി വ്യാമത്തിന് ഉള്ള ഡ്രെസ്സും ഇട്ട് ജോവിൻ്റെ അടുത്തേക്ക് ചെന്നു. അവനെ ഒന്ന് പുഞ്ചിരിച്ച് കാണിച്ചിട്ട് അവൻ ആ വെയിറ്റ് താഴെ വെക്കാൻ കാത്ത് നിന്നു. അവൻ അത് വെച്ചതും അവൾ അവനെ മുറുക്കെ പുണർന്ന് അവൻ്റെ ചുണ്ടിൽ ചുംബിച്ചു. അവനും തിരിച്ച് അവളെ ചേർത്ത് പിടിച്ചു.
