ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

അവിടെ കുറെ

കുടിലുകളിൽ ആയി കുറേ ജന്മങ്ങൾ കഴിഞ്ഞിരുന്നു. പല കുടിലുകളിലും ആളുകൾ എഴുന്നേറ്റിട്ടില്ലായിരുന്നു. അവിടെ കണ്ട ഒരാളുടെ അടുത്ത് ചെന്ന് ജോ ചോദിച്ചു “ഇന്നലെ ഇവിടെ നിന്ന് കുറച്ച് ആളുകൾ പൊലീസ് സ്റ്റേഷനിൽ വന്നിരുന്നു. നിങ്ങളിൽ ആരെങ്കിലും ആയിരുന്നോ അത്?”

ചോദ്യം കേട്ട് അയാളും അവിടെ ഉണ്ടായിരുന്ന ബാക്കി ഉള്ളവരും പേടിച്ച് കുടിലുകളിൽ കയറി ഒളിച്ചു. ജോ കാര്യം മനസ്സിലാവാതെ ചുറ്റും നോക്കി.

ജോ അവസാനം, വരെ നിവൃത്തി ഇല്ലാതെ കന്നഡയിൽ ഉറക്കെ വിളിച്ച് പറഞ്ഞു “ഞാൻ ഇവിടുത്തെ ASP ആണ്. നിങ്ങളെ സഹായിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്. നിങ്ങൾ എന്നെ സഹായിച്ച് കഴിഞ്ഞാൽ, എനിക്ക് നിങ്ങളെയും സഹായിക്കാൻ കഴിയും. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ആരെയെങ്കിലും ഇന്നലെ രാത്രി മുതൽ കാണാതെ പോയിട്ടുണ്ടോ?”

പെട്ടെന്നാണ് ഒരു കല്ല് ജോവിൻ്റെ മുഖത്തിൻ്റെ നേരെ വന്നത്, ഒഴിഞ്ഞ് മാറിയത് കൊണ്ട് മാത്രം ജോ രക്ഷപെട്ടു. കൂടെ ഉണ്ടായിരുന്ന പൊലീസുകാരൻ ഭയത്തോടെ വന്ന് പറഞ്ഞു “സർ, നമുക്ക് ഇപ്പൊൾ പോകാം. കുറച്ച് കഴിഞ്ഞ് കൂടുതൽ പൊലീസുകാരുമായി വന്ന് ഇവന്മാരെയെല്ലാം അടിച്ച് പഴുപ്പിച്ചിട്ട് നമുക്ക് ചോദിക്കാം. ഇവിടെ നിന്നാൽ ശരിയാവില്ല”.

എന്നാൽ ജോ അങ്ങനെ തോറ്റ് പിന്മാറാൻ തയ്യാറല്ലായിരുന്നു.

ജോ അവരെ ദേഷ്യത്തോടെ നോക്കി കൊണ്ട് “അടിച്ച് പഴുപ്പിക്കാൻ ഇവർ എന്ത് തെറ്റാണ് ചെയ്തത്? നിൻ്റെ ഒക്കെ അഭിപ്രായം ആവശ്യമുള്ളപ്പോൾ ഞാൻ ചോദിച്ചോളാം. ഇപ്പൊൾ അങ്ങോട്ട് മാറി നിൽക്ക്”

ജോ വീണ്ടും ഉറക്കെ അലറി “എന്നെ കല്ലെറിഞ്ഞോളൂ, ഇന്നലെ നിങ്ങൾ പരാതി പറയാൻ വന്നപ്പോൾ കേൾക്കാതിരുന്നത് എൻ്റെ തെറ്റ്. അതിനുള്ള ശിക്ഷ നിങ്ങൾ എനിക്ക്

തന്നോളൂ. പക്ഷേ ഇപ്പൊൾ നിങ്ങൾ എന്നെ ഒന്ന് വിശ്വസിക്കണം.നിങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരാൾക്ക് നീതി നേടി കൊടുക്കാൻ ആണ് ഞാൻ വന്നത്. അതിന് നിങ്ങള് എന്നെ സഹായിക്കണം”.

കുറച്ച് കഴിഞ്ഞ് നല്ല പ്രായമായ ഒരു സ്ത്രീ വെളിയിലേക്ക് ഇറങ്ങി വന്നു. അവര് ഒന്ന് ചുറ്റും നോക്കിയിട്ട് ജോവിനോട് മാത്രം ഉള്ളിലേക്ക് വരാൻ പറഞ്ഞു. ജോ കൂടെ ഉണ്ടായിരുന്ന പൊലീസുകാരോട് ജീപ്പിൻ്റെ അടുത്ത് പോയി നിൽക്കാൻ പറഞ്ഞിട്ട് ആ സ്ത്രീയുടെ കുടിലിലേക്ക് കയറി.

ഉള്ളിൽ കയറിയപ്പോൾ തന്നെ ജോ ആദ്യം കാണുന്നത് ഭിത്തിയിൽ ചിരിച്ച മുഖവും ആയി ഒരു ട്രോഫിയും കയ്യിൽ പിടിച്ച് നിൽക്കുന്ന ആ പയ്യൻ്റെ ഫോട്ടോ ആണ്.

ജോ:”ഇത്.. ഈ ഫോട്ടോയിൽ കാണുന്നത്?”

സ്ത്രീ:”എൻ്റെ കൊച്ചുമോൻ ആണ്”.

കുറച്ച് സമയം എന്ത് പറയണം എന്നറിയാതെ ജോ അവിടെ നിന്നു..

കുറച്ച് കഴിഞ്ഞ് ആ സ്ത്രീ കണ്ണീരോടെ ചോദിച്ചു “ഒരുപാട് ഉപദ്രവിച്ചിട്ടാണോ അവനെ അവർ കൊന്ന് കളഞ്ഞത്?”

ജോ ഒന്നും മിണ്ടാൻ ആകാതെ അവിടെ നിന്നു..

കുറച്ച് കഴിഞ്ഞ് ജോ ചോദിച്ചു “ആരാ, എന്തിനാ അവനോട് അങ്ങനെ ചെയ്തത് എന്ന് അറിയുമോ?”

ആ സ്ത്രീ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ “എന്തിനാണെന്ന് വെച്ചാൽ, അവന് നട്ടെല്ല് ഉള്ളത് കൊണ്ട്. ആരാണെന്ന് സാറിനും അറിയാമല്ലോ. പിന്നെ എന്തിനാ ഇങ്ങനെ ഒരു പ്രഹസനം?”

ജോ നിലത്ത് മുട്ട് കുത്തി ഇരുന്ന് അവരുടെ കൈകൾ ചേർത്ത് പിടിച്ച് ആ കൈകളിൽ ഒരു മുത്തം കൊടുത്തു.

ജോ:”ഇന്നലെ നിങ്ങളിൽ ചിലർ പൊലീസ് സ്റ്റേഷനിൽ വന്നിരുന്നു. ഞാൻ അത് കണ്ടതാണ്. പക്ഷേ എൻ്റെ കൂടെ

ഉള്ള പൊലീസുകാർ പറഞ്ഞത് എന്തോ നിസ്സാര കാര്യമാണെന്നാണ്. സത്യമായിട്ടും എനിക്ക് അറിയില്ല എന്താണ് സംഭവിച്ചതെന്നോ, ആരാണ് ഇതിൻ്റെ പിന്നിലെന്നോ”.

ആ സ്ത്രീ അവൻ്റെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു. ആ കണ്ണുകളിൽ കണ്ട സത്യസന്ധതയെ വിശ്വസിച്ച് അവർ സംസാരിക്കാൻ തുടങ്ങി.

“വളരെ ബുദ്ധിമുട്ടി ആണെങ്കിലും, സന്തോഷത്തോടെ ആണ് ഞങ്ങൾ ഇവിടെ ജീവിച്ച് വന്നത്. കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായിട്ട് ഇവിടുത്തെ മാർക്കറ്റിൻ്റെ മറവിൽ മറ്റെന്തെല്ലാമോ പരിപാടികൾ നടക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു. എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായത് കഴിഞ്ഞ വർഷമാണ്. എവിടെ നിന്നോ കൊണ്ടുവരുന്ന ചന്ദനമരം ഇവിടുത്തെ പച്ചക്കറി മൊത്ത വ്യാപാരത്തിൻ്റെ മറവിൽ അവർ കച്ചവടം ചെയ്യുന്നുണ്ട്. ഇവിടുന്ന് കേരളത്തിലേക്കും, തമിഴ്‌നാട്ടിലേക്കും, ബാംഗ്ലൂരിലേക്കും എല്ലാം എത്തിക്കാൻ അവർക്ക് വളരെ എളുപ്പം ആണല്ലോ.”

Leave a Reply

Your email address will not be published. Required fields are marked *